സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ അന്വേഷണത്തിന് ഉത്തരവിടണം; ഗവര്‍ണര്‍ക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: അഴിമതി ആരോപണത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ അന്വേഷണത്തിന് ഉത്തരവ് ഇടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തു നല്കി. നിയമസഭയില്‍ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ ചട്ടങ്ങള്‍ ലംഘിച്ച് ഊരാളുങ്കല്‍ സൊസൈറ്റി അടക്കമുള്ള ഏജന്‍സികള്‍ക്ക് നല്‍കിയതില്‍ അഴിമതിയും ധൂര്ത്തുമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. 2017ല്‍ ലോകകേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍, 2020ല്‍ നടത്തിയ രണ്ടാം ലോക കേരളസഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍, 53 കോടി […]

തിരുവനന്തപുരം: അഴിമതി ആരോപണത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ അന്വേഷണത്തിന് ഉത്തരവ് ഇടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തു നല്കി. നിയമസഭയില്‍ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ ചട്ടങ്ങള്‍ ലംഘിച്ച് ഊരാളുങ്കല്‍ സൊസൈറ്റി അടക്കമുള്ള ഏജന്‍സികള്‍ക്ക് നല്‍കിയതില്‍ അഴിമതിയും ധൂര്ത്തുമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.
2017ല്‍ ലോകകേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍, 2020ല്‍ നടത്തിയ രണ്ടാം ലോക കേരളസഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍, 53 കോടി രൂപ മുടക്കി നടപ്പിലാക്കിയ ഇ-നിയമസഭ പദ്ധതി, മഹാപ്രളയദുരന്തം നേരിടുന്ന സമയത്തും ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി പരിപാടി, തുടങ്ങിയവയില്‍ അഴിമതിയും ധൂര്‍ത്തും ഉണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, സ്വര്‍ണ കടത്തുകാരെ സഹായിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയാന്‍ സ്പീക്കര്‍ തയ്യാറാണോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചോദിച്ചു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സ്പീക്കറുടെ വിശദീകരണം തൃപ്തികരമല്ലെന്നും സ്പീക്കര്‍ എന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രതയും കരുതലും അദ്ദേഹം പാലിച്ചില്ലെന്നും സുരേന്ദ്രന് പറഞ്ഞു. സ്പീക്കര്‍ ഊരാളുങ്കലിന് വേണ്ടി വലിയ അഴിമതി നടത്തിയെന്ന് സുരേന്ദ്രനും ആരോപിച്ചു. ഊരാളുങ്കല്‍ സൊസൈറ്റി സിപിഐഎം നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമാണ്. അധികം തുകയുടെ ടെണ്ടര്‍ നല്കി ബാക്കി തുക നേതാക്കള്‍ പങ്കിട്ടെടുക്കുന്നു. വൈദഗ്ധ്യമില്ലാത്ത മേഖലകളിലും സിപിഐഎം ഭരിക്കുന്ന ഊരാളുങ്കലിന് സര്‍ക്കാര്‍ കരാര്‍ നല്‍കുന്നുവെന്നും കെ. സുരേന്ദ്രന് ആരോപിച്ചു.