‘ഉമ്മന്‍ ചാണ്ടി വിസ്മയം’; കേരള രാഷ്ട്രീയത്തെ നയിക്കാന്‍ സാധിക്കട്ടെയെന്ന് രമേശ് ചെന്നിത്തല

ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തിന്റെ വിസ്മയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എപ്പോഴും ജനങ്ങളോടൊപ്പം നീങ്ങുകയും ജനങ്ങള്‍ക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന അനിതരസാധാരണമായ പ്രവര്‍ത്തന ശൈലിയുടെ ഉടമയാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടിയെ സംസ്ഥാന നിയമസഭ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തുറ്റ മുഖമാണ് ഉമ്മന്‍ ചാണ്ടിയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. കെഎസ്‌യു പ്രവര്‍ത്തകനായി കേരള രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന അദ്ദേഹം, പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും സഹപ്രവര്‍ത്തകരുടേയും ജനങ്ങളുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റിയിട്ടുള്ള വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹം പറഞ്ഞു.

1970ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് അദ്ദേഹം പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്. അന്ന് മുതല്‍ ഇന്ന് വരെ ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് കെഎം മാണിയെ പോലെ 50 വര്‍ഷം അദ്ദേഹം പൂര്‍ത്തിയാക്കിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ അദ്ദേഹത്തി ന്റെ മുന്നില്‍ വന്നിട്ടുള്ള എല്ലാ ആവലാതികളും പരിഹരിച്ചിട്ടുള്ള വ്യക്തിയാണ് ഉമ്മന്‍ ചാണ്ടിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഇനിയും കേരള രാഷ്ട്രീയത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും നിയമസഭയില്‍ സംസാരിക്കവെ ചെന്നിത്തല പറഞ്ഞു.

Latest News