ചെന്നിത്തലയുടെ ‘നായര്‍ ബ്രാന്റ്’; അങ്ങനെ ഒതുക്കേണ്ടെന്ന് വി ഡി സതീശന്, ‘സോഷ്യല്‍ മീഡിയ അപകടകാരി’
‘നായര്‍ ബ്രാന്റ്’ ചെയ്യപ്പെട്ടിട്ടുള്ള വ്യക്തിയല്ല, രമേശ് ചെന്നിത്തലയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയത്തില്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്കും സംസ്ഥാന രാഷ്ട്രീയത്തിലേക്കും വളരെ സജീവമായി മുന്നോട്ടു വരികയും കേരളമുള്‍പ്പെടെ സംസ്ഥാനത്തെ വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയത്തിന് വലിയൊരു ചൈതന്യം പകര്‍ന്നുകൊടുത്ത വ്യക്തിയാണ് രമേശ് ചെന്നിത്തലയെന്നും വി ഡി സതീശന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെഎസ്യു, യൂത്ത് കോണ്‍ഗ്രസിലൂടെ വളര്‍ന്നു വന്നിട്ടുള്ള നേതാക്കളാരും യാതൊരു തരത്തിലുമുള്ള സാമുദായിക അടുപ്പങ്ങള്‍ കാണിക്കാറില്ല. എ […]
24 May 2021 8:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

‘നായര്‍ ബ്രാന്റ്’ ചെയ്യപ്പെട്ടിട്ടുള്ള വ്യക്തിയല്ല, രമേശ് ചെന്നിത്തലയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയത്തില്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്കും സംസ്ഥാന രാഷ്ട്രീയത്തിലേക്കും വളരെ സജീവമായി മുന്നോട്ടു വരികയും കേരളമുള്‍പ്പെടെ സംസ്ഥാനത്തെ വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയത്തിന് വലിയൊരു ചൈതന്യം പകര്‍ന്നുകൊടുത്ത വ്യക്തിയാണ് രമേശ് ചെന്നിത്തലയെന്നും വി ഡി സതീശന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെഎസ്യു, യൂത്ത് കോണ്‍ഗ്രസിലൂടെ വളര്‍ന്നു വന്നിട്ടുള്ള നേതാക്കളാരും യാതൊരു തരത്തിലുമുള്ള സാമുദായിക അടുപ്പങ്ങള്‍ കാണിക്കാറില്ല. എ കെ ആന്റണി ഉള്‍പ്പെടയുള്ള ആളുകള്‍ വളരെ സെക്യുലര്‍ ആയിട്ടുള്ള പൊസിഷനിലുള്ള വ്യക്തികളാണ്.
വി ഡി സതീശന്
രമേശ് ചെന്നിത്തലയെ ബ്രാന്റ് ചെയ്യിക്കാനുള്ള ഭയങ്കരമായ ശ്രമം നടന്നിട്ടുണ്ടെന്ന്് തനിക്ക് തോന്നിയിട്ടുണ്ടെന്നും വിഡി സതീശന് പറഞ്ഞു. വേണ്ട രീതിയില്‍ അദ്ദേഹം അതിനെ പ്രതിരോധിച്ചോ എന്നത് അദ്ദേഹവുമായി താന്‍ എന്നും തര്‍ക്കിക്കാറുള്ള വിഷയമാണ്. അതിനെ കുറെക്കൂടി നന്നായി പ്രതിരോധിക്കണം. ഈ പുതുകാലഘട്ടത്തില്‍ രാഷ്ട്രീയത്തിലുള്ളൊരു പ്രശ്നം നമ്മള് സ്വയം ബ്രാന്റ് ചെയ്തില്ലെങ്കില്‍ നമ്മുടെ ശത്രുകള്‍ നമ്മളെ ബ്രാന്റ് ചെയ്യും. നമ്മള് എന്താണ് എന്നത് നമ്മള് ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. പണ്ട് അതിന്റെ ആവശ്യം ഇല്ലായിരുന്നു. എന്നാല്‍ ഇന്നത് വേണ്ടിവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘രാഹുല്‍ ഗാന്ധിയെന്ന് പറയുന്ന വ്യക്തിക്ക് ഒരു ലെഗസിയുണ്ട്. രാജ്യത്തിന് വേണ്ടി ക്രൂരമായി കൊല ചെയ്യപ്പെട്ട ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഒരു പാരമ്പര്യം അദ്ദേഹത്തിനുണ്ട്. ഒട്ടും അഴിമതിയില്ലാത്ത യുവത്വത്തിന്റെ ആവേശമുള്ള തീര്‍ത്തും സ്ട്രേയിറ്റ് ഫോര്‍വേഡായ ഒരു വ്യക്തിയാണ് രാഹുല്‍ ഗാന്ധി. യഥാര്‍ത്ഥ്യത്തില്‍ അങ്ങനെ തന്നെയായിരുന്നു അദ്ദേഹത്തെ രാജ്യത്തിന് മുന്നില്‍ ബ്രാന്റ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അങ്ങനെ ചെയ്യാതിരുന്നത് കൊണ്ട് ബിജെപിയും സംഘപരിവാര്‍ ശക്തികളൊക്കെ ചേര്‍ന്ന് ‘പപ്പു’ എന്ന പേരൊക്കെ വിളിച്ച്, അദ്ദേഹത്തെ സ്ഥിരതയില്ലാത്തവനെന്നൊക്കെ പറഞ്ഞ് വളരെ മോശമായി ചിത്രീകരിച്ചു’.
തന്റെ കുറവുകള്‍ അന്വേഷിച്ചു പോയാല്‍ വളരെ എളുപ്പമാണെന്നും ഒരു വ്യക്തിയെന്ന നിലയില്‍ തനിക്ക് കുറവുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം ഒരു സാഹചര്യത്തില്‍ തന്റെ പ്ലസ്സുകള്‍ മാത്രം പ്രൊജക്ട് ചെയ്തില്ലെങ്കില്‍ എതിരാളികള്‍ ഏജന്‍സികളെ വെച്ചും പണമുപയോഗിച്ചും പി ആര് ചെയ്തും തന്റെ കുറവുകള്‍ മാത്രം ഉയര്‍ത്തിക്കാട്ടും. അതാണ് പുതിയ കാലത്തെ വെല്ലുവിളി. അതറിയാന്‍ അല്പം വൈകി. അതുകൊണ്ടാണ് സാമ്പ്രദായികമായ രീതികള്‍ക്ക് മാറ്റം വരണം എന്ന് പറഞ്ഞതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
ALSO READ: പ്രഫുലിന്റേത് ഭ്രാന്തന് നടപടി; പൊരുതുന്ന ജനതയ്ക്ക് അഭിവാദ്യങ്ങളെന്ന് വി എം സുധീരന്
‘കാലത്തിനൊത്ത് സഞ്ചരിച്ച് കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരണം. ഒരു പ്രൊഫഷണലിസം കൊണ്ടുവരണം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും അതിന്റെ മുന്നൊരുക്കങ്ങള്‍ക്കും ആഫ്രിക്കയിലായാലും ഉഗാണ്ടയിലായാലും അതിന്റേതായ ഒരു പ്രൊഫഷണലിസം ഉണ്ട്. രാജ്യത്ത് ഏറ്റവും പിന്നോക്കം നില്ക്കുന്ന സംസ്ഥാനം എന്ന് പറയുന്ന ബിഹാറിലെ തെരഞ്ഞെടുപ്പിനും ഇത്തരത്തിലൊരു പ്രൊഫഷണലിസം ഉണ്ടായിരുന്നു. വളരെ ശ്രദ്ധിച്ചുവേണം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുവാന്‍’.
മാധ്യമങ്ങളും അതിനൊപ്പം വൈബ്രന്റായാണ് നില്‍ക്കുന്നത്. അതിനോട് യോജിപ്പാണെന്നും വി ഡി സതീശന് അഭിപ്രായപ്പെട്ടു. എന്നാല്‍ അതുപോലെ തന്നെ സമൂഹമാധ്യമങ്ങള്‍ അപകടകാരിയായി നില്‍ക്കുകയാണ്. അത് വേണ്ട പോലെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഒറ്റ രാത്രികൊണ്ട് ഒരു രാഷ്ട്രീയ നേതാവോ, പൊതുപ്രവര്‍ത്തകനോ ഉണ്ടാക്കിവെച്ച ഇമേജ് നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയും പ്രതിപക്ഷ നേതാവ് മുന്നോട്ടുവെച്ചു.