Top

‘എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൊള്ളയും അഴിമതിയും ജനം വെള്ളപൂശിയിട്ടില്ല’; പോരാട്ടം തുടരുമെന്ന് ചെന്നിത്തല

എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരം പൂര്‍ണമായും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ് പരിപൂര്‍ണ തൃപ്തരല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പാളിച്ചകളുണ്ടായിട്ടുണ്ട്. ഓരോ പ്രദേശത്തേയും പരാജയകാരണങ്ങള്‍ പരിശോധിച്ച്, കണ്ടെത്തി തിരുത്തി മുന്നോട്ടുപോകും. കഴിഞ്ഞ തവണത്തേതിനേക്കാള്‍ മുന്നേറ്റം ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിനുണ്ടായി. മുനിസിപ്പാലിറ്റികളില്‍ മുന്നേറ്റമുണ്ടായി. കോര്‍പറേഷനുകളില്‍ മൂന്നിടത്ത് നിര്‍ണായക ശക്തിയായി മാറാനും ഭരിക്കാനും കഴിഞ്ഞിരിക്കുന്നു. ജില്ലാ പഞ്ചായത്ത് തലത്തിലാണ് പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയത്. 2015ലേയും ഇപ്പോഴത്തേയും കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും […]

16 Dec 2020 7:17 AM GMT

‘എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൊള്ളയും അഴിമതിയും ജനം വെള്ളപൂശിയിട്ടില്ല’; പോരാട്ടം തുടരുമെന്ന് ചെന്നിത്തല
X

എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരം പൂര്‍ണമായും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ് പരിപൂര്‍ണ തൃപ്തരല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പാളിച്ചകളുണ്ടായിട്ടുണ്ട്. ഓരോ പ്രദേശത്തേയും പരാജയകാരണങ്ങള്‍ പരിശോധിച്ച്, കണ്ടെത്തി തിരുത്തി മുന്നോട്ടുപോകും. കഴിഞ്ഞ തവണത്തേതിനേക്കാള്‍ മുന്നേറ്റം ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിനുണ്ടായി. മുനിസിപ്പാലിറ്റികളില്‍ മുന്നേറ്റമുണ്ടായി. കോര്‍പറേഷനുകളില്‍ മൂന്നിടത്ത് നിര്‍ണായക ശക്തിയായി മാറാനും ഭരിക്കാനും കഴിഞ്ഞിരിക്കുന്നു. ജില്ലാ പഞ്ചായത്ത് തലത്തിലാണ് പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയത്. 2015ലേയും ഇപ്പോഴത്തേയും കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ എന്നിവരോടൊപ്പം കെപിസിസി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും അഴിമതികള്‍ക്കുമെതിരായിട്ടുള്ള ഒരു പോരാട്ടം കേരളത്തില്‍ ശക്തമാണ്. അത് പ്രതിഫലിച്ചില്ല എന്നാണ് മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നതെങ്കില്‍ അത് ഞാന്‍ നൂറ് ശതമാനം ശരിവെയ്ക്കുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് തികച്ചും രാഷ്ട്രീയമായിരിക്കില്ല. പ്രാദേശിക ബന്ധങ്ങളും പ്രശ്‌നങ്ങളുമാണ് സ്വാധീനിക്കുക.

രമേശ് ചെന്നിത്തല

മാധ്യമങ്ങളെല്ലാം യുഡിഎഫ് തകര്‍ന്നൂ, തകര്‍ന്നൂ എന്ന് പറഞ്ഞാല്‍ എന്ത് അര്‍ത്ഥമാണ്. ഞങ്ങള്‍ കൂടുതല്‍ ആഗ്രഹിച്ചു. മാധ്യമങ്ങളും ആഗ്രഹിക്കുന്നു. ഈ ഗവണ്‍മെന്റിന് നിങ്ങളും എതിരാണ് എന്നതുകൊണ്ട്. ഞങ്ങള്‍ രാഷ്ട്രീയ തെരഞ്ഞെടുപ്പായി കാണുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. യുഡിഎഫിന്റെ അടിത്തറ തകര്‍ന്നെന്ന് ആരോപണം അടിസ്ഥാന രഹിതമാണ്. കണക്ക് പറഞ്ഞ് പറഞ്ഞ് ഞങ്ങളെങ്ങുമില്ല എന്നാക്കുന്നത് ശരിയല്ല.

പണ്ട് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ജില്ലാ പഞ്ചായത്ത് ഇലക്ഷന്‍ വന്നു. സദ്ദാം ഹുസൈന്റെ കാര്യം പറഞ്ഞ് എല്‍ഡിഎഫ് വോട്ടുപിടിച്ചു. ജയിച്ചു. പിന്നെ ഉടന്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് വെച്ചു. തോറ്റ് തുന്നം പാടി അതുകൊണ്ട് എല്‍ഡിഎഫ് ഇതുകണ്ട് നെഗളിക്കേണ്ട കാര്യമില്ല. രാഷ്ട്രീയ വിജയമല്ല ഇതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്

“സംസ്ഥാന സര്‍ക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം പൂര്‍ണമായും ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പാകുമ്പോള്‍ കൂടുതലും പ്രാദേശിക പ്രശ്‌നങ്ങളും വ്യക്തിപരമായ സ്വാധീനവും കുടുംബപരമായ ബന്ധങ്ങളുമൊക്കെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അക്കാര്യത്തിലാണ് എല്‍ഡിഎഫിന് അല്‍പം മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2010 ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലാ കാലഘട്ടത്തിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കമുള്ളത്. എന്നാല്‍ യുഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. മൂന്ന് കോര്‍പറേഷനുകളില്‍ യുഡിഎഫ് ഭരണമുണ്ടാകും. 375 പഞ്ചായത്തുകളിലാണ് യുഡിഎഫിന് മുന്‍തൂക്കമുള്ളത്. മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. ഇതെല്ലാം പരിഗണിക്കുമ്പോള്‍ യുഡിഎഫിന്റെ ജനപിന്തുണയില്‍ ഇടിവ് വന്നിട്ടില്ലെന്ന് വ്യക്തമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മിന്നുന്ന ജയമാണുണ്ടായത്. അത് രാഷ്ട്രീയാടിസ്ഥാനത്തിലുള്ള നേട്ടമായിരുന്നു. അത് കേരള രാഷ്ട്രീയം എങ്ങോട്ട് പോകുന്നു എന്നതിന്റെ സൂചനയായിരുന്നു. ഏതായാലും സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയും കൊള്ളയേയും കേരളത്തിലെ ജനങ്ങള്‍ വെള്ളപൂശി എന്നുള്ള എല്‍ഡിഎഫ് നിലപാട് അങ്ങേയറ്റം അപഹാസ്യമാണ്. അത് വോട്ടു ചെയ്ത ജനങ്ങളോടുള്ള ഒരു വെല്ലുവിളി തന്നെയാണ്. യുഡിഎഫ് അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരായിട്ടുള്ള പോരാട്ടം തുടരും. അക്കാര്യത്തില്‍ ജനങ്ങളെ അണി നിരത്തിക്കൊണ്ടുള്ള കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കും.

ഈ തെരഞ്ഞെടുപ്പ് മറ്റൊന്ന് തെളിയിക്കുന്നു, കേരളത്തില്‍ ബിജെപിയ്ക്ക് ഒരു സ്ഥാനവുമില്ല. ഏതാനും പോക്കറ്റുകളില്‍ ചില സ്വാധീനമുണ്ടെന്നത് ഒഴിച്ചാല്‍ ബിജെപിയ്ക്ക് ഒരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ബിജെപി ഒരു പൂര്‍ണ പരാജയമാണെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സ്വാധീനവും ലഭിച്ചിട്ടും ബിജെപിയ്ക്ക് മുന്നോട്ടുവരാന്‍ കഴിയുന്നില്ല.

കേരളത്തിലെ സര്‍ക്കാരിന്റെ എല്ലാ സ്വാധീനവും ഉപയോഗിച്ചിട്ടും 2015ലേതിനേക്കാള്‍ മെച്ചപ്പെട്ട റിസല്‍റ്റുണ്ടാക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിട്ടില്ല. ശരിയാണ്, യുഡിഎഫിന് ഏതെങ്കിലും തരത്തിലുള്ള പാളിച്ചയുണ്ടെങ്കില്‍ അത് ഞങ്ങള്‍ പരിശോധിക്കും, വിലയിരുത്തും. യുഡിഎഫ് യോഗം ചേര്‍ന്ന് എന്തെല്ലാം ക്രമീകരണങ്ങള്‍ വരുത്തണമെന്ന് ആലോചിക്കും. പോരായ്മകള്‍ പഠിക്കും. ഒറ്റനോട്ടത്തില്‍ യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. ഇതിന് നേതൃത്വം കൊടുത്ത മുഴുവന്‍ യുഡിഎഫ് പ്രവര്‍ത്തകരേയും അഭിവാദ്യം ചെയ്യുന്നു. യുഡിഎഫിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റേയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റേയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തമായി തുടരും.

കഴിഞ്ഞ തവണത്തേതിനേക്കാള്‍ മുന്നേറ്റം ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിനുണ്ടായി. മുനിസിപ്പാലിറ്റികളില്‍ മുന്നേറ്റമുണ്ടായി. കോര്‍പറേഷനുകളില്‍ മൂന്നിടത്ത് നിര്‍ണായക ശക്തിയായി മാറാനും ഭരിക്കാനും കഴിഞ്ഞിരിക്കുന്നു. ജില്ലാ പഞ്ചായത്ത് തലത്തിലാണ് പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയത്. 2015ലേയും ഇപ്പോഴത്തേയും കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും അഴിമതികള്‍ക്കുമെതിരായിട്ടുള്ള ഒരു പോരാട്ടം കേരളത്തില്‍ ശക്തമാണ്. അത് പ്രതിഫലിച്ചില്ല എന്നാണ് മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നതെങ്കില്‍ അത് ഞാന്‍ നൂറ് ശതമാനം ശരിവെയ്ക്കുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് തികച്ചും രാഷ്ട്രീയമായിരിക്കില്ല. പ്രാദേശിക ബന്ധങ്ങളും പ്രശ്‌നങ്ങളുമാണ് സ്വാധീനിക്കുക. ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ് പരിപൂര്‍ണ തൃപ്തരല്ല. ഓരോ പ്രദേശത്തേയും പരാജയകാരണങ്ങള്‍ പരിശോധിച്ച്, കണ്ടെത്തി തിരുത്തി മുന്നോട്ടുപോകും.

പണ്ട് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ജില്ലാ പഞ്ചായത്ത് ഇലക്ഷന്‍ വന്നു. സദ്ദാം ഹുസൈന്റെ കാര്യം പറഞ്ഞ് എല്‍ഡിഎഫ് വോട്ടുപിടിച്ചു. ജയിച്ചു. പിന്നെ ഉടന്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് വെച്ചു. തോറ്റ് തുന്നം പാടി അതുകൊണ്ട് എല്‍ഡിഎഫ് ഇതുകണ്ട് നെഗളിക്കേണ്ട കാര്യമില്ല. രാഷ്ട്രീയ വിജയമല്ലിത്.”

Next Story