‘ഇന്ത്യക്കാരോട് വിവേചനം’; അതൃപ്തി അറിയിച്ച് വാട്‌സ്ആപ്പ് സിഇഒയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ കത്ത്

വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യ നയത്തില്‍ അതൃപ്തി അറിയിച്ച് കേന്ദസര്‍ക്കാര്‍. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് സിഇഒ വില്‍ കാത്കാര്‍ട്ടിന് കേന്ദ്ര സര്‍ക്കാര്‍ കത്തയിച്ചു. എത്രയും പെട്ടന്ന് ഈ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാവണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

ഇന്ത്യന്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോരുന്നതിനും വലിയ സുരക്ഷാ വീഴ്ചയാണിതെന്നും പറയുന്ന കത്തില്‍ വ്യക്തിവിവരങ്ങളുടെ വന്‍ ശേഖരം ഒരു സുരക്ഷയുമില്ലാതെ പരസ്യമാവുകയാണെന്നും ആരോപിക്കുന്നു.

യൂറോപ്പിലും ഇന്ത്യയിലും വാട്‌സ്ആപ്പിന്റെ പുതിയ പ്രൈവസി നയങ്ങളിലുള്ള വ്യത്യാസത്തെയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പുതിയ നയങ്ങള്‍ യൂറോപ്പില്‍ അത്ര കര്‍ക്കശമല്ലെന്നും ഇന്ത്യന്‍ ഉപയോക്താക്കളോടുള്ള വിവേചനവും ഇന്ത്യന്‍ ഉപയോക്താക്കളുടെ അവകാശങ്ങളോടുള്ള ബഹുമാനക്കുറവുമാണിതെന്നും കത്തില്‍ പറയുന്നു.

ഒന്നുകില്‍ വാട്‌സ്ആപ്പ് പൂര്‍ണമായും ഒഴിവാക്കുക അല്ലെങ്കില്‍ ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിച്ചു കൊണ്ട് ഉപയോഗിക്കുക എന്നാണ് കേന്ദ്രം ഇന്ത്യന്‍ ഉപയോക്താക്കളോടായി പറയുന്നത്.

പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നതോടെ ഫെയ്‌സ്ബുക്ക് ഡേറ്റയിലേക്ക് കൈകടത്തല്‍ നടത്തുമെന്നാണ് ഒരുപക്ഷം വാദിക്കുന്നത്. അത് അനുവദിച്ചുക്കൊടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വാട്‌സ് ആപ്പിന്റെ പുതിയ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ഉപയോക്താക്കള്‍ രംഗത്തെത്തിയത്. ഇതേ തുടര്‍ന്നാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ബിസിനസ്സ് ഉപയോക്താക്കള്‍ക്കായിരിക്കുമെന്ന വാദവുമായി വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്.

അതിനിടെ പുതിയ സ്വകാര്യ നയം ഉടന്‍ ഉണ്ടാവില്ലെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നയത്തെ ചൊല്ലി രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വകാര്യനയം നടപ്പാക്കുന്നത് നീട്ടിവെക്കുകയാണെന്നാണ് അധികൃതര്‍ അറിയിച്ചത്. മെയ് 15 വരെ വാട്‌സ്ആപ്പ് പഴയ നിലയില്‍ തന്നെ പ്രവര്‍ത്തിക്കും. ആപ്പിനെ കുറിച്ച് ജനങ്ങളില്‍ ഉണ്ടായിരിക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റാനുള്ള ശ്രമത്തിലാണ് തങ്ങള്‍ ഇപ്പോള്‍ ഉള്ളതെന്നും അധികൃതര്‍ അറിയിച്ചു.

Latest News