
മദ്യ വില വര്‍ധനയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വില വര്‍ധനയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്കി. മുഖ്യമന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി, ബിവറേജസ് കോര്പ്പറേഷന് എംഡി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മദ്യത്തിന്റെ വിലയില്‍ വര്ധനവുണ്ടാകുന്നതിനെതിരെ ചെന്നിത്തല നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയെന്നോണമാണ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചിരിക്കുന്നത്.
200 കോടി രൂപയുടെ അഴിമതി ആരോപണമാണ് പ്രതിപക്ഷ നേതാവ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ബെവ്കോ എംഡി എന്നിവര്‍ അഴിമതി നടത്തിയിട്ടുണ്ടെന്ന് ആരോപിച്ച ചെന്നിത്തല ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യമാണ് കത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്.
മദ്യവിലില് ഏഴ് ശതമാനത്തിന്റെ വര്‍ധനവാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. മദ്യം നിര്‍മ്മിക്കാനാവശ്യമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ മദ്യത്തിന്റെ വില കൂട്ടിയിരിക്കുന്നത്. എന്നാല്‍ നേരത്തെയും എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന് വില വര്‍ധനയുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്ന് പോലും വിലവര്‍ധന നാല് ശതമാനം മാത്രമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
മദ്യത്തിന്റെ വില വര്‍ധിപ്പിച്ചത് ഡിസ്റ്റിലറി ഉടമകളുമായുള്ള ഗൂഢാലോചനയാണെന്ന ആരോപണവുമായി ചെന്നിത്തല നേരത്തെ രംഗത്തെത്തിയിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് മദ്യത്തിന് 14 ശതമാനം വില വര്‍ധിപ്പിച്ചു. 120 കോടിയുടെ അധിക വരുമാനം ഡിസ്റ്റിലറികള്ക്കുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ മദ്യത്തിന് ഏര്‍പ്പാടാക്കിയ ഏഴു ശതമാനം വിലവര്‍ധന ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും. കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെ വര്‍ധിക്കുന്ന രീതിയിലാണ് പുതുക്കിയ വില. സ്പിരിറ്റിന്റെ വില വര്‍ധിച്ചതിനാല്‍ 11.6% വര്‍ധിപ്പിക്കണമെന്ന മദ്യകമ്പനികളുടെ ആവശ്യപ്രകാരമാണ് വിലവര്‍ധന.
2017 നവംബറിനുശേഷം ആദ്യമായാണ് വിലവര്‍ധനവ് വരുന്നത്. ഒരു കുപ്പിക്ക് 40 രൂപ വര്‍ധിച്ചാല്‍ 35 രൂപ സര്‍ക്കാരിനും നാലു രൂപ മദ്യവിതരണ കമ്പനികള്‍ക്കും ഒരു രൂപ കോര്‍പറേഷനും അധിക വരുമാനമായി ലഭിക്കും. കോവിഡ് സെസ് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് പ്രാബല്യത്തില്‍ വന്നാല്‍ വില ഓഗസ്റ്റോടെ കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.