
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി അനാസ്ഥ മൂലം മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് ബാധിതനായ ഫോര്‍ട്ട് കൊച്ചി സ്വദേശി സി കെ ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറിക്കിടന്നതാണെന്ന നഴ്സിങ് ഓഫിസറുടെ ശബ്ദസന്ദേശം ഞെട്ടിപ്പിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സത്യം വെളിപ്പെടുത്തിയ നഴ്സിങ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. യഥാര്‍ത്ഥ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാതെ സത്യം പറയുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ജീവനക്കാര്‍ക്കുള്ള സര്‍ക്കാറിന്റെ താക്കീതാണിതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങളുണ്ടാക്കിയിരുന്ന സംസ്ഥാനം ലോകത്തിന് മുന്പില് തലകുനിക്കുന്ന സാഹചര്യങ്ങളില്‍ ഒടുവിലത്തേതാണ് ഇത്. പഴുതുകളില്ലാത്ത ചികിത്സയിലല്ല, പബ്ലിക് റിലേഷന്‍ സ്റ്റണ്ടിലാണ് സര്‍ക്കാരിന് താല്പര്യം.
ചെന്നിത്തല
കോവിഡ് ബാധിതയായ യുവതി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഇവിടെയുണ്ടായി. കൊട്ടിഘോഷിച്ചു നടന്ന പി.ആര് ആഘോഷങ്ങളുടെ സത്യാവസ്ഥ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. കേരളത്തിലെ കോവിഡ് പ്രതിരോധത്തിന്റെ നേര്‍ചിത്രമാണ് എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ശബ്ദസന്ദേശം കാണിച്ചുതരുന്നത്. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. സുതാര്യമായി നടക്കേണ്ട ആശുപത്രിയിലെ പല സംഭവങ്ങളും മൂടിവയ്ക്കപ്പെടുന്നുണ്ടോ എന്നത് വിശദമായി പരിശോധിക്കണം.
സുഖംപ്രാപിച്ചു വന്ന ആളുടെ മരണകാരണം ചികിത്സാപിഴവാണെന്നും ഡോക്ടര്‍മാര്‍ വിവരം പുറത്തുവിടാത്തതിനാലാണ് പിഴവിന് ഉത്തരവാദികള്‍ രക്ഷപ്പെട്ടതെന്നുമാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. ഹാരിസിന്റെ മരണത്തില്‍ നേരത്തേ തന്നെ സംശയമുണ്ടായിരുന്നതായും ചികിത്സാപിഴവുമൂലമുള്ള കൊലപാതകവുമാണെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.