
18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കാനുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ദ്ധന്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രത്തിന്റെ 50 ശതമാനം ക്വാട്ടയില്‍ നിന്നും സൗജന്യമായി വാക്സിന് നല്‍കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാംഘട്ട വാക്സിനേഷന് വിലനിര്‍ണ്ണയം സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പുതിയ നയപ്രകാരം സംസ്ഥാനങ്ങള്‍ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് വാക്സിന് വാങ്ങാനും വില നിശ്ചയിക്കാനും പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി വ്യക്തത വരുത്തി.
പുതുക്കിയ നയം അനുസരിച്ച് മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും കൊവിഡ് വാക്സിന് വിതരണം ആരംഭിക്കുന്നത്. വാകിസിന് വിലനിര്‍ണ്ണയം സുതാര്യമാക്കണമെന്നും വില നിശ്ചയിക്കാന്‍ അവസരമൊരുക്കണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് ഹര്‍ഷ വര്ദ്ധന് അറിയിക്കുന്നത്. ഇത് പ്രകാരമാണ് ബാക്കിയുള്ള 50 ശതമാനം ക്വാട്ട അവര്‍ക്കായി തുറന്നിടുന്നത്. ഇത് പ്രകാരം വാക്സിന് ഡോസുകളുടെ അളവനുസരിച്ച് കൃത്യമായി വില നിശ്ചയിക്കാനും കാലതാമസം ഒഴിവാക്കാനും കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു. വാക്സിന് വിതരണനയം ഉദാരവല്‍ക്കരിക്കാനുള്ള തീരുമാനമെടുത്തത് സംസ്ഥാനങ്ങളെ പരിഗണിച്ചുകൊണ്ടുതന്നെയാണെന്നാണ് ഹര്‍ഷ വര്‍ദ്ധന്റെ വാദം. കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന ക്വാട്ടയില്‍ നിന്നും ആര്‍ക്കും വാക്സിന് നേരിട്ട് നല്‍കില്ലെന്നും സംസ്ഥാനങ്ങള്‍ വഴി മാത്രമേ വാക്സിന് വിതരണം നടക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം കൂടാതെ അസം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന, സിക്കിം, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഗവണ്മെന്റ് ഓഫ് ഇന്ത്യ റൂട്ടിലൂടെയുള്ള വാക്സിനേഷന് പ്രക്രിയ മുന്‍പുള്ളതുപോലെ തന്നെ തുടരുമെന്നും ഇതിനുള്ള ചെലവ് കേന്ദ്രം വഹിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനങ്ങള്‍ എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കുന്നതിന് കേന്ദ്രത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ തുടര്‍ന്നും ഉണ്ടാകുമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.