Top

ഹാലണ്ടിനെ വിടാതെ പിന്തുടര്‍ന്ന് ചെല്‍സി; 170 മില്യണ്‍ തരാമെന്ന് ഇംഗ്ലീഷ് ക്ലബ്, പണം കൊണ്ടു മൂടിയാലും തരില്ലെന്നു ഡോര്‍ട്ട്മുണ്ട്

ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടിനെ എന്തു വിലകൊടുത്തും സ്വന്തമാക്കാന്‍ കച്ചമുറുക്കുകയാണ് ഇംഗ്ലീഷ് ക്ലബ് ചെല്‍സി. താരത്തെ വിട്ടുനല്‍കാന്‍ താല്‍പര്യമില്ലെന്നു ബൊറൂസിയ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും ചെല്‍സി പിന്മാറാന്‍ ഒരുക്കമല്ല. ഹാലണ്ടിനായി 170 മില്യണ്‍ പൗണ്ട് മുടക്കാന്‍ തയാറാണെന്ന് ഇന്നലെ ചെല്‍സി അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. ഹാലണ്ടിന്റെ ഏജന്റുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും ക്ലബ് വൃത്തങ്ങള്‍ വ്യക്തമാക്കി. 170 മില്യണു പുറമേ ചെല്‍സി യുവതാരം ടാമി ഏബ്രഹാമിനെ ഡോര്‍ട്ട്മുണ്ടിനു നല്‍കാമെന്നും ചെല്‍സി വാഗ്ദാനം ചെയ്യുന്നു. […]

8 Jun 2021 2:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹാലണ്ടിനെ വിടാതെ പിന്തുടര്‍ന്ന് ചെല്‍സി; 170 മില്യണ്‍ തരാമെന്ന് ഇംഗ്ലീഷ് ക്ലബ്, പണം കൊണ്ടു മൂടിയാലും തരില്ലെന്നു ഡോര്‍ട്ട്മുണ്ട്
X

ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടിനെ എന്തു വിലകൊടുത്തും സ്വന്തമാക്കാന്‍ കച്ചമുറുക്കുകയാണ് ഇംഗ്ലീഷ് ക്ലബ് ചെല്‍സി. താരത്തെ വിട്ടുനല്‍കാന്‍ താല്‍പര്യമില്ലെന്നു ബൊറൂസിയ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും ചെല്‍സി പിന്മാറാന്‍ ഒരുക്കമല്ല.

ഹാലണ്ടിനായി 170 മില്യണ്‍ പൗണ്ട് മുടക്കാന്‍ തയാറാണെന്ന് ഇന്നലെ ചെല്‍സി അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. ഹാലണ്ടിന്റെ ഏജന്റുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും ക്ലബ് വൃത്തങ്ങള്‍ വ്യക്തമാക്കി.

170 മില്യണു പുറമേ ചെല്‍സി യുവതാരം ടാമി ഏബ്രഹാമിനെ ഡോര്‍ട്ട്മുണ്ടിനു നല്‍കാമെന്നും ചെല്‍സി വാഗ്ദാനം ചെയ്യുന്നു. എന്തു വിലകൊടുത്തും ഹാലണ്ടിനെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ എത്തിക്കുകയാണ് ചെല്‍സിയുടെ ലക്ഷ്യം.

ഇടവേളയ്ക്കു ശേഷം ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ കോച്ച് തോമസ് ട്യൂഷേല്‍ ഈ ഒരു ആവശ്യം മാത്രമാണ് ക്ലബ് ഉടമയും റഷ്യന്‍ ബിസിനസ് ടൈക്കൂണുമായ റോമന്‍ അബ്രഹമോവിച്ചിനു മുന്നില്‍ വച്ചിട്ടുള്ളു. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മറ്റൊരു താരത്തെ എത്തിച്ചില്ലെങ്കിലും ഹാലണ്ടിനെ വേണമെന്നാണ് ട്യൂഷലിന്റെ ആവശ്യമെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഒരു കാരണവശാലും വരുന്ന സീസണില്‍ ഹാലണ്ടിനെ വിട്ടുനല്‍കില്ലെന്നാണ് ബൊറൂസിയയുടെ നിലപാട്. ഹാലണ്ടിനായി യൂറോപ്പിലെ ഒട്ടുമിക്ക ക്ലബുകളും ഡോര്‍ട്ട്മുണ്ടിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ കരാര്‍ പുതുക്കാനുള്ള ഒരുക്കത്തിലാണ് ജര്‍മന്‍ ക്ലബ്.

2019 അവസാനമാണ് ഹാലണ്ട് ടോര്‍ട്ട്മുണ്ടിലെത്തുന്നത്. ഇതുവരെ 43 മത്സരങ്ങളില്‍ ജര്‍മന്‍ ടീമിനായി ബൂട്ടുകെട്ടിയ താരം 40 ഗോളുകളും നേടി. നോര്‍വെ ദേശീയ ടീമിനായി 12 മത്സരങ്ങളില്‍ നിന്ന് ഏഴു ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.

Next Story

Popular Stories