
ഛത്തീസ്ഗഡിലെ സുക്മ-ബിജാപൂരിൽ നക്സൽ ആക്രമണം. 8 സിആർപിഎഫ് ജവാന്മാരും 14 പൊലീസുകാരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. 31 ജവാന്മാർക്ക് പരുക്കേൽക്കുകയും, ഒരു സിആർപിഎഫ് ജവാനെ കാണാതായിട്ടും ഉണ്ട് . ആക്രമണത്തിൽ 15 മാവോയിസ്റ്റുകളും മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് ഡസനോളം ആയുധങ്ങൾ നക്സലുകൾ തട്ടിയെടുത്തെന്നാണ് സിആർപിഎഫ് ആരോപിക്കുന്നത്. മെഷീൻ ഗൺ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവയാണ് സേനക്കെതിരെ നക്സലുകൾ ഉപയോഗിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2000ത്തോളം ജവാന്മാരാണ് ബീജാപൂർ വനമേഖലയിൽ തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്. പരുക്കേറ്റ ഏഴോളം ജവാന്മാരെ റായ്പൂർ ആശുപത്രിയിലും മറ്റുള്ളവരെ ബിജാപൂർ ഡിസ്ട്രിക്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട ജവാൻമാരിൽ പലരും കോബ്ര (കമാൻഡോ ബറ്റാലിയൻസ് ഫോർ റിസല്യൂട്ട് ആക്ഷൻ) യൂണിറ്റിൽ നിന്നുള്ളവരാണ്. മറ്റുള്ളവർ കേന്ദ്ര റിസർവ് പൊലീസ് സേനയുടെ (സിആർപിഎഫ്) ബസ്താരിയ ബറ്റാലിയന്റെയും ജില്ലാ റിസർവ് ഗാർഡിന്റെയും (ഡിആർജി) ഭാഗമാണ്.