
ജോസ് കെ മാണി യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്ന് പാലാ സീറ്റ് ചോദിച്ചതിന് പിന്നാലെ മാണി സി കാപ്പന് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ്. മാണി സി കാപ്പനുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ നേരത്തെ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് കേരള കോണ്‍ഗ്രസ് റിഹേഴ്സല്‍ നടന്നു. മുങ്ങുന്ന കപ്പലിലേക്കാണ് ജോസ് കെ മാണി കയറിയത്. രാഷ്ട്രീയ മാന്യത ഉണ്ടെങ്കില്‍ എല്‍ ഡി എഫ് കെ എം മാണിയോട് മാപ്പ് പറയണം. ധാര്‍മികത ഉണ്ടെങ്കില്‍ യുഡിഎഫ് വോട്ട് വാങ്ങി ജയിച്ചവര്‍ രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഞാന്‍ ആഭ്യന്തരമന്ത്രി ആയിരിക്കെയാണ് മാണി സാറിനെ കുറ്റവിമുക്തനാക്കിയ അന്വേഷണ റിപ്പോര്‍ട്ട് വന്നത്. കെഎം മാണിയെ തേജോവധം ചെയ്യുകയും അവഹേളിക്കുകയും ചെയ്തവരാണ് സിപിഐഎം ഇന്ന് സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനാണ് അന്ന് അവഹേളിച്ചത്.
രമേശ് ചെന്നിത്തല
കേരളാ കോണ്‍ഗ്രസിനൊപ്പമുള്ള ജനവിഭാഗം ഇത് അംഗീകരിക്കില്ല. മാണിസാര്‍ നിരപരാധിയെന്ന് അറിഞ്ഞ് ക്രൂശിലേറ്റുകയായിരുന്നു. നിയമസഭയില്‍ കെ എം മാണിയെ അപമാനിച്ചത് ഇടതുപക്ഷമാണ്. എല്‍ഡിഎഫിന്റേത് കാപട്യം നിറഞ്ഞ രാഷ്ട്രീയമാണ്. രാഷ്ട്രീയ പാപ്പരത്തം പുറത്തുവന്നു. എല്‍ഡിഎഫിന്റേത് കാപട്യം നിറഞ്ഞ രാഷ്ട്രീയമാണ്. മാണി സാറിന്റെ ആത്മാവിനെ വഞ്ചിച്ചാണ് ജോസ് എല്‍ഡിഎഫില്‍ പോയത്. യുഡിഎഫ് കേരളാ കോണ്‍ഗ്രസ് എംഎല്‍എ മാരെ അപമാനിച്ചു എന്ന ആരോപണം ആശ്ചര്യകരമാണ്. പാല കൈവിട്ടത് ജോസ് കെ മാണിയുടെ അപക്വ നിലപാട് കാരണമാണ്. കെ എം മാണി പതിറ്റാണ്ടുകള്‍ കൈയ്യടക്കി വച്ച സീറ്റായിരുന്നു പാലായെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
മുഖ്യമന്ത്രി നിരന്തരം പച്ചക്കള്ളം പറയുകയാണ്. സ്വപ്ന സുരേഷ് ക്ലിഫ് ഹൗസില്‍ വന്നത് ഇപ്പൊഴെങ്കിലും മുഖ്യമന്ത്രി ഓര്‍ത്തത് നന്നായി. ഹൈക്കോടതി വിധിയില്‍ ആര്‍ക്കും മറുപടിയില്ല. പദ്ധതി കൊള്ളയാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് വിധി. സിബിഐയ്ക്ക് കേസന്വേഷിക്കുന്നതിന് തടസമില്ല. മുഖ്യമന്ത്രിയുടേത് അര്‍ത്ഥമില്ലാത്ത സന്തോഷമാണ്.
കഴക്കൂട്ടം-മുക്കോല ബൈപ്പാസ് നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. ക്രെഡിറ്റ് കൊടുക്കേണ്ടത് ശശി തരൂര്‍ എംപിക്കാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പോലും പരാമര്‍ശിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.