
റെയ്ഡിനിടെ പിടിച്ചെടുത്ത 103 പവന് സ്വര്‍ണ്ണം കാണാതായ സംഭവം ലോക്കല്‍ പൊലീസ് അന്വേഷിക്കുന്നത് തങ്ങള്‍ക്ക് നാണക്കേടാണെന്ന് അറിയിച്ച സിബിഎയ്ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. ലോക്കല്‍ പൊലീസിന് വാലും നിങ്ങള്‍ക്ക് മാത്രം കൊമ്പുമാണോ ഉള്ളതെന്നായിരുന്നു സിബിഐ അഭിഭാഷകന് നേരെ കോടതിയുടെ പരിഹാസം. ചെന്നൈ സുരാന്ന കോര്പ്പേറഷന് റെയ്ഡിനിടെ സിബിഐ പിടിച്ചെടുത്ത 400 പവന് സ്വര്‍ണ്ണത്തില്‍ നിന്ന് 103 പവന് കസ്റ്റഡിയില്‍ നിന്ന് കാണാതായ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ പരാമര്‍ശം. 2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
സ്വര്‍ണ്ണം കാണാതായ സംഭവം ലോക്കല്‍ പൊലീസിന് പകരം എന്‍ഐഎ ഇടപെട്ട് അന്വേഷിക്കണമെന്നായിരുന്നു സിബിഐയുടെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറിന്റെ വാദം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. ഇത് ചിലപ്പോള്‍ സിബിഐയ്ക്ക് അഗ്നി പരീക്ഷയാകാമെന്നും നിങ്ങളുടെ കൈ ശുദ്ധമാണെങ്കില്‍ സീതാ ദേവിയെപ്പോലെ നിങ്ങളുടെ പരിശുദ്ധി വര്ധിക്കുകയേയുള്ളൂവെന്നും കോടതി പറഞ്ഞു. മറിച്ചാണെങ്കില്‍ സിബിഐയ്ക്ക് ഗുരുതരപ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സ്വര്‍ണ്ണം തൂക്കിനോക്കിയപ്പോള്‍ സംഭവിച്ച പിഴവാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്നായിരുന്നു സിബിഐയുടെ വാദം. കാലപ്പഴക്കം കൊണ്ട് ചുരുങ്ങിപ്പോകാന്‍ സ്വര്‍ണ്ണം കഞ്ചാവാണോ എന്നായിരുന്നു വാദം കേട്ടശേഷം സിബിഐയുടെ പരിഹാസം. ലോക്കറിന്റെ 72 താക്കോലുകളും ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തങ്ങള്‍ സമര്പ്പിച്ചതായിരുന്നുവെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നും ആറ്്മാസത്തിനുള്ളില് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
- TAGS:
- CBI
- Madras High Court