Top

‘മലയാളത്തില്‍ പറഞ്ഞത് മോഡിക്ക് മനസിലാകാതിരിക്കാന്‍’; മുഖ്യമന്ത്രി മോഡിക്ക് മുന്നില്‍ നല്ലപിള്ള കളിച്ചെന്ന് ചെന്നിത്തല; ‘സുരേന്ദ്രന്‍ പിണറായിയുടെ പേരില്‍ ജാഥ നടത്തുന്നു’

കൊച്ചിന്‍ റിഫൈനറിയിലെ പദ്ധതിയുദ്ഘാടന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല പിള്ള കളിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിമര്‍ശിച്ചു എന്ന് വരുത്തിത്തീര്‍ക്കാന്‍ സ്വകാര്യവല്‍കരണത്തേക്കുറിച്ച് ഒരു വാചകം മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇംഗ്ലീഷില്‍ പറഞ്ഞുതുടങ്ങിയ ശേഷം ആ ഭാഗം മലയാളത്തില്‍ പറഞ്ഞത് മോഡിക്ക് മനസിലാകരുത് എന്ന നിര്‍ബന്ധ ബുദ്ധികൊണ്ടാണ്. മുഖ്യമന്ത്രി അങ്ങനെയൊരു ഒളിച്ചുകളി നടത്തിയത് എന്തിനാണെന്നും ചെന്നിത്തല ഐശ്വര്യ കേരളയാത്രയ്ക്കിടെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ മുന്നില്‍ വെച്ച് […]

15 Feb 2021 5:01 AM GMT

‘മലയാളത്തില്‍ പറഞ്ഞത് മോഡിക്ക് മനസിലാകാതിരിക്കാന്‍’; മുഖ്യമന്ത്രി മോഡിക്ക് മുന്നില്‍ നല്ലപിള്ള കളിച്ചെന്ന് ചെന്നിത്തല; ‘സുരേന്ദ്രന്‍ പിണറായിയുടെ പേരില്‍ ജാഥ നടത്തുന്നു’
X

കൊച്ചിന്‍ റിഫൈനറിയിലെ പദ്ധതിയുദ്ഘാടന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല പിള്ള കളിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിമര്‍ശിച്ചു എന്ന് വരുത്തിത്തീര്‍ക്കാന്‍ സ്വകാര്യവല്‍കരണത്തേക്കുറിച്ച് ഒരു വാചകം മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇംഗ്ലീഷില്‍ പറഞ്ഞുതുടങ്ങിയ ശേഷം ആ ഭാഗം മലയാളത്തില്‍ പറഞ്ഞത് മോഡിക്ക് മനസിലാകരുത് എന്ന നിര്‍ബന്ധ ബുദ്ധികൊണ്ടാണ്. മുഖ്യമന്ത്രി അങ്ങനെയൊരു ഒളിച്ചുകളി നടത്തിയത് എന്തിനാണെന്നും ചെന്നിത്തല ഐശ്വര്യ കേരളയാത്രയ്ക്കിടെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ മുന്നില്‍ വെച്ച് തന്നെ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രി രേഖപ്പെടുത്തേണ്ടതായിരുന്നു. പക്ഷെ, ആ ധൈര്യം മുഖ്യമന്ത്രിക്കില്ലാതെ പോയി. തെരഞ്ഞെടുപ്പ് കാലത്തുപോലും മോഡിയുടെ മുന്നില്‍ നല്ല പിള്ള ചമയാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

രമേശ് ചെന്നിത്തല

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തുന്ന ‘വിജയജാഥ’യേയും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സുരേന്ദ്രന്‍ പിണറായിയുടെ പേരില്‍ ജാഥ നടത്തുകയാണ്. പിണറായി വിജയന് വേണ്ടി നടത്തുന്ന ജാഥയാണിത്. വിജയജാഥ എന്ന് പേരിട്ടത് സിപിഐഎം-ബിജെപി ബന്ധത്തിന്റെ തെളിവാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ചെന്നിത്തലയുടെ പ്രതികരണം

‘ഇന്നലെ പ്രധാനമന്ത്രി കൊച്ചിയില്‍ വന്നിരുന്നു. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു. ബിപിസിഎല്ലിന്റെ സ്വകാര്യവല്‍കരണത്തിനെതിരായി പ്രതിപക്ഷവും ഭരണകക്ഷിയും ഒരേപോലെ ശക്തമായ നിലപാട് സ്വീകരിച്ചു. ഞാനിന്നലെ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവന്‍ ശ്രദ്ധിച്ചു. ആദ്യം ഇംഗ്ലീഷിലാണ് തുടങ്ങിയതെങ്കിലും ബിപിസിഎല്‍ സ്വകാര്യവല്‍കരണത്തേപ്പറ്റി പറഞ്ഞപ്പോള്‍ മലയാളത്തിലാണ് പ്രസംഗിച്ചത്. കാരണം അതുപോലും മോഡിക്ക് മനസിലാകരുത് എന്ന് നിര്‍ബന്ധബുദ്ധി നമ്മുടെ മുഖ്യമന്ത്രിക്കുണ്ടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കുത്തകകള്‍ക്ക് വില്‍ക്കാന്‍ വെച്ചിരുന്ന ബിപിസിഎല്ലാണ് ഇന്നലെ പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടന മാമാങ്കത്തിന് ഉപയോഗിച്ചത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ബിപിസിഎല്ലിന്റെ 53 ശതമാനം ഓഹരികളും സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. വില്‍ക്കാനിട്ട സ്ഥാപനത്തിന്റെ വികസനം നടത്തിയാല്‍ അതിന്റെ ഗുണം ആര്‍ക്കാണ്. വാങ്ങുന്ന സ്വകാര്യ കുത്തകകള്‍ക്ക് അല്ലേ? സ്വകാര്യ കുത്തകകളേ വീണ്ടും സഹായിക്കാന്‍ വേണ്ടിയാണ് വികസനം എന്ന പേരില്‍ ഈ പരിപാടി സംഘടിപ്പിച്ചത്. നമ്മുടെ മുഖ്യമന്ത്രി വളരെ സൂത്രത്തില്‍, പറഞ്ഞോ എന്ന് ചോദിച്ചാല്‍ പരോക്ഷമായി പറഞ്ഞു. എന്തിനാണ് അങ്ങനെയൊരു ഒളിച്ചുകളി മുഖ്യമന്ത്രി നടത്തിയത്. ആര്‍ക്കും മനസിലാകാത്ത നിലയില്‍ പരോക്ഷമായി ഒരു പരാമര്‍ശം നടത്തി എതിര്‍പ്പ് പ്രകടിപ്പിച്ചു എന്ന് മാളോരെ ബോധ്യപ്പെടുത്താന്‍ നടത്തിയ ഒന്നായിരുന്നു അത്. വ്യവസായ വികസനത്തിന് സ്വകാര്യ നിക്ഷേപം മാത്രം പോരാ എന്ന ഏക വാചകമാണ് അദ്ദേഹം നടത്തിയത്. ലാഭത്തിലുള്ള ബിപിസിഎല്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രിയുടെ മുന്നില്‍ വെച്ച് തന്നെ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രി രേഖപ്പെടുത്തേണ്ടതായിരുന്നു. പക്ഷെ, ആ ധൈര്യം മുഖ്യമന്ത്രിക്കില്ലാതെ പോയി. തെരഞ്ഞെടുപ്പ് കാലത്തുപോലും മോഡിയുടെ മുന്നില്‍ നല്ല പിള്ള ചമയാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

ബിജെപിയും സിപിഐഎമ്മും തമ്മില്‍ വലിയ ഐക്യമുണ്ടായിട്ടുണ്ട് അത് കേരളത്തിലെ ജനങ്ങള്‍ അറിയണം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ കെ സുരേന്ദ്രന്റെ ജാഥയുടെ പേര് തന്നെ വിജയജാഥ എന്നാണ്. പിണറായി വിജയന്റെ പേരില്‍ ഒരു യാത്ര ബിജെപി നടത്തുമ്പോള്‍ ആ യാത്ര തന്നെ സിപിഐഎമ്മിന് അനുകൂലമായി നില്‍ക്കുകയല്ലേ? വിജയജാഥ എന്നാണ്. വിജയന് വേണ്ടി നടത്തുന്ന ജാഥയാണ്. അപ്പോള്‍ നമുക്ക് മനസിലായല്ലോ ആരു തമ്മിലാണ് ബന്ധമെന്ന്.’

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. പൗരത്വ ബില്ലിനെതിരെ സമരം ചെയ്തവരുടെ കേസുകളും നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകളും പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. രണ്ടും സമാനസമരങ്ങളാണെന്നും ചെന്നിത്തല പറയുകയുണ്ടായി.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സിഎഎ നടപ്പാക്കില്ല. പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. നാമജപ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകളും പിന്‍വലിക്കണം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഈ രണ്ടു പ്രതിഷേധത്തിനെതിരായ കേസുകളും പിന്‍വലിക്കും.

മുഖ്യമന്ത്രിയുടെ സംവാദപരിപാടിയില്‍ എന്തു കൊണ്ടാണ് കറുത്ത മാസ്‌ക് ധരിക്കുന്നവരെ പ്രവേശിപ്പിക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു. തമിഴ്നാട്ടില്‍ വെച്ചു നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേകാര്യം തന്നെ ചെയ്തെന്നും ചെന്നിത്തല പറഞ്ഞു. ‘മുഖ്യമന്ത്രി ഇപ്പോള്‍ സംവാദ പരിപാടി നടത്തുകയാണ്. ആ സംവാദപരിപാടിയില്‍ കറുത്ത മാസ്‌ക് ധരിക്കുന്ന ആളുകളെ ഒഴിവാക്കുന്നു. ഈ കറുപ്പിനോട് ഇത്ര വിരോധം മുഖ്യമന്ത്രിക്കെന്താണെന്ന് മനസിലാവുന്നില്ല. തമിഴ്നാട്ടില്‍ നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തില്‍ കറുത്ത മാസ്‌ക് ധരിച്ചവരെ പുറത്താക്കി. അപ്പോള്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ഒരേ നിലപാട് സ്വീകരിക്കുകയാണ്.’ ചെന്നിത്തല പറഞ്ഞു.

സംവാദ പരിപാടി ഏകപക്ഷീയമാണെന്നും എസ്എഫ്ഐക്കാരെ മാത്രം പങ്കെടുപ്പിക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖ്യമന്ത്രി ഇങ്ങനെ ഒരു പരിപാടി നടത്തുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ‘മുന്‍കൂട്ടി ചോദ്യങ്ങള്‍ ചോദിക്കണം. നേരിട്ട് ആര്‍ക്കും ചോദിക്കാന്‍ പറ്റില്ല. നേരിട്ട് ചോദിച്ച് കഴിഞ്ഞാല്‍ അതിനെ വിലക്കുന്നു. അപ്പൊ ഇതിനെ സംവാദം എന്നല്ല പറയുന്നത്, റേഡിയോയിലോ ടെലിവിഷനിലോ ആറ് മണിക്ക് മുഖ്യമന്ത്രി പറയുന്ന ബഡായി ബംഗ്ലാവിലെ കാര്യം പോലെ അങ്ങ് പറഞ്ഞാല്‍ മതിയല്ലോ.’ ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഐശ്വര്യ കേരള യാത്രക്കെതിരെ നാലു കേസുകളാണ് സംസ്ഥാനസര്‍ക്കാര്‍ എടുത്തത്. ജാഥയുടെ വിജയം കണ്ടിട്ടാണ് കേസ്. ബിജെപിയും സിപിഐഎമ്മും തമ്മില്‍ ഐക്യത്തിലാണ്. കേരളത്തില്‍ വര്‍ഗീയത ഇളക്കി വിടുന്നത് സിപിഐഎമ്മാണെന്നും ചെന്നിത്തല പറഞ്ഞു.

Next Story