‘ഗുരുനിഷേധം, കടുത്ത വര്‍ഗ്ഗീയത, ഇസ്ലാം വിരുദ്ധത’; വെള്ളാപ്പള്ളിയ്ക്ക് ലീഗ് മുഖപത്രത്തിന്റെ രൂക്ഷ വിമര്‍ശനം; ‘നൗഷാദിനെ മതം നോക്കി വിമര്‍ശിച്ചയാളോട് കൂടുതലെന്ത് പറയാനാണ്?’
സര്‍വ്വകലാശാല വിസി വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നില്‍ ശുദ്ധവര്ഗ്ഗീയതയും ന്യൂനപക്ഷ വിരുദ്ധതയുമാണെന്ന് മുഖപ്രസംഗം പറയുന്നു.

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ വിവാദത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് മുഖപത്രം. സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലാറായി ചോ. മുബാറക്ക് പാഷയെ നിയമിച്ചതിനെതിരെ വെള്ളാപ്പള്ളി നടേശന് രംഗത്തെത്തിയത് ഗുരുനിഷേധമാണെന്ന് പത്രം മുഖപ്രസംഹത്തിലൂടെ ആരോപിച്ചു. ജാതിചിന്തകള്‍ക്കതീതമായി നില്ക്കുന്ന ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളെ വക്രീകരിക്കുകയും സ്വാര്‍ത്ഥരാഷ്ട്രീയ മോഹങ്ങള്‍ക്കായി വെള്ളാപ്പള്ളി ദുരുപയോഗം ചെയ്യുകയാണെന്നും ലീഗ് തുറന്നടിച്ചു. ഇത് കടുത്ത വര്‍ഗ്ഗീയതയും ഇസ്ലാം വിരുദ്ധതയുമാണെന്നും മുഖപ്രസംഗത്തിലൂടെ ലീഗ് അഭിപ്രായപ്പെട്ടു.
സര്‍വ്വകലാശാലയില്‍ ഒരു മുസ്ലീം വൈസ് ചാന്‍സിലര്‍ ആകുന്നതാണ് വെള്ളാപ്പള്ളിയുടെ പ്രശ്നമെങ്കില്‍ അതിന് എന്തടിസ്ഥാനമാണുള്ളതെന്ന് ലീഗ് ചോദിക്കുന്നു. കേരളത്തില്‍ നിലവില്‍ മുസ്ലീം സമുദായത്തില്‍ നിന്നും ഒരു വൈസ് ചാന്‍സിലര്‍ പോലുമില്ല. ഇതരസമുദായത്തിലെ ആരും വിസി ആകുന്നത് ഈ സമുദായം എതിര്‍ത്തിട്ടുമില്ല. സര്‍വ്വകലാശാല വിസി വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നില്‍ ശുദ്ധവര്ഗ്ഗീയതയും ന്യൂനപക്ഷ വിരുദ്ധതയുമാണെന്ന് മുഖപ്രസംഗം പറയുന്നു.
കോഴിക്കോട് രണ്ട് തൊഴിലാളികള്‍ അഴുക്ക്ചാലിനകത്ത് കുടുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച് ജീവന് ത്യജിക്കേണ്ടിവന്ന നൗഷാദിനെപ്പോലും മതംനോക്കി വിമര്‍ശിച്ചയാളെക്കുറിച്ച് ഇതില്‍ക്കൂടുതല്‍ എന്ത് പറയാനാണെന്നും ലീഗ് മുഖപത്രം ആക്ഷേപിച്ചു. കൂപമണ്ഡൂകത്തോട് സാദൃശ്യമുള്ള അതിസങ്കുചിത കാവികാഷായം ഊരിവെച്ചുവേണം ശ്രീനാരായണഗുരുഭക്തന് ജനാധിപത്യസമൂഹത്തോട് സംസാരിക്കേണ്ടതെന്നും മുഖപ്രസംഗം ഒര്‍മ്മിപ്പിച്ചു.