ചേലക്കര: നാലുതവണ വിജയിച്ച മുന്‍ എംഎല്‍എയുടെ ജനകീയതയില്‍ വിശ്വാസം അര്‍പ്പിച്ച് എല്‍ഡിഎഫ്; മുന്‍ ജില്ലാപഞ്ചായത്ത് അധ്യക്ഷനെ രംഗത്തിറക്കി പോരാട്ടത്തിന് യുഡിഎഫ്; വോട്ടുകൂട്ടാന്‍ ബിജെപി
തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, പഴയന്നൂര്‍, തിരുവില്വാമല, വള്ളത്തോള്‍ നഗര്‍, വരവൂര്‍ പഞ്ചായത്തുകള്‍ ചേര്‍ന്ന സംവരണ മണ്ഡലമാണ് ചേലക്കര.
26 March 2021 5:20 AM GMT
അനുപമ ശ്രീദേവി

കാല്‍നൂറ്റാണ്ടുകാലമായി നിയമസഭാതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര. എന്നാല്‍ മണ്ഡലചരിത്രം പരിശോധിച്ചാല്‍ ആറുവീതം വിജയങ്ങളുള്ള എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് ഒരുപോലെ സ്വാധീനം കാണാവുന്ന മണ്ഡലവും.
രണ്ടുടേം നിബന്ധനയില്‍ മണ്ഡലത്തിലെ പ്രമുഖരെപോലും ഒഴിവാക്കിയ സിപിഐഎം പക്ഷേ മുന്‍പ് നാലുതവണ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മുന്‍ എംഎല്‍എ കെ രാധാകൃഷ്ണനെയാണ് ഒരിടവേളക്കുശേഷം 2021ല്‍ മണ്ഡലത്തിലെത്തിക്കുന്നത്. മറുപക്ഷത്ത് 1996നുശേഷം വിജയം കാണാനാകാത്ത സീറ്റ് തിരിച്ചുപിടിക്കാന്‍ സംഘടനാതലത്തില്‍ കഴിവുതെളിയിച്ച സി സി ശ്രീകുമാറിനെയാണ് യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടാനായ വലിയ ഭൂരിപക്ഷമാണ് ഇവിടെ യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്. അതേസമയം ബിജെപിക്കുവേണ്ടി 2016-ല്‍ പത്തുശതമാനത്തോളം വോട്ടുകളുയര്ത്തിയ ഷാജുമോന്‍ വട്ടക്കാട് ഇത്തവണയും മുന്നേറ്റം പ്രതീക്ഷിച്ചു തന്നെയാണ് രംഗത്തിറങ്ങുന്നത്. ഈ സാഹചര്യത്തില്‍ കടുത്ത പോരാട്ടത്തിന് തന്നെ സാധ്യതയുള്ള മണ്ഡലത്തില്‍ അട്ടിമറിയുണ്ടായേക്കുമെന്ന് ചില സര്‍വ്വേകള്‍ പ്രവചിക്കുകയും ചെയ്യുന്നു.
1967 മുതല്‍ നിലവിലുള്ള മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐഎം നേതാവ് പി കുഞ്ഞനാണ് ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തിയത്. എന്നാല്‍ അത്തവണ പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ കെ ബാലകൃഷ്ണന് 1970ല്‍ സിപിഐഎമ്മിന്റെ കെ എസ് ശങ്കരനെ പരാജയപ്പെടുത്തി മണ്ഡലം പിടിക്കുകയും പിന്നീട് 1977ലും 1980ലും ശങ്കരനെ തന്നെ പ്രധാന എതിരാളിയായി നേരിട്ട് ഹാട്രിക് വിജയം നേടുകയും ചെയ്തു. തുടര്‍ന്ന് 1982ലെ തെരഞ്ഞെടുപ്പില്‍ 2123 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ടി കെ സി വടുതലയെ പിന്തള്ളി വിജയിച്ച സി കെ ചക്രപാണി ചേലക്കരയെ വീണ്ടും ഇടതുപക്ഷത്ത് എത്തിച്ചെങ്കിലും 1987ല്‍ കോണ്‍ഗ്രസിന്റെ എം എ കിട്ടപ്പന്‍ സിപിഐഎമ്മിന്റെ കെ വി പുഷ്പയെ 7751 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിക്കുകയും 1991ല്‍ എം പി താമിയെ വിജയിപ്പിച്ച് ചേലക്കര യുഡിഎഫിനൊപ്പം തുടരുകയും ചെയ്തു.
എന്നാല്‍ 1996ല്‍ കോണ്‍ഗ്രസിന്റെ ടി എ രാധാകൃഷ്ണനെ 2323 വോട്ടുകള്‍ക്ക് പിന്തള്ളിക്കൊണ്ട് കെ രാധാകൃഷ്ണന് വിജയിച്ചതോടെ എല്‍ഡിഎഫ് വീണ്ടും മണ്ഡലത്തിലേക്ക് തിരിച്ചെത്തി. തന്റെ കന്നിയങ്കത്തിലെ ആ വിജയത്തോടെ കെ രാധാകൃഷ്ണന് ഇ കെ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി, യുവജന ക്ഷേമ വകുപ്പു മന്ത്രിയുമായി. 2001ല്‍ സീറ്റ് തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലുമായെത്തിയ കെ എ തുളസിയെ 1475 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അദ്ദേഹം സീറ്റു നിലനിര്‍ത്തി. തുടര്‍ന്ന് 2006ലും 2011ലും വിജയം ആവര്‍ത്തിച്ച കെ രാധാകൃഷ്ണന് 2006ല്‍ 14629 വോട്ടുകളും 2011ല്‍ 24676 വോട്ടുകളുമായിരുന്നു ഭൂരിപക്ഷമുണ്ടായിരുന്നത്. മൂന്നാം ടേമില്‍ പി സി മണികണ്ഠനും നാലാം ടേമില്‍ കെ ബി ശശികുമാറുമായിരുന്നു പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. 2006ല്‍ കേരള നിയമസഭയുടെ സ്പീക്കറായും കെ രാധാകൃഷ്ണന് പ്രവര്‍ത്തിച്ചു.

2016ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തെ നാലുതവണ നിയമസഭയില്‍ പ്രതിനിധീകരിച്ച രാധാകൃഷ്ണനുപകരം യു ആര് പ്രദീപിനെ സിപിഐഎം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി. തദ്ദേശഭരണ തലത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ യു ആര് പ്രദീപിനെ നേരിടാന്‍ 2001ല്‍ കെ രാധാകൃഷ്ണനെ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിലെത്തിച്ച കെ എ തുളസിയെയായിരുന്നു യുഡിഎഫ് കളത്തിലിറക്കിയത്. തെരഞ്ഞെടുപ്പില്‍ കെ എ തുളസിയെ 10200 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി പ്രദീപ് മണ്ഡലം നിലനിര്‍ത്തി. എന്നാല്‍ 2011ലേതിനേക്കാള്‍ 10.61 ശതമാനം വോട്ടുകളുടെ ഇടിവായിരുന്നു ഇടതുപക്ഷത്തിന് അത്തവണ മണ്ഡലത്തിലുണ്ടായത്. അതേസമയം, 2011ലെ 5.31 ശതമാനത്തില്‍ നിന്ന് 15.77 വോട്ടുകളിലേക്ക് വോട്ടുകളുയര്ത്തിയ ബിജെപിയുടെ പ്രകടനമായിരുന്നു ശ്രദ്ധേയമായത്.
തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, പഴയന്നൂര്‍, തിരുവില്വാമല, വള്ളത്തോള്‍ നഗര്‍, വരവൂര്‍ പഞ്ചായത്തുകള്‍ ചേര്‍ന്ന സംവരണ മണ്ഡലമാണ് ചേലക്കര. ജില്ലയുടെ വടക്കുകിഴക്കേ അറ്റത്തു നിളയോടു ചേര്‍ന്നു കിടക്കുന്ന ചേലക്കരയിലാണ് തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രവും കാളിയാറോഡ് പള്ളിയും കലാമണ്ഡലവും കുത്താമ്പുള്ളിയും ഉള്‍പ്പെടുന്നത്. 2008ലെ മണ്ഡലപുനര്നിര്ണ്ണയത്തിലെ ജില്ലയിലെ ഭൂരിഭാഗം മണ്ഡലങ്ങളുടെയും അതിര്‍ത്തികള്‍ പുനര്‍ നിര്ണ്ണയിക്കപ്പെട്ടെങ്കിലും 1965 മുതല്‍ ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തികള്‍ക്ക് മാറ്റം വന്നിട്ടില്ല.
കര്‍ഷകരും തൊഴിലാളികളും ജനവിധിയെ സ്വാധീനിക്കുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ആകെ ഒമ്പത് പഞ്ചായത്തുകളില്‍ അഞ്ച് പഞ്ചായത്തുകള്‍ എല്‍ഡിഎഫിനൊപ്പവും നാലെണ്ണം യുഡിഎഫിനൊപ്പവുമായിരുന്നു. ചേലക്കര, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, വരവൂര്‍ പഞ്ചായത്തുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ ദേശമംഗലം, കൊണ്ടാഴി, പഴയന്നൂര്‍, തിരുവില്വാമല പഞ്ചായത്തുകളാണ് യുഡിഎഫിന് നേടാനായത്. ആലത്തൂര്‍ ലോകസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിന് 23695 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു.

2021 ല്‍ വീണ്ടുമൊരു നിയമസഭാതെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള് മുന്‍ മന്ത്രിയും സ്പീക്കറുമായ കെ രാധാകൃഷ്ണനെ ഒരിടവേളക്കുശേഷം ചേലക്കരയില്‍ അഞ്ചാമങ്കത്തിനിറക്കുകയാണ് എല്‍ഡിഎഫ്. എന്നാല്‍ സിറ്റിംഗ് എംഎല്‍എയായ യു ആര് പ്രദീപിന് സീറ്റ് നിഷേധിച്ചതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി നിലനില്‍ക്കുന്നുണ്ട്. സിറ്റിംഗ് എംഎല്‍എയായ യു ആര് പ്രദീപിന് രണ്ടാമൂഴം കൊടുക്കാമെന്ന ജില്ലാ സെക്രട്ടറിയേറ്റിന്റെ നീക്കത്തെ തഴഞ്ഞ് ചേലക്കരയില്‍ മുതിര്‍ന്ന നേതാവ് കെ രാധാകൃഷ്ണനെ മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുത്തതോടെ രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് മണ്ഡലത്തില്‍ ചേലക്കര സഖാക്കളുടെ പേരില്‍ പോസ്റ്ററുകളുയര്‍ന്നിരുന്നു. ഒരു തവണ മാത്രം മത്സരിച്ച പ്രദീപിന് രണ്ടുടേം നിബന്ധന ബാധകമല്ലെന്നിരിക്കെ എംഎല്‍എയെ രാഷ്ട്രീയ രക്തസാക്ഷിയാക്കുകയായിരുന്നു എന്നതടക്കമുള്ള ആരോപണങ്ങളുന്നയിച്ചായിരുന്നു പോസ്റ്റര്‍ പ്രതിഷേധം. ലോക്സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മണ്ഡലത്തിലുണ്ടാക്കിയ വ്യക്തമായ മുന്നേറ്റവും തദ്ദേശതെരഞ്ഞെടുപ്പിലെ ഇഞ്ചോടിഞ്ച് പോരാട്ടവും യുഡിഎഫിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പ്രവര്‍ത്തകരില്‍ നിന്നുള്ള പതിവില്ലാത്ത പ്രതിഷേധം എല്‍ഡിഎഫ് നേരിട്ടത്. എന്നാല്‍ ജനകീയനായ നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാധാകൃഷ്ണന്റെ പ്രതിച്ഛായയും മണ്ഡലത്തിലുള്ള സ്വാധീനവും എതിര്‍പ്പുകളെ മറികടന്ന് വിജയം കാണുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.
യുഡിഎഫില്‍ ഇത്തവണ മുസ്ലിം ലീഗിന് കൈമാറിയ മൂന്ന് അധികസീറ്റുകളിലൊന്നായിരുന്നു ചേലക്കര. സീറ്റുവിഭജനത്തിന്റെ തുടക്ക ഘട്ടത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതനുസരിച്ച് ചേലക്കര ലീഗ് ഏറ്റെടുക്കുകയാണെങ്കില്‍ വനിതാ ലീഗ് ദേശീയ സെക്രട്ടറിയും ദളിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷയുമായ ജയന്തി രാജന് ഇവിടെ നിന്ന് ജനവിധി തേടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ കൈമാറ്റത്തിനെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടികള്‍ രംഗത്തെത്തി. മുസ്ലിം ലീഗ് ജില്ലാ നേതൃത്വവും മണ്ഡലം ഏറ്റെടുക്കുന്നതിനെതിരായിരുന്നു. അഞ്ചു തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെടുന്ന ചേലക്കരയില്‍ ലീഗ് വോട്ടുകള്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ജില്ലാ നേതൃത്വം സീറ്റ് നിരസിച്ചതോടെയാണ് ചേലക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍ മത്സരിക്കുന്നതിലേക്കെത്തിയത്.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലിരിക്കെ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ മികച്ച സംഘാടകനെന്ന നിലയിലും കഴിവുതെളിയിച്ചിട്ടുള്ള നേതാവാണ്. എന്നാല്‍ സി സി ശ്രീകുമാറിന് പകരം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കെ വി ദാസനെ മണ്ഡലത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഒമ്പത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എഐസിസി നേതാക്കളായ എ കെ ആന്റണി, കെ സി വേണുഗോപാല്‍, താരിഖ് അന്‍വര്‍ എന്നിവര്‍ക്കും കത്തുനല്‍കുകയും വിജയ സാധ്യതയില്ലാത്ത സി സി ശ്രീകുമാറിനെ ചേലക്കരയ്ക്ക് വേണ്ട എന്നടക്കം പതിച്ച പ്രതിഷേധ പോസ്റ്ററുകളും സി സി ശ്രീകുമാറിനെതിരെ മണ്ഡലത്തിലുയര്ന്നിരുന്നു. എന്നാല്‍ ലോക്സഭാതെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാര്ത്ഥികളുണ്ടാക്കിയ മുന്നേറ്റം നിയമസഭാതെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ച് ഒരട്ടിമറി വിജയത്തിനാണ് യുഡിഎഫ് ലക്ഷ്യം വെയ്ക്കുന്നത്.

2016ല്‍ മണ്ഡലത്തിലെ 15 ശതമാനത്തിലധികം വോട്ടുപിടിച്ച പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാടിനെ തന്നെയാണ് ബിജെപി വീണ്ടും കളത്തിലിറക്കുന്നത്. ഇത്തവണ വോട്ടുവിഹിതമുയര്‍ത്തി ഒരു ത്രികോണ പോരാട്ടത്തിന് സാഹചര്യമൊരുക്കാനായിരിക്കും ബിജെപി ശ്രമിക്കുക. പഞ്ചഗുസ്തി, കബഡി താരം കൂടിയായ ഷാജുമോന്‍ മണ്ഡലത്തില്‍ വിപുലമായ ബന്ധങ്ങളുണ്ട്.