
ത്രിതല പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയിലെത്തിയെന്ന വാര്‍ത്തകള്‍ പൂര്‍ണമായും തള്ളാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക ധാരണയുണ്ടെന്ന സൂചന നല്‍കിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യുഡിഎഫ് യോഗത്തിന് ശേഷം പ്രതികരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഗ്രൂപ്പുകളുമായും സംഘടനകളുമായും പ്രദേശിക തലത്തില്‍ സഖ്യമുണ്ടാകുമെന്ന് ചെന്നിത്തല വ്യക്തമാക്കി. ഏതൊക്കെ സഖ്യം വേണമെന്ന് പ്രാദേശിക ഘടകങ്ങള്‍ തീരുമാനിക്കും. യുഡിഎഫിന് പുറത്തുള്ളവരുമായി സഖ്യമില്ല. മുന്നണിയില്‍ നിലവില്‍ ഉള്ളവരുമായി മാത്രമേ സംഖ്യമുള്ളൂയെന്നും ചെന്നിത്തല പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും കെ ടി ജലീലും രാജി വെയ്ക്കണം. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു. അഴിമതിയില്‍ മുങ്ങിത്താഴുന്ന സര്‍ക്കാരാണ് സംസ്ഥാനത്ത് ഉള്ളത്. മുഖ്യമന്ത്രി ഓരോ ദിവസവും കള്ളം പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന് ഒത്താശ ചെയ്തു. മുഖ്യമന്ത്രിയെ സഹായിക്കാന്‍ എം ശിവശങ്കറും സ്വപ്നയുംശ്രമിക്കുകയാണ്. പിന്‍വാതില്‍, അനധികൃത നിയമനങ്ങള്‍ വ്യാപകമായി നടക്കുന്നു. കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് വഞ്ചനാദിനമായി യുഡിഎഫ് ആചരിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റ് വേണ്ടെന്ന തീരുമാനം അഴിമതി മൂടിവെയ്ക്കാനാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. സര്‍ക്കാരിനെതിരെ അന്തിമ പോരാട്ടത്തിന് പ്രവര്‍ത്തകര്‍ക്ക് യുഡിഎഫ് നിര്‍ദ്ദേശം നല്‍കും.
ജോസ് കെ മാണി ഇടതു മുന്നണിയില്‍ എത്തിയതുകൊണ്ട് യുഡിഎഫിന് ഒരു പോറലും ഏല്‍ക്കില്ല. സിപിഐഎം ഛര്‍ദ്ദിച്ചത് വിഴുങ്ങുന്നു. സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്റെ മിണ്ടാട്ടമില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശബ്ദിക്കുന്നു സിപിഐ അനുസരിക്കുന്നു.
രമേശ് ചെന്നിത്തല
തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. സീറ്റ് വിഭജനത്തിന് ജില്ലാ അടിസ്ഥാനത്തില്‍ നേതൃയോഗം ചേരും. പി സി ജോര്‍ജ് യുഡിഎഫിലേക്ക് വരുന്നതിനേക്കുറിച്ച് സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയേക്കുറിച്ച് ധാരണ ആയിട്ടില്ല. പി സി തോമസുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.