
രാജ്യത്ത് ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും സ്വയരക്ഷയ്ക്ക് തോക്ക് ലൈസന്‍സ് നല്‍കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. രാജ്യത്ത് ദളിത് ബഹുജന്‍ ജനതയ്ക്കെതിരെ തുടരെ ആക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ചന്ദ്രശേഖര്‍ ആസാദിന്റെ പ്രതികരണം. ബഹുജനങ്ങള്‍ക്ക് ആയുധങ്ങള്‍ വാങ്ങാനായി സര്‍ക്കാര്‍ അന്‍പത് ശതമാനം സബ്സിഡി അനുവദിക്കണമെന്നും അങ്ങനെ ഞങ്ങള്‍ സ്വയം സംരക്ഷിച്ചുകൊള്ളാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചന്ദ്രശേഖര്‍ ആസാദിന്റെ ട്വീറ്റോടെ ട്വിറ്ററില്‍ ‘ഗണ്‍ ലൈസന്‍സ് ഫോര്‍ ബഹുജന്‍’ എന്ന ഹാഷ്ടാഗ് തരംഗമായി. ആസാദിനെ പിന്തുണച്ച് നിരവധിപ്പേരാണ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്.
ചന്ദ്രശേഖര്‍ ആസാദിന്റെ ട്വീറ്റിന്റെ പൂര്‍ണ്ണരൂപം:
ഭരണഘടന എല്ലാ പൗരന്മാര്ക്കും ജീവിക്കാനുള്ള അവകാശം നല്‍കുന്നുണ്ട്. സ്വയ രക്ഷക്കുള്ള അവകാശം ഉള്‍പ്പെടെ. അടിയന്തരമായി ഈ രാജ്യത്തെ 20 ലക്ഷത്തോളം വരുന്ന ബഹുജനങ്ങള്‍ക്ക് ആയുധ ലൈസന്‍സ് നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. തോക്കുകളും പിസ്റ്റളുകളും വാങ്ങാന്‍ ഞങ്ങള്‍ക്ക് 50 ശതമാനം സബ്സിഡി തരൂ. ഞങ്ങള്‍ ഞങ്ങളെത്തന്നെ സംരക്ഷിച്ചോളാം.