‘ഏത് അന്വേഷണം നടത്തിയാലും ഒരു ചുക്കുമില്ല’; വ്യാജമെന്ന തെളിഞ്ഞ സിഡിയുടെ പേരില്‍ തനിക്കെതിരെ സര്‍ക്കാരിന്റെ വിലകുറഞ്ഞ രാഷ്ട്രീയമെന്ന് ചെന്നിത്തല; ‘സ്പീക്കര്‍ അതിന് കൂട്ടുനില്‍ക്കുന്നു’
നിയമസഭാ സമ്മേളനത്തിടയിലെ ചോദ്യോത്തരവേളയില്‍ പ്രസ്താവന യുദ്ധം. ബാര്‍ കോഴ, സോളാര്‍, ടൈറ്റാനിയം ഉള്‍പ്പെടെയുള്ള അഴിമതി കേസുകളേക്കുറിച്ച് ഭരണപക്ഷ എംഎല്‍എമാര്‍ തുടര്‍ച്ചയായ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ പ്രതിപക്ഷം ബഹളം വെച്ചു. പ്രതിപക്ഷ നേതാവ് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം എവിടെത്തിയെന്ന് സിപിഐഎം എംഎല്‍എ ഡി കെ മുരളി ചോദ്യമുന്നയിച്ചു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി. ബാറുടമയായി ബിജു രമേശ് ബാര്‍ ലൈന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ കൈക്കൂലിക കൊടുത്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രഹസ്യാന്വേഷണം […]

നിയമസഭാ സമ്മേളനത്തിടയിലെ ചോദ്യോത്തരവേളയില്‍ പ്രസ്താവന യുദ്ധം. ബാര്‍ കോഴ, സോളാര്‍, ടൈറ്റാനിയം ഉള്‍പ്പെടെയുള്ള അഴിമതി കേസുകളേക്കുറിച്ച് ഭരണപക്ഷ എംഎല്‍എമാര്‍ തുടര്‍ച്ചയായ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ പ്രതിപക്ഷം ബഹളം വെച്ചു. പ്രതിപക്ഷ നേതാവ് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം എവിടെത്തിയെന്ന് സിപിഐഎം എംഎല്‍എ ഡി കെ മുരളി ചോദ്യമുന്നയിച്ചു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി. ബാറുടമയായി ബിജു രമേശ് ബാര്‍ ലൈന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ കൈക്കൂലിക കൊടുത്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രഹസ്യാന്വേഷണം നടത്തിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെയുള്ള അന്വേഷണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്കി. പ്രാഥമികാന്വേഷണത്തിന് അനുമതി നല്‍കണോയെന്ന് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി മറുപടി നല്കി. ഇതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി രമേശ് ചെന്നിത്തല സീറ്റില്‍ നിന്ന് എഴുന്നേറ്റു.
ഞാന്‍ ആരുടെ കൈയ്യില്‍ നിന്നും കോഴ വാങ്ങിയിട്ടില്ല. ചോദിച്ചിട്ടില്ല. ഏത് അന്വേഷണം നടത്തിയാലും ഞങ്ങള്‍ക്ക് ഒരു ചുക്കുമില്ല. ഏത് അന്വേഷണവും നടത്തട്ടെ.
രമേശ് ചെന്നിത്തല
ചെന്നിത്തലയുടെ മറുപടി
‘ഇത്തരമൊരു ചോദ്യവും ഇത്തരമൊരു ഉത്തരവും എന്തിന് വേണ്ടിയിട്ടാണ് എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. കേരളത്തിലെ പ്രതിപക്ഷം ഈ സര്‍ക്കാരിനെതിരെ നിരന്തരമായി അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന സര്‍ക്കാരാണിത്. അവരുടെ മുഖം രക്ഷിക്കാന്‍ വേണ്ടി പ്രതിപക്ഷവും ഇങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയുള്ള പാഴ് വേലയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഞാന്‍ ഗവര്‍ണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. ശരിയാണ് ഞാന്‍ ഗവര്‍ണറെ സമീപിച്ചു. കാരണം ഈ ബാര്‍കോഴയുമായി ബന്ധപ്പെട്ട ഈ ആരോപണങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം അന്വേഷിച്ചിട്ടുള്ളതാണ്. രണ്ട് തവണ അന്വേഷിച്ചു. ഇതിന് ആധാരമായുള്ള ഒരു സി ഡിയിലാണ് എന്റെ പേര് പരാമര്‍ശിക്കുന്നത്. ഈ സര്‍ക്കാരും കഴിഞ്ഞ സര്‍ക്കാരും അന്വേഷിച്ചിട്ട് ആ സിഡി വ്യാജമാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. കോടതിയില്‍ ഈ കേസ് നിലനില്‍ക്കുകയാണ്. അതിന്റെ റിപ്പോര്‍ട്ട് ഈ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ അടിസ്ഥാനരഹിതമായ ഒരു കാര്യമാണിത്. സര്‍ക്കാര്‍ ചെയ്യുമ്പോള്‍ നിയമപരമായി വേണം ചെയ്യാന്‍. അത് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞാന്‍ പറയുന്നു ഈ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സത്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്. ഞാന്‍ ആരുടെ കൈയ്യില്‍ നിന്നും കോഴ വാങ്ങിയിട്ടില്ല. ചോദിച്ചിട്ടില്ല. വളരെ ബോധപൂര്‍വ്വമായി പ്രതിപക്ഷത്തെ അപമാനിക്കാന്‍ വേണ്ടി നടത്തുന്ന ശ്രമമാണ്. ഏത് അന്വേഷണം നടത്തിയാലും ഞങ്ങള്‍ക്ക് ഒരു ചുക്കുമില്ല. ഏത് അന്വേഷണവും നടത്തട്ടെ. അഞ്ച് വര്‍ഷക്കാലം നിങ്ങള്‍ എന്തെല്ലാം അന്വേഷിച്ചു. സ്പീക്കറും ഇതിന് കൂട്ടാളിയായി. ഗവര്‍ണര്‍ പരിശോധിക്കുകയാണ്. പക്ഷെ, സ്പീക്കര്‍ അതിന് അനുമതിയും കൊടുത്തു. അതിലെനിക്ക് വിഷമം ഒന്നുമില്ല. ഏത് അന്വേഷണം വേണമെങ്കിലും നടക്കട്ടെ. എനിക്ക് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത് കോടതിയില്‍ നിലനില്‍ക്കുന്ന ഒരു കേസ്, രണ്ട് തവണ അന്വേഷിച്ച് വ്യാജമെന്ന് തെളിഞ്ഞ ഒരു സി ഡി. അതിനെ സംബന്ധിച്ച് ഒരു പെറ്റീഷന് എഴുതി വാങ്ങി, ഞങ്ങള്‍ ഈ സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തിരിച്ച് ആരോപണമുന്നയിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയം ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നു.’
ചോദ്യോത്തരവേളയില്‍ പ്രസ്താവന നടത്തരുത് എന്ന് സ്പീക്കര്‍ നിര്‍ദ്ദേശം നല്കിയപ്പോള് ഭരണപക്ഷം എംഎല്‍എമാര്‍ പറഞ്ഞത് കേട്ടില്ലേയെന്ന് ചെന്നിത്തല തിരിച്ചുചോദിച്ചു.
ചോദ്യോത്തരവേളയില്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കാത്തതിനെതിരെ പ്രതിപക്ഷം പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ തെരഞ്ഞെടുത്താണ് സംപ്രേക്ഷണം ചെയ്യുന്നത്. തത്സമയ സംപ്രേക്ഷണം അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തത്സമയ സംപ്രേക്ഷണത്തിന് പി ആര്ഡിക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്കി.