കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവശങ്കറിനെതിരെ കുറ്റപത്രം തയ്യാറാക്കി ഇഡി; സ്വാഭാവികജാമ്യം തടയാനുള്ള നീക്കം
ഡിസംബര്‍ 26-ാം തീയതിയാകുമ്പോള്‍ ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം കഴിയുമെന്നതിനാലാണ് ഇഡി ദ്രുതഗതിയില്‍ നീക്കം നടത്തുന്നത്. 25,26,27 തീയതികള്‍ അവധിയായതിനാല്‍ 24-ാം തീയതി ശിവശങ്കറിന് നിര്‍ണ്ണായകമാകും.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ കുറ്റപത്രം തയ്യാറാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കുറ്റപത്രം ഈ മാസം 24ന് തന്നെ സമര്‍പ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ നീക്കം. ഇതോടെ ശിവശങ്കറിന് സ്വാഭാവികജാമ്യത്തിനുള്ള സാധ്യത നഷ്ടമാകും. ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസത്തിനുമുന്‍പ് കുറ്റപത്രം തയ്യാറാക്കാനായിരുന്നു ഇഡിയുടെ ശ്രമം. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം 28നാണ് ശിവശങ്കര്‍ അറസ്റ്റിലായത്.
ഡിസംബര്‍ 26-ാം തീയതിയാകുമ്പോള്‍ ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം കഴിയുമെന്നതിനാലാണ് ഇഡി ദ്രുതഗതിയില്‍ നീക്കം നടത്തുന്നത്. 25,26,27 തീയതികള്‍ അവധിയായതിനാല്‍ 24-ാം തീയതി ശിവശങ്കറിന് നിര്‍ണ്ണായകമാകും.
ഡോളര്‍ക്കടത്ത് കേസില്‍ ശിവശങ്കറിനെ നാലാം പ്രതിയാക്കി കസ്റ്റംസ് മുന്‍പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഈ മാസം ഏഴാം തീയതിവരെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ശിവശങ്കര്‍ ഉള്‍പ്പടെ മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ ഏഴുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.