
തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി താന്‍ മത്സരത്തിനിറങ്ങുമെന്ന് ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍. യുഡിഎഫ് നേതാക്കള്‍ തന്നെ വിളിക്കുകയും മത്സരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. തവനൂരില്‍ തന്റെ എതിരാളി ആരാണെന്നത് തനിക്ക് വിഷയമല്ലെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ട്വന്റി ഫോര്‍ ന്യൂസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രി കെടി ജലീലിനെതിരെ ഫിറോസിനെ കളത്തിലിറക്കാന്‍ യുഡിഎഫ് നീക്കങ്ങള്‍ നടത്തുന്നതായി മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫിറോസ് സ്ഥാനാര്‍ഥിയാകണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രീയ രംഗത്തേക്കില്ല എന്നാണ് അന്നെല്ലാം ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞിരുന്നത്.
മന്ത്രി കെടി ജലീലിനെ പരാജയപ്പെടുത്തുന്നത് ലീഗിന്റെ അഭിമാനപ്രശ്നമായതിനാലാണ് വന്‍തോതില്‍ ജനസമ്മിതിയുള്ള ഫിറോസ് കുന്നംപറമ്പില്‍ എന്ന തീരുമാനത്തിലേക്ക് യുഡിഎഫ് ഒറ്റക്കെട്ടായി എത്തിയതെന്നാണ് സൂചന. 2006നുശേഷം കെടി ജലീല്‍ ലീഗിനോട് നേരിട്ട് മത്സരിച്ചിട്ടില്ല.