Top

‘പോരാ, മൂര്‍ച്ച പോരാ’; കേന്ദ്ര സര്‍ക്കാര്‍ ഒടിടികളുടെ മേല്‍ നിയന്ത്രണം കടുപ്പിക്കണമെന്ന് സുപ്രീം കോടതി

താണ്ഡവ് എന്ന വെബ്‌സീരിസിനെതിരായ ക്രിമിനല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച അലഹബാദ് ഹൈക്കോടതി തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് അപര്‍ണ പുരോഹിത് സുപ്രിംകോടതിയെ സമീപിച്ചത്.

5 March 2021 8:12 AM GMT

‘പോരാ, മൂര്‍ച്ച പോരാ’; കേന്ദ്ര സര്‍ക്കാര്‍ ഒടിടികളുടെ മേല്‍ നിയന്ത്രണം കടുപ്പിക്കണമെന്ന് സുപ്രീം കോടതി
X

ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അതൃപ്തി അറിയിച്ച് സുപ്രിംകോടതി. സോഷ്യല്‍ മീഡിയ, ഒടിടി, ഓണ്‍ലൈന്‍ ന്യൂസ് പ്ലാറ്റഫോമുകള്‍ക്കായുള്ള കേന്ദ്രത്തിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് തീരെ മൂര്‍ച്ചിയല്ലെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ആമസോണ്‍ പ്രൈമിന്റെ കൊമേഷ്യല്‍ ഹെഡ് അപര്‍ണ പുരോഹിത് സമര്‍പ്പിച്ച ഒരു ഹര്‍ജി പരിഹണിക്കവേയായിരുന്നു കോടതിയുടെ വാക്കാലെയുള്ള നിരീക്ഷണം.

താണ്ഡവ് എന്ന വെബ്‌സീരിസിനെതിരായ ക്രിമിനല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച അലഹബാദ് ഹൈക്കോടതി തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് അപര്‍ണ പുരോഹിത് സുപ്രിംകോടതിയെ സമീപിച്ചത്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചെന്നും പല്ലില്ലാത്ത ഈ വെറും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള മൂര്‍ച്ചയില്ലെന്നുമാണ് സുപ്രിംകോടതി പറഞ്ഞത്. പ്രൊസിക്യൂഷനോ പിഴശിക്ഷ വിധിക്കാനോ ഉള്ള യാതൊരുവിധ വ്യവസ്ഥയും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്ലെന്നും സുപ്രിംകോടതി പറയുന്നു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.

ഇതേത്തുടര്‍ന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനായി പുതിയ നിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രിംകോടതിയെ അറിയിച്ചു. ആഭ്യന്തരനിയന്ത്രണവും സെന്‍സര്‍ഷിപ്പും തമ്മില്‍ കൃത്യമായ ബാലന്‍സുണ്ടാക്കിക്കൊണ്ട് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.

വന്‍കിട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൂടാതെ എല്ലാവിധ മൈക്രോ ബ്ലോഗിംഗ്, ഇന്‍സ്റ്റന്റ് മെസേജിംഗ്, ഷോര്‍ട്ട് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റുകളേയും നിയന്ത്രിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍

  • എല്ലാ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ബാധകമായ പെരുമാറ്റചട്ടം തയ്യാറാക്കും
  • ഉപയോക്താക്കളുടെ പ്രായമനുസരിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉള്ളടക്കത്തെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചിരിക്കണം.
  • യൂണിവേഴ്‌സല്‍, യു/എ എഴ് പ്ലസ്, യു/എ 13 പ്ലസ്, യു/എ 16 പ്ലസ്, ആന്‍ഡ് അഡള്‍ട്ട് എന്നീ വിഭാഗങ്ങളായി ഉള്ളടക്കത്തെ തരംതിരിക്കണം.
  • പ്ലസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങളെ മാനിക്കണം.
  • സ്വയം നിയന്ത്രണത്തിനും, സ്വയം നിയന്തിരണത്തിനായുള്ള സംഘടനകളുടെയും കൗണ്‍സിലുകളുടേയും നിയന്ത്രണവും ബന്ധപ്പെട്ട സര്‍ക്കാര്‍ നിയന്ത്രണവും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുണ്ടായിരിക്കും.

Next Story