Top

‘ഉദ്യോഗാര്‍ത്ഥികളുടെ മുറിവില്‍ ഉപ്പ് തേച്ച ശേഷം, മന്ത്രിതല ചര്‍ച്ച തട്ടിക്കൂട്ടി’; സര്‍ക്കാരിന്റെ ശ്രമം ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കാനെന്ന് ചെന്നിത്തല

ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ സമരത്തിനു നേരേ മുഖംതിരിച്ചു നിന്ന സര്‍ക്കാര്‍ ഇപ്പോഴും അവരെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പേ സര്‍ക്കാരിന് ഇടപെടാമായിരുന്നു. പകരം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ അപഹസിക്കുകയായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കകളെയും ദുരിതത്തെയും കുറിച്ച് സര്‍ക്കാരിന് ബോധോദയമുണ്ടായതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനോടാലോചിച്ച് വേണ്ടത് ചെയ്യുമെന്ന സര്‍ക്കാരിന്റെ അവകാശവാദം ആത്മാര്‍ത്ഥയില്ലാത്തതാണ്. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുന്‍പ് സര്‍ക്കാരിന് പലതും […]

28 Feb 2021 10:57 AM GMT

‘ഉദ്യോഗാര്‍ത്ഥികളുടെ മുറിവില്‍ ഉപ്പ് തേച്ച ശേഷം, മന്ത്രിതല ചര്‍ച്ച തട്ടിക്കൂട്ടി’; സര്‍ക്കാരിന്റെ ശ്രമം ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കാനെന്ന് ചെന്നിത്തല
X

ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ സമരത്തിനു നേരേ മുഖംതിരിച്ചു നിന്ന സര്‍ക്കാര്‍ ഇപ്പോഴും അവരെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പേ സര്‍ക്കാരിന് ഇടപെടാമായിരുന്നു. പകരം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ അപഹസിക്കുകയായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കകളെയും ദുരിതത്തെയും കുറിച്ച് സര്‍ക്കാരിന് ബോധോദയമുണ്ടായതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് കമ്മീഷനോടാലോചിച്ച് വേണ്ടത് ചെയ്യുമെന്ന സര്‍ക്കാരിന്റെ അവകാശവാദം ആത്മാര്‍ത്ഥയില്ലാത്തതാണ്. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുന്‍പ് സര്‍ക്കാരിന് പലതും ചെയ്യാമായിരുന്നു. അന്ന് ഇതിനായി ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല.

രമേശ് ചെന്നിത്തല

പിഎസ്‌സി ലിസ്റ്റുകളുടെ കാലാവധി വര്‍ധിപ്പിക്കണമെന്നതായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ പ്രധാന ആവശ്യം. എന്നാല്‍ കാലാവധി നീട്ടിയില്ലന്ന് മാത്രമല്ല അവയെല്ലാം റദ്ദാക്കുകയും ചെയ്തു. ഇതു വഴി ഉദ്യോഗാര്‍ത്ഥികളുടെ വിലാപങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ വാതിലുകള്‍ കൊട്ടിയടക്കുകയായിരുന്നു. ഉദ്യോഗാര്‍ത്ഥികളുമായി ഒരു കാരണവശാലും ചര്‍ച്ച നടത്തില്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് ചര്‍ച്ചക്കായി ഡിവൈഎഫ്‌ഐ നേതാക്കന്‍മാരെ അയച്ച് ഉദ്യോഗാര്‍ത്ഥികളെ അപമാനിച്ചു. പിന്നെ എഡിജിപിയെപ്പോലുള്ള ഉദ്യോഗസ്ഥന്‍മാരെ ചര്‍ച്ചയ്ക്ക് വിട്ട് ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടായ മുറിവില്‍ സര്‍ക്കാര്‍ ഉപ്പ് തേച്ചു. അവസാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും, സര്‍ക്കാരിന് മുഖം രക്ഷിക്കാന്‍ വേറെ മാര്‍ഗമൊന്നുമില്ലന്ന് വരികയും ചെയ്തപ്പോള്‍ മന്ത്രിതല ചര്‍ച്ച തട്ടിക്കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തത്. യാതൊരു ആത്മാര്‍ത്ഥതയും സര്‍ക്കാരിന് ഈ വിഷയത്തില്‍ ഇല്ലായിരുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിക്കുകയാണെന്ന് പിഎസ്സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരുന്നു. മന്ത്രി എകെ ബാലനുമായി ചേര്‍ന്ന ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ വളരെ അനുകൂലമായ സമീപനമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സിന്റെ ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുന്നതിനും, ലാസ്റ്റ് ഗ്രേഡില്‍ വരുന്ന ഒഴിവുകളില്‍ നിയമനം നടത്താനുള്ള നടപടി ക്രമങ്ങള്‍ക്കുള്ള ശുപാര്‍ശയും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇതുവരെ സമരത്തിനൊപ്പം നിന്ന രാഷ്ട്രീയ പാര്‍ട്ടികളോടും മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നെന്നും വ്യക്തമാക്കി. ചര്‍ച്ചയിലെ മിനുട്സ് രേഖയായി കണക്കാക്കി ഉടന്‍ പുറത്തുവിടുമെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ ജോലി സമയം എട്ട് മണിക്കൂര്‍ അല്ലെങ്കില്‍ ആഴ്ചയില്‍ 48 മണിക്കൂര്‍ എന്ന നിലയില്‍ നിജപ്പെടുത്തല്‍, ഇതിലേക്ക് വരുന്ന ഒഴിവുകളില്‍ എല്‍ജിഎസിന്റെ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുക എന്നിവയ്ക്കാണ് തീരുമാനം ആയിരിക്കുന്നത്. അതേസമയം സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുമെന്ന് വ്യക്തമാക്കി. രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചിട്ടില്ലെന്നും സമരം ശക്തമായി തുടരുമെന്ന് സിപിഒ റാങ്ക് ഹോള്‍ഡേഴ്സ് പറഞ്ഞു.

Next Story

Popular Stories