
രാജ്യത്ത് ഉള്ളിയുടെ മെച്ചപ്പെട്ട ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനുമായി വരുന്ന മഴക്കാലേത്തക്കുള്ള ഉള്ളി കൃഷി 10,000 ഹെക്ടറിലേക്ക് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നു.
വിള കുറയുന്ന കാലയളവില്‍ വര്‍ദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യം നിറവേറ്റുക, വില നിലനിര്‍ത്തുക എന്നിവയാണ് കൃഷിഭൂമി വര്‍ദ്ധിപ്പിക്കുന്നത് വഴി പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. കേന്ദ്ര കാര്‍ഷിക കര്‍ഷകക്ഷേമ മന്ത്രാലയം ദേശീയ കാര്‍ഷിക സമ്മേളനത്തില്‍ (ഖാരിഫ് കാമ്പെയ്ന് 2021) ഇക്കാര്യം വ്യക്തമാക്കി.
പാരമ്പരാഗതമായി ഉള്ളികൃഷി ചെയ്തുവരാത്ത പ്രദേശങ്ങളില്‍ വന്‍തോതില്‍ കൃഷി വ്യാപിപ്പിക്കാന്‍ 2,000 ടണ്‍ ഉള്ളി വിത്ത് ആവശ്യമാണെന്നാണ് മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഇനി രാജസ്ഥാന്, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ വിത്ത് വിതരണം ആരംഭിക്കും.
മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഒരേക്കര്‍ വീതം കൃഷി വര്‍ദ്ധിപ്പിക്കാനും കൃഷി മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇക്കഴിഞ്ഞ ഓക്ടോബറില്‍ ഉള്ളിയുടെ ചില്ലറ വില്‍പ്പന കിലോയ്ക്ക് 100 രൂപ വരെ ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് ഉള്ളിവില നിയന്ത്രിക്കാന്‍ കയറ്റുമതി നിരോധിക്കുക, ഇറക്കുമതിയ്ക്ക് നികുതിയിളവ് നല്‍കുക, ശേഖരണത്തിന് പരിധി ഏര്‍പ്പെടുത്തുക തുടങ്ങിയ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു.