
ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കഗാന്ധിയുടെയും യാത്രയെക്കുറിച്ച് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയുണ്ടാകാന്‍ പോകുന്നത് മോഡി സര്‍ക്കാരിന്റെ ജനവഞ്ചനയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ വേലിയേറ്റമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പ്രക്ഷോഭങ്ങള്‍ മുന്നില്‍ നിന്നു നയിക്കാന്‍ കോണ്ഗ്രസ്സുണ്ടാകുമെന്നും ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്സിന് മാത്രമേ കഴിയൂ എന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ രമേശ് ചെന്നിത്തല പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഹാത്രസ് ഇന്ന് വേദനയുടെയും പ്രതിഷേധത്തിന്റേയും പേരാണ്. കണ്ണീരും സങ്കടവും ഒപ്പിയെടുക്കാൻ അവിടെയെത്തിയ Rahul Gandhiയും Priyanka Gandhi Vadraയും ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീക്ഷ കൂടിയാണ്.
ഒരു ദളിത് പെൺകുട്ടിയെ നരാധമന്മാർ പിച്ചിചീന്തികൊന്നപ്പോൾ ആ വേദനയിൽ ഉരുകി നിന്ന മാതാപിതാക്കളടക്കമുള്ളവരെ വീട്ടിൽ പൂട്ടിയിട്ടാണ് മൃതദേഹം സംസ്കരിച്ചത്. മകൾക്ക് അന്ത്യചുംബനം നൽകാൻ പോലും മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. പോലീസ് ഭീഷണിക്ക് മുന്നിൽ ബലം പ്രയോഗിച്ചായിരുന്നു സംസ്കാരം. ഞെട്ടൽ വിട്ടുമാറുംമുൻപ് ഈ വീട്ടുകാരെ നുണപരിശോധന നടത്താൻ യുപി ഭരണകൂടം തയാറെടുക്കുന്നു. ഇതിനായുള്ള ഉത്തരവും ഇറക്കി. കയ്യേറ്റം നടത്തിയിട്ടും തള്ളി വീഴ്ത്തിയിട്ടും പിന്നോട്ട് പോകാൻ രാഹുൽഗാന്ധി തയാറായില്ല. നീതി തേടിപ്പോയ രാഹുൽ ഗാന്ധിയെ തള്ളി വീഴ്ത്തുമ്പോൾ വേദനിച്ചത് ഇന്ത്യയുടെ ഹൃദയത്തിനായിരുന്നു.
യുപി പോലീസിന്റെ കിരാതനടപടിക്ക് എതിരെ രാജ്യമെങ്ങും പ്രതിഷേധിച്ചു.
പെൺകുട്ടിയുടെ വീട്ടിലെത്താതെ മടങ്ങില്ലെന്നും ഒരുശക്തിക്കും തന്നെ തടയാൻ കഴിയില്ലെന്നും രാഹുൽഗാന്ധി പറഞ്ഞപ്പോൾ തന്നെ യോഗി സർക്കാരിന് കാലിടറി തുടങ്ങിയിരുന്നു.
കോൺഗ്രസ്സ് തെരുവിലേക്ക് ഇറങ്ങിയാൽ തടഞ്ഞു നിർത്താൻ ഒരു യോഗിക്കും ഒരു മോദിക്കും കഴിയില്ല എന്നതിന്റെ തെളിവാണ് ഇന്ന് യുപിയിൽ കണ്ടത്. കോൺഗ്രസ് പാർട്ടിക്ക് മുന്നിലല്ല, മറിച്ചു ഇന്ത്യൻ ജനങ്ങൾക്ക് മുന്നിലാണ് ഇന്ന് യോഗിയും മോദിയും മുട്ട് മടക്കിയത്. അധികാരത്തിന്റെ മത്തു പിടിച്ച യോഗി ആദിത്യനാഥ് ആ പാവപ്പെട്ട ദളിത് പെൺകുട്ടിക്കും അവരുടെ കുടുംബത്തിനും നീതി നൽകുന്നതിന് പകരം റേപ്പിസ്റ്റുകളെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. അതിനെതിരെയാണ് ഇന്ത്യ ഒറ്റക്കെട്ടായി സമരം നയിച്ചത്. ആ കുടുംബത്തെ ഒറ്റപ്പെടുത്തി പോലീസിനെയും ജില്ലാ ഭരണകൂടത്തെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അവരെ നിശ്ശബ്ദരാക്കാൻ ഇനി കോൺഗ്രസ്സ് പാർട്ടി യോഗി ആദിത്യനാഥിനെ അനുവദിക്കില്ല.
ഇതൊരു തുടക്കം മാത്രമാണ്. വരാൻ പോകുന്നത് മോഡി സർക്കാരിന്റെ ജനവഞ്ചനക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ വേലിയേറ്റമാണ്. അതിന്റെ മുന്നിൽ കോൺഗ്രസ്സ് പാർട്ടി ഉണ്ടാകും. ബിജെപിയെ തടുക്കാനും ചെറുക്കാനും കോൺഗ്രസ്സിന് മാത്രമേ കഴിയൂ.