Top

കര്‍ഷകരെ തണുപ്പിക്കാന്‍ അഞ്ചിന നിര്‍ദ്ദേശങ്ങള്‍ എഴുതിനല്‍കി കേന്ദ്രം; ആദ്യം നിയമങ്ങള്‍ പിന്‍വലിക്കൂ എന്ന് കര്‍ഷകര്‍

കാര്‍ഷികവിപണികളിലും പുറത്തും ഒരേ നികുതി, കാര്‍ഷികവിപണിയ്ക്ക് പുറത്തും രജിസ്‌ട്രേഷന്‍ സൗകര്യം, സ്വകാര്യമേഖലയ്ക്ക് നിയന്ത്രണം ഏര്‍പ്പെര്‍ത്തും, കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം മുതലായവയാണ് താങ്ങുവിലയ്ക്ക് പുറമേ കേന്ദ്രം കര്‍ഷകര്‍ക്ക് എഴുതിനല്‍കിയ നിര്‍ദ്ദേശങ്ങള്‍.

9 Dec 2020 1:21 AM GMT

കര്‍ഷകരെ തണുപ്പിക്കാന്‍ അഞ്ചിന നിര്‍ദ്ദേശങ്ങള്‍ എഴുതിനല്‍കി കേന്ദ്രം; ആദ്യം നിയമങ്ങള്‍ പിന്‍വലിക്കൂ എന്ന് കര്‍ഷകര്‍
X

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്‍ഷികനിയമങ്ങളില്‍ പ്രതിഷേധിച്ച് ദില്ലിയിലെ തെരുവുകളില്‍ തുടരുന്ന കര്‍ഷകരെ തണുപ്പിക്കാന്‍ അഞ്ച് ഇന നിര്‍ദ്ദേശങ്ങള്‍ എഴുതിനല്‍കി കേന്ദ്രം. താങ്ങുവില നിലനിലനിര്‍ത്തുമെന്ന ഉറപ്പുള്‍പ്പെടെ മുന്‍പും കര്‍ഷകസംഘടനാപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത അഞ്ചിന നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം രേഖാമൂലം കര്‍ഷകരെ അറിയിച്ചത്. എന്നാല്‍ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് വിവിധ കര്‍ഷകസംഘടനാപ്രതിനിധികള്‍ ഇന്ന് നിര്‍ണ്ണായക ചര്‍ച്ച നടത്തും.

കാര്‍ഷികവിപണികളിലും പുറത്തും ഒരേ നികുതി, കാര്‍ഷികവിപണിയ്ക്ക് പുറത്തും രജിസ്‌ട്രേഷന്‍ സൗകര്യം, സ്വകാര്യമേഖലയ്ക്ക് നിയന്ത്രണം ഏര്‍പ്പെര്‍ത്തും, കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം മുതലായവയാണ് താങ്ങുവിലയ്ക്ക് പുറമേ കേന്ദ്രം കര്‍ഷകര്‍ക്ക് എഴുതിനല്‍കിയ നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ വിവാദനിയമങ്ങള്‍ പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും കര്‍ഷകരും തമ്മില്‍ തീരുമാനിച്ച ആറാം ഘട്ടചര്‍ച്ചയ്‌ക്കെത്തില്ലെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചിരുന്നു. ഇന്നലെ കര്‍ഷകനേതാക്കളും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും തമ്മില്‍ നടന്ന ചര്‍ച്ചയും സമവായമെത്താതെ പിരിയുകയായിരുന്നു.

വിവാദ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തുമെന്ന വാഗ്ദാനങ്ങള്‍ അമിത് ഷാ ആവര്‍ത്തിച്ചെങ്കിലും കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് കര്‍ഷകസംഘടനകള്‍ ആവര്‍ത്തിക്കുകയായിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ഇന്ന് കേന്ദ്രകൃഷിമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചു.

13 കര്‍ഷകസംഘടനാ നേതാക്കളാണ് ഇന്നലെ അമിത് ഷായുമായി ചര്‍ച്ച നടത്തിയത്. വിവാദനിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അമിത് ഷാ സൂചിപ്പിച്ചതായാണ് വിവരം. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ ആദ്യ അഞ്ച് ചര്‍ച്ചകളിലും കര്‍ഷകര്‍ക്കുമുന്നില്‍വെച്ച അതേനിര്‍ദ്ദേശങ്ങള്‍ തന്നെയാണ് ഇന്നലെയും ആവര്‍ത്തിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിലപാടുകളില്‍ അയവുവരുത്തുകയും പുതിയ പ്രൊപ്പോസല്‍ കര്‍ഷകര്‍ക്കുമുന്നില്‍ വെയ്ക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടാകാത്തതില്‍ കര്‍ഷകസംഘടനകള്‍ പ്രതിഷേധത്തിലാണ്. ഈ കൂടിക്കാഴ്ച്ചയില്‍ തങ്ങള്‍ക്ക് അറിയേണ്ടത് നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാണോ അല്ലയോ എന്ന് മാത്രമാണെന്ന് കര്‍ഷകസംഘടനകള്‍ കൂടിക്കാഴ്ച്ചയ്ക്ക് മുന്‍പേ പ്രഖ്യാപിച്ചിരുന്നു.

Next Story