‘സിപിഐഎം ഓഫീസും പാര്‍ട്ടി എംഎല്‍എയും ചേര്‍ന്ന് തയ്യാറാക്കുന്ന കുറ്റപത്രം’; പരിശോധന പരമ്പരകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് കിറ്റെക്സ്
കൊച്ചി: കിറ്റെക്സ് സ്ഥാപനങ്ങളില്‍ നടന്ന തുടര്‍ച്ചയായ പരിശോധനകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി സാബു ജേക്കബ്. വിവിധ വകുപ്പുകളില്‍ നിന്നുള്ള പരിശോധനാ പരമ്പരകളില്‍ പ്രതിഷേധിച്ച് 3500 കോടിയുടെ പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ഈ ഗൂഢാലോചന പുറത്തുവരികയാണെന്നും കിറ്റക്സ് ആരോപിക്കുന്നു. കഴിഞ്ഞദിവസങ്ങളില്‍ എംഎല്‍എ പി വി ശ്രീനിജനും സിപിഎം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ എസ് അരുണ്‍കുമാറും അടക്കമുള്ള സിപിഐഎം പ്രതിനിധികള്‍ വിവിധ മാധ്യമങ്ങളിലൂടെ കിറ്റെക്സിനെതിരെ ഉന്നയിച്ച പരാമര്‍ശങ്ങളും ജൂണ്‍ 30 ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച പരിശോധനകളുടെ റിപ്പോര്‍ട്ട് […]
1 July 2021 8:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: കിറ്റെക്സ് സ്ഥാപനങ്ങളില്‍ നടന്ന തുടര്‍ച്ചയായ പരിശോധനകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി സാബു ജേക്കബ്. വിവിധ വകുപ്പുകളില്‍ നിന്നുള്ള പരിശോധനാ പരമ്പരകളില്‍ പ്രതിഷേധിച്ച് 3500 കോടിയുടെ പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ഈ ഗൂഢാലോചന പുറത്തുവരികയാണെന്നും കിറ്റക്സ് ആരോപിക്കുന്നു.
കഴിഞ്ഞദിവസങ്ങളില്‍ എംഎല്‍എ പി വി ശ്രീനിജനും സിപിഎം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ എസ് അരുണ്‍കുമാറും അടക്കമുള്ള സിപിഐഎം പ്രതിനിധികള്‍ വിവിധ മാധ്യമങ്ങളിലൂടെ കിറ്റെക്സിനെതിരെ ഉന്നയിച്ച പരാമര്‍ശങ്ങളും ജൂണ്‍ 30 ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച പരിശോധനകളുടെ റിപ്പോര്‍ട്ട് അടങ്ങുന്ന വാര്‍ത്തയും ചൂണ്ടിക്കാട്ടിയാണ് കിറ്റെക്സിന്റെ ആരോപണം.
ഇതെല്ലാം സിപിഐഎം പാര്‍ട്ടി ഓഫീസും പാര്‍ട്ടി എംഎല്‍എയും ചില ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കിറ്റെക്സിനെതിരായ കുറ്റപത്രം തയ്യാറാക്കുന്നത് എന്നതിന്റെ തെളിവാണെന്നും 3500 കോടിയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച പശ്ചാത്തലത്തില്‍ മുന്‍പ് നടന്ന പരിശോധനയുടെ പേരില്‍ പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും കിറ്റെക്സ് ആരോപിക്കുന്നു.
Also Read:‘എന്നെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിബി മാത്യൂസ്’; ജാമ്യാപേക്ഷയെ എതിര്‍ത്ത് നമ്പി നാരായണന്
പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിവിധ വകുപ്പുകളുടെതായി 11 പരിശോധനകളാണ് കിറ്റെക്സില്‍ അരങ്ങേറിയത്. ഈ സാഹചര്യത്തിലാണ് കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന തിരച്ചറിവില്‍ 3500 കോടിയുടെ 35000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള ആഗോള നിക്ഷേപക സംഗമത്തില്‍ ഒപ്പുവെച്ച കരാറില്‍ നിന്നും കിറ്റെക്സ് ഗ്രൂപ്പ് പിന്മാറിയത്. പരിശോധനകള്‍ നടത്തി നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയെന്ന ഒരു നോട്ടീസുപോലും ഈ പ്രഖ്യാപനം നടത്തുന്ന ജൂണ്‍ 29 ഉച്ചയ്ക്ക് വരെ കിറ്റെക്സിന് ഔദ്യോഗികമായി ലഭിച്ചിരുന്നില്ല.
എന്നാല്‍ പദ്ധതിയില്‍ നിന്നും പിന്മാറുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ മനോരമ ചാനലിലാണ് സ്ഥലം എംഎല്‍എ പി വി ശ്രീനിജന് പരിശോധനകള്‍ ഹൈകോടതി നിര്‍ദേശാനുസരണമാണെന്നും പരിശോധനയ്ക്കെത്തിയ ഒരു സബ് ജഡ്ജി തന്നെ വിളിച്ചിരുന്നുവെന്നും വെളിപ്പെടുത്തുന്നത്. ഹൈകോടതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെങ്കില്‍ അക്കാര്യം സ്ഥലം എംഎല്‍എ മാത്രം എങ്ങനെ അറിയുന്നു. സബ് ജഡ്ജ് എന്തിന് സ്ഥലം എംഎല്‍എയെ വിളിക്കുന്നു. കഴിഞ്ഞ ഒരു മാസമായി നടന്ന പരിശോധനകളുടെ റിപ്പോര്‍ട്ട് എന്ന പേരില്‍ പിറ്റേന്നത്തെ (ജൂണ്‍ 30 ) ദേശാഭിമാനിയില്‍ മാത്രം പരിശോധനകളില്‍ ക്രമകേടുകള്‍ അക്കമിട്ടു പറയുന്ന വാര്‍ത്തയും വന്നു. ഈ വാര്‍ത്ത ദേശാഭിമാനിയില്‍ മാത്രം എങ്ങനെ പ്രത്യക്ഷപ്പെടുന്നു. മറ്റ് പത്രങ്ങള്‍ ഒന്നുപോലും എന്തുകൊണ്ട് ഈ വാര്‍ത്ത അറിഞ്ഞില്ല.
ജൂണ്‍ 30 ന് വൈകീട്ട് 4 ന് 24 ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ എസ് അരുണ്‍കുമാര്‍ പറയുന്നത് കിറ്റെക്സിന് ഏഴ് നോട്ടീസുകള്‍ വിവിധ വകുപ്പുകള്‍ പരിശോധനയ്ക്ക് ശേഷം നല്‍കിയെന്നാണ്. വകുപ്പുകളുടെ പേരും ക്രമകേടിന്റെ വിശദാംശങ്ങളും ചാനലില്‍ അരുണ്‍ കുമാര്‍ അക്കമിട്ടു പറയുന്നുണ്ട്. പാര്‍ട്ടി ജില്ലാകമ്മിറ്റിയംഗത്തിന് എവിടെ നിന്ന് കിട്ടി ഈ വിവരങ്ങള്‍.
ജൂണ്‍ 30 ന് വൈകീട്ട് 5.40 നാണ് നേരിട്ടെത്തി തൊഴില്‍ വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ ഒരു നോട്ടീസ് കമ്പനിക്ക് നല്‍കുന്നത്. മറ്റ് വകുപ്പുകളൊന്നും ഇതുവരെയും കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടില്ല. എന്നാല്‍ ഇക്കാര്യം നേരത്തെ തന്നെ സിപിഎം ജില്ലാകമ്മിറ്റിയംഗം മാത്രമറിയുകയും ദേശാഭിമാനി മാത്രം വാര്‍ത്ത നല്‍കുകയും ചെയ്യുന്നതില്‍ നിന്ന് തന്നെ വ്യക്തമാണ് പാര്‍ട്ടി ഓഫീസും പാര്‍ട്ടി എംഎല്‍എയും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് തയ്യാറാക്കിയ കുറ്റപത്രമാണിതെന്ന്.
തൊഴില്‍ വകുപ്പ് നല്കിയ നോട്ടീസില്‍ പറയുന്നതാകട്ടെ പുതുക്കിയ മിനിമം കൂലി തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല എന്നാണ്. ഇവര്‍ നല്കിയ നോട്ടീസില്‍ സൂചിപ്പിക്കുന്ന 2019 ലെ പുതുക്കിയ കൂലി ബഹുമാനപ്പെട്ട ഹൈകോടതി 26-03-2021 ല്‍ സ്റ്റേ ചെയ്തിട്ടുള്ളതാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇല്ലാത്ത ശുപാര്‍ശകളാണ് 2019 ലെ സംസ്ഥാന വേജ് ബോഡ് ഉത്തരവിലുണ്ടായിരുന്നത്. ഇത് ചോദ്യം ചെയ്താണ് കേരളത്തിലെ നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ ഹൈകോടതിയെ സമീപിച്ചത്.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ 2019 ലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതാണ് ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്. ഇത് കേരളത്തിലെ എല്ലാ കമ്പനികള്‍ക്കും ബാധകവുമാണ്. എന്നാല്‍ മറ്റ് ഫാക്ടറിക്ക് ഒന്നും നല്‍കാതെ ഹൈകോടതി സ്റ്റേ ചെയ്ത മിനിമം കൂലി ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെന്ന് തൊഴില്‍ വകുപ്പ് കിറ്റെക്സിനു മാത്രം നോട്ടീസ് നല്‍കിയിരിക്കുന്നത്. ഹൈകോടതി സ്റ്റേ ചെയ്ത കേസിലെ ഒന്നാം കക്ഷിയായ തൊഴില്‍ വകുപ്പിന്റെ ഈ നോട്ടീസ് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണ്.
3500 കോടിയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്ത വന്നതോടെ മുന്‍പ് നടന്ന പരിശോധനയുടെ പേരില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. 2010 ലാണ് ഗാര്‍മെന്‍സ് മേഖലയില്‍ വേജ് ബോഡ് ശുപാര്‍ശകള്‍ സംസ്ഥാത്ത് നടപ്പാക്കി തുടങ്ങിയത്. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ 132/2010 -ാം നമ്പര്‍ ഉത്തരവ് പ്രകാരമുള്ള വേജ് ബോഡ് ശുപാര്‍ശകള്‍ നിലവില്‍ കമ്പനികള്‍ നല്‍കുന്നത്.ഇപ്പോള്‍ നിലനില്കുന്ന നിയമ പ്രകാരം ഒരു എ ഗ്രേഡ് ടെയ്ലര്‍ക്ക് കൊടുക്കേണ്ട ഒരു മാസത്തെ ശബളം 9240 രൂപയാണ്, എന്നാല്‍ കിറ്റെക്സ് 16250 രൂപ ശമ്പളവും സൗജന്യമായി നാലു നേരം പരിധിയില്ലാതെ നോണ്‍വെജ് ഭക്ഷണവും താമസവും നല്കുന്നു.
യാഥാര്‍ത്ഥ്യം ഇതായിരിക്കെ നിരന്തരം പരിശോധനകള്‍ നടത്തി കമ്പനിയെ തകര്‍ക്കാന്‍ ചില രാഷ്ടീയ കേന്ദ്രങ്ങള്‍ നടത്തിയ നീചമായ പ്രവര്‍ത്തികളാണ് പുറത്ത് വരുന്നത്. നിലവില്‍ ഹൈകോടതി സ്റ്റേ ചെയ്ത വേജ് ബോഡ് ശുപാര്‍ശ നടപ്പാക്കിയില്ലെന്ന് കാണിച്ച് തൊഴില്‍ വകുപ്പ് നല്കിയ നോട്ടീസടക്കം കോടതിയലക്ഷ്യ നടപടിയാണ് . ഈ നോട്ടീസ് ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കിറ്റെക്സ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം ഉടന്‍ കോടതിയലക്ഷ്യത്തിന് ഹൈകോടതിയില്‍ ഹര്‍ജി നല്‍കും.
പൊതു ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി കമ്പനിയെയും മാനേജ്മെന്റിനെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ പരിശോധന മാമാങ്കങ്ങള്‍ വെറുതെ നടത്തിയതല്ല എന്ന് ന്യായീകരിക്കാനാണ് ഇത്തരത്തില്‍ നിയമസാധുതയില്ലാത്ത നോട്ടീസുകള്‍ നല്‍കുന്നതിന് പിന്നില്‍. ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചില ഉദ്യോഗസ്ഥരും രാഷ്ട്രീയ കേന്ദ്രങ്ങളും നടത്തുന്നത് വ്യവസായ ലോകത്തിന് തന്നെ നാണക്കേടാണ്. വ്യവസായ മന്ത്രി കിറ്റെക്സിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ച ഉടനെയാണ് നിയമ വിരുദ്ധ നോട്ടീസ് നല്കി തൊഴില്‍ വകുപ്പ് പ്രതികാര നടപടി തുടരുന്നത്.
- TAGS:
- CPIM
- Kitex company
- Sabu Jacob