Top

ചെങ്ങന്നൂരില്‍ നിയമസഭ പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജ്യോതി വിജയകുമാറോ?; സജി ചെറിയാന്‍ തന്നെ വീണ്ടുമെത്തിയേക്കും

ആലപ്പുഴ: യുഡിഎഫിന്റെ എക്കാലത്തെയും കോട്ടയായാണ് ചെങ്ങന്നൂര്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ 2016ല്‍ കെകെ രാമചന്ദ്രന്‍ നായര്‍ ആ കോട്ട പൊളിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെകെ രാമചന്ദ്രന്‍ നായര്‍ യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിനെ 7983 വോട്ടിന് പരാജയപ്പെടുത്തിയാണ് യുഡിഎഫ് കോട്ട പിടിച്ചെടുത്തത്. കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്ന് 2018ല്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. രാമചന്ദ്രന്‍ നായര്‍ നേടിയ ഭൂരിപക്ഷം മൂന്നിരട്ടിയോളം ഉയര്‍ത്തി എല്‍ഡിഎഫിന്റെ സിപിഐഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ […]

12 Dec 2020 10:21 PM GMT

ചെങ്ങന്നൂരില്‍ നിയമസഭ പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജ്യോതി വിജയകുമാറോ?; സജി ചെറിയാന്‍ തന്നെ വീണ്ടുമെത്തിയേക്കും
X

ആലപ്പുഴ: യുഡിഎഫിന്റെ എക്കാലത്തെയും കോട്ടയായാണ് ചെങ്ങന്നൂര്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ 2016ല്‍ കെകെ രാമചന്ദ്രന്‍ നായര്‍ ആ കോട്ട പൊളിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെകെ രാമചന്ദ്രന്‍ നായര്‍ യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിനെ 7983 വോട്ടിന് പരാജയപ്പെടുത്തിയാണ് യുഡിഎഫ് കോട്ട പിടിച്ചെടുത്തത്.

കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്ന് 2018ല്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. രാമചന്ദ്രന്‍ നായര്‍ നേടിയ ഭൂരിപക്ഷം മൂന്നിരട്ടിയോളം ഉയര്‍ത്തി എല്‍ഡിഎഫിന്റെ സിപിഐഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ഇവിടെ വിജയിച്ചത്.

മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മണ്ഡലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു. പിടിച്ചെടുത്ത സീറ്റ് നിലനിര്‍ത്താനുള്ള ആലോചനകളിലാണ് സിപിഐഎമ്മെങ്കില്‍ കൈവിട്ട കോട്ട തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

സിറ്റിങ് എംഎല്‍എ സജി ചെറിയാനെ തന്നെ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് തയ്യാറേക്കുക. ഒരു തവണ മാത്രമാണ് എംഎല്‍എ ആയിട്ടുള്ളൂ എന്നതും സജി ചെറിയാന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സഹായകരമാണ്. മറ്റൊരു പേരും നിലവില്‍ എല്‍ഡിഎഫ് ഭാഗത്ത് പറഞ്ഞു കേള്‍ക്കുന്നില്ല.

യുഡിഎഫ് സ്ഥാനാര്‍ത്ഥി സാധ്യത ചര്‍ച്ചകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് കെപിസിസി സെക്രട്ടറി ജ്യോതി വിജയകുമാറിന്റേതാണ്. മികച്ച പ്രാസംഗികയും പരിഭാഷകയുമായ ജ്യോതി വിജയകുമാര്‍ വന്നാല്‍ മികച്ച മത്സരം കാഴ്ചവെക്കാമെന്ന് പല നേതാക്കളും കരുതുന്നു. മണ്ഡലത്തിന് പുറത്തുള്ള പൊതുസമൂഹത്തിലും ജ്യോതിയെ അറിയാമെന്നതും വിജയിക്കാന്‍ സഹായകരമാവുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

തിരുവനന്തപുരം സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രസംഗങ്ങള്‍ പരിഭാഷ ചെയ്താണ് ആദ്യം ജനശ്രദ്ധ നേടിയത്. ജ്യോതിയുടെ പേര് സജീവമായി നില്‍ക്കുമ്പോള്‍ തന്നെ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പിതാവ് ഡി വിജയകുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് എന്നത് ഒരു പക്ഷെ സ്ഥാനാര്‍ത്ഥിത്വത്തിന് തടസ്സമായേക്കാം. അങ്ങനെയെങ്കില്‍ മറ്റു പേരുകളെ പരിഗണിക്കുവാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കും.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് വോട്ടുകള്‍ കുറഞ്ഞിരുന്നു. 2016ല്‍ 42,682 വോട്ട് നേടിയ പിഎസ് ശ്രീധരന്‍പിള്ളയെ തന്നെയാണ് ബിജെപി രംഗത്തിറക്കിയതെങ്കിലും വോട്ട് കുറയുകയായിരുന്നു. ശ്രീധരന്‍പിള്ള തന്നെ ഇക്കുറിയും മത്സരിക്കുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.

Next Story