Top

‘ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള അജണ്ട’; സൈബര്‍ ക്രൈം ഭേദഗതി ഗുരുതര മനുഷ്യാവകാശ ലംഘനത്തിന് കാരണമാകുമെന്ന് ചെന്നിത്തല

‘തികച്ചും വ്യക്തികേന്ദ്രീകൃതമായ ഇത്തരം വിലയിരുത്തലുകള്‍ നടത്തി ഒരാളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുന്നത് സമുഹമാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുന്നവരെയും ബാധിക്കും’

23 Oct 2020 8:12 PM GMT

‘ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള അജണ്ട’; സൈബര്‍ ക്രൈം ഭേദഗതി ഗുരുതര മനുഷ്യാവകാശ ലംഘനത്തിന് കാരണമാകുമെന്ന് ചെന്നിത്തല
X

സംസ്ഥാന സര്‍ക്കാരിന്റെ സൈബര്‍ കുറ്റകൃത്യം തടയുന്നതിനുള്ള ഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൈബര്‍ കുറ്റകൃത്യം തടയുന്നതിനെന്ന പേരില്‍ വാറന്റില്ലാതെ അറസ്റ്റിന് അധികാരം നല്കുന്നതിനായി പോലീസ് ആക്ടില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി ഗുരുതരമായ മനുഷ്യവകാശലംഘനത്തിന് കാരണമായേക്കുമെന്ന് ചെന്നിത്തല പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയണമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. സ്ത്രീകള്‍ക്കും മറ്റും നേരേയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടിയും വേണം. പക്ഷേ വീണ്ടുവിചാരമില്ലാതെ നടത്തുന്ന നിയമഭേദഗതികള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന് അനിഷ്ടകരമായ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുക എന്ന മറ്റൊരു അജണ്ടയും ഇതിനു പിന്നിലുണ്ട് എന്നാണ് മനസിലാക്കുന്നത്.

രമേശ് ചെന്നിത്തല

സൈബര്‍ ക്രൈം തടയാനെന്ന വ്യാജേന മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ വരുന്നത് തടയാനുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ല. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ പോലും സര്‍ക്കാരിന് അവകാശം നല്‍കുന്ന ഇത്തരമൊരു നിയമഭേദഗതി സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന് അങ്ങേയറ്റം ഹാനികരമാണ്. ഇത് ഭരണഘടനയുടെ അന്തസത്തയ്ക്ക് എതിരാണ്. അപകീര്‍ത്തിപ്പെടുത്തല്‍, അപമാനിക്കല്‍ എന്നിവ വിലയിരുത്തുക പോലീസ് ഉദ്യോഗസ്ഥനായിരിക്കും. തികച്ചും വ്യക്തികേന്ദ്രീകൃതമായ ഇത്തരം വിലയിരുത്തലുകള്‍ നടത്തി ഒരാളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുന്നത് സമുഹമാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുന്നവരെയും ബാധിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ ഒരളവ് വരെ പര്യാപ്തമാണോ എന്നതും ഇത്തരം ഒരു നിയമഭേദഗതി സുപ്രീം കോടതി അനുവദിക്കുമോ എന്ന കാര്യവും ഈ ഭേദഗതിക്കു മുന്‍പായി സര്‍ക്കാര്‍ പരിഗണിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Next Story