‘വര്‍ഗീയ ശക്തികളുമായുള്ള കോണ്‍ഗ്രസ് ബന്ധത്തിന് ലക്ഷ്മണരേഖ വേണം’; മുസ്ലീം ലീഗിനെതിരെ ചെന്നിത്തല നടത്തിയ പ്രസംഗം ആര്‍ക്കൈവില്‍ നിന്ന് പുറത്ത്
യുഡിഎഫില്‍ മുസ്ലീം ലീഗ് അപ്രമാദിത്തമാണെന്ന പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുമ്പ് നടത്തിയ പ്രസംഗം പുറത്ത്. കെപിസിസി അദ്ധ്യക്ഷനായിരിക്കെ രമേശ് ചെന്നിത്തല മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന പ്രസംഗത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ആര്‍ക്കൈവില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. രാജ്യസഭാംഗവും മുന്‍ കെപിസിസി അദ്ധ്യക്ഷനുമായിരുന്ന സി കെ ഗോവിന്ദന് നായര്‍ മുസ്ലീം ലീഗിനേക്കുറിച്ച് നടത്തിയ പ്രസ്താവനകള്‍ ശരിയാണെന്ന് ചെന്നിത്തല പ്രസംഗത്തില്‍ ആവര്‍ത്തിക്കുന്നു. വര്‍ഗീയ ശക്തികളുമായും സാമുദായിക സംഘടനകളുമായും […]

യുഡിഎഫില്‍ മുസ്ലീം ലീഗ് അപ്രമാദിത്തമാണെന്ന പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുമ്പ് നടത്തിയ പ്രസംഗം പുറത്ത്. കെപിസിസി അദ്ധ്യക്ഷനായിരിക്കെ രമേശ് ചെന്നിത്തല മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന പ്രസംഗത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ആര്‍ക്കൈവില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. രാജ്യസഭാംഗവും മുന്‍ കെപിസിസി അദ്ധ്യക്ഷനുമായിരുന്ന സി കെ ഗോവിന്ദന് നായര്‍ മുസ്ലീം ലീഗിനേക്കുറിച്ച് നടത്തിയ പ്രസ്താവനകള്‍ ശരിയാണെന്ന് ചെന്നിത്തല പ്രസംഗത്തില്‍ ആവര്‍ത്തിക്കുന്നു.
വര്‍ഗീയ ശക്തികളുമായും സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസ് പുലര്‍ത്തുന്ന ബന്ധം, ആ ബന്ധത്തിന് ഒരു ലക്ഷ്മണ രേഖ വേണം എന്നുള്ള സി കെ ഗോവിന്ദന് നായരുടെ പ്രസ്താവനയെ ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു.
രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല അന്ന് പറഞ്ഞത്
“മുസ്ലീം ലീഗുമായി കൂട്ടുകൂടുന്നതിനെതിരെ ഏറ്റവും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. അന്ന് മലബാറില്‍ രണ്ടോ മൂന്ന് സീറ്റ് മുസ്ലീം ലീഗിന് കൊടുക്കുന്നത്, ഭാവിയില്‍ മുസ്ലീം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതിന് വഴി തെളിക്കും എന്ന് പറഞ്ഞുകൊണ്ട് അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സി കെ ഗോവിന്ദന് നായരെ നമുക്ക് കാണാന്‍ സാധിക്കും. സി കെ ഗോവിന്ദന് നായര്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണെന്ന് പില്ക്കാലത്തെ കേരള രാഷ്ട്രീയം തെളിയിച്ചിട്ടുണ്ട്. വര്‍ഗീയ ശക്തികളുമായും സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസ് പുലര്‍ത്തുന്ന ബന്ധം, ആ ബന്ധത്തിന് ഒരു ലക്ഷ്മണ രേഖ വേണം എന്നുള്ള സി കെ ഗോവിന്ദന് നായരുടെ പ്രസ്താവനയെ ഒരു കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ ഞാനീ കോഴിക്കോട് വെച്ച് പൂര്‍ണമായും അംഗീകരിക്കുന്നു എന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്.”
രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞത്
“പച്ച വര്‍ഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശ്വാസികളെ അപമാനിച്ച വിജയന് ഇപ്പോള്‍ മുസ്ലിം ലീഗിനെയും കോണ്‍ഗ്രസിനെയും പഴിക്കുന്നത് എന്തു ലക്ഷ്യം മുന്നില്‍ കണ്ടാണെന്ന് മനസിലാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയും.
ബിജെപിയാണ് മുഖ്യ പ്രതിപക്ഷം എന്ന് പിണറായി വരുത്തിത്തീര്‍ക്കുന്നത് നിക്ഷിപ്ത താല്പര്യം മുന്നില്‍ നിര്‍ത്തിയാണ്. യുഡിഎഫിനെ അപ്രസക്തമാക്കി ബി.ജെ.പിയെ വളര്‍ത്താനുള്ള ഒരുതന്ത്രമാണ് സി.പി.എം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അത് ഇപ്പോള്‍ തുടങ്ങിയതല്ല, ശബരിമല പ്രശ്നം ഉണ്ടായപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. ബിജെപിയെ വളര്‍ത്താനും, ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമാക്കി മാറ്റാനും കേരളത്തിലെ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതൊന്നും കേരളത്തില്‍ വിജയിക്കുകയില്ല.
ബിജെപിയുടെ രാഷ്ട്രീയം തിരിച്ചറിയാനുള്ള മനസ്സ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്.കേരളത്തിലെ ജനങ്ങളുടെമനസ് മതേതര മനസാണ്.ആ മനസിനെ വിഷലിപ്തം ആക്കാനുള്ള പ്രചരണങ്ങളാണ് സി.പി.എം അഴിച്ചുവിടുന്നത്.വിവിധ മതങ്ങള്‍ തമ്മില്‍, വിവിധ സമുദായങ്ങള്‍ തമ്മില്‍, വിവിധ ജാതികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാക്കി അതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. ഈ തെരഞ്ഞെടുപ്പ് സമയത്തും തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനും വര്‍ഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനും ബോധപൂര്‍വമായ നീക്കമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചാലും പ്രസ്താവനകള്‍ പരിശോധിച്ചാലും ഇടതുമുന്നണിയുടെ കണ്‍വീനറുടെ പോസ്റ്റുകള്‍ പരിശോധിച്ചാലും കേരളത്തില്‍ വര്‍ഗീയധ്രുവീകരണം ഉണ്ടാക്കാനും അതിലൂടെ തങ്ങളുടെരാഷ്ട്രീയ താല്പര്യങ്ങള് നേടിയെടുക്കാനുമുള്ള ശ്രമങ്ങള്‍ വ്യക്തമായി കാണാം. പിണറായി വിജയന്റെയും സിപിഐഎമ്മിന്റെയും വര്‍ഗീയ പ്രചാരണങ്ങള്‍ കേരള ജനത തള്ളിക്കളയും.”
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വെക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫില്‍ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. ‘നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോണ്‍ഗ്രസ്സിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം. യുഡിഎഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യുഡിഎഫില്‍നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്നാണ് ആ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കാനാവുകയെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.