Top

‘ബിജെപി ഇതര മുഖ്യമന്ത്രിമാരെ ഒന്നിപ്പിക്കാന്‍ പിണറായിയുടെ കത്ത്, സുപ്രീംകോടതിയുടെ വിമര്‍ശനം’; കേന്ദ്രം വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയതിന് പിന്നില്‍

ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ കത്തിനും സുപ്രീംകോടതിയുടെ വിമര്‍ശനങ്ങള്‍ക്കും പിന്നാലെ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പുകള്‍ക്ക് പിന്നാലെയാണ് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി, 18 വയസു കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. വാക്‌സിന്‍ സംഭരണം പൂര്‍ണമായും കേന്ദ്രത്തിനാണെന്നും നയത്തില്‍ മാറ്റം വരുത്തിയെന്നുമാണ് മോദി ഇന്ന് പറഞ്ഞത്. വാക്സിന്‍ പ്രശ്നം പരിഹരിക്കാന്‍ യോജിച്ച നീക്കത്തിന് തുടക്കമിട്ടു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചത്. […]

7 Jun 2021 9:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബിജെപി ഇതര മുഖ്യമന്ത്രിമാരെ ഒന്നിപ്പിക്കാന്‍ പിണറായിയുടെ കത്ത്, സുപ്രീംകോടതിയുടെ വിമര്‍ശനം’; കേന്ദ്രം വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയതിന് പിന്നില്‍
X

ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ കത്തിനും സുപ്രീംകോടതിയുടെ വിമര്‍ശനങ്ങള്‍ക്കും പിന്നാലെ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പുകള്‍ക്ക് പിന്നാലെയാണ് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി, 18 വയസു കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. വാക്‌സിന്‍ സംഭരണം പൂര്‍ണമായും കേന്ദ്രത്തിനാണെന്നും നയത്തില്‍ മാറ്റം വരുത്തിയെന്നുമാണ് മോദി ഇന്ന് പറഞ്ഞത്.

വാക്സിന്‍ പ്രശ്നം പരിഹരിക്കാന്‍ യോജിച്ച നീക്കത്തിന് തുടക്കമിട്ടു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചത്. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്സിന്‍ പൂര്‍ണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്ണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ സംയുക്തമായി മുന്നോട്ടുവെക്കണം എന്ന് അഭ്യര്‍ഥനയാണ് കത്തില്‍ മുന്നോട്ടു വെക്കുന്നത്. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്.

”കോവിഡിന്റെ രണ്ടാം തരംഗത്തിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകുന്ന ദൗര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രത്തിന്റെത്. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് വാക്സിന്‍ കണ്ടെത്തണം എന്നതാണ് കേന്ദ്ര നിലപാട്. എന്നാല്‍ വളരെ പരിമിതമായ അളവില്‍ മാത്രമേ വാക്സിന്‍ ലഭിക്കുന്നുള്ളു. വിദേശ മരുന്ന് കമ്പനികളാകട്ടെ വാക്സിന്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുമായി ധാരണയില്‍ ഏര്‍പ്പെടാന്‍ താല്പര്യപ്പെടുന്നുമില്ല. അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങളുടെയും വാക്സിന്‍ ആവശ്യകത കണക്കില്‍ എടുത്തുകൊണ്ട് കേന്ദ്രം ഒരു ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളം പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. രണ്ടാം തരംഗത്തിനു ശേഷം ഒരു മൂന്നാം തരംഗത്തിനുള്ള സാധ്യത കൂടിയുണ്ടെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ അതിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുക എന്നത് അനിവാര്യമാണ്. അതിന് സാര്‍വത്രികമായ വാക്സിനേഷനിലൂടെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കുക എന്നത് പ്രധാനമാണ്. അതുകൊണ്ടുതന്നെ പൊതുനന്മയ്ക്കായി സാര്‍വത്രികമായി വാക്സിന്‍ ലഭ്യമാക്കേണ്ടതുണ്ട്. പണം ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും വാക്സിന്‍ നിഷേധിക്കപ്പെട്ട് കൂടാ. വാക്സിന്‍ സംഭരിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേല്‍ വീണാല്‍, സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരുങ്ങലില്‍ ആകും. ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്. അതിന് വെല്ലുവിളി ഉണ്ടാകുന്നത് നമ്മുടെ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും ജനാധിപത്യത്തിനുതന്നെ ദോഷകരമാവുകയും ചെയ്യും. ഇതിനെല്ലാം പുറമെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കുന്നതില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.” മുഖ്യമന്ത്രി കത്തില് പറയുന്നു.

”ഹേര്‍ഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കണമെങ്കില്‍ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് വാക്സിനേഷന്‍ ലഭിക്കണം. എന്നാല്‍, രാജ്യത്ത് 3.1% ആളുകള്‍ക്ക് മാത്രമേ ഇതുവരെ വാക്സിന്റെ രണ്ടു ഡോസും ലഭിച്ചിട്ടുള്ളൂ. വാക്സിന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ ആകട്ടെ വാക്സിന്‍ ലഭ്യതയുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് പരമാവധി ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. പൊതുനന്മയ്ക്കായി ലഭ്യമാക്കേണ്ട വാക്സിന്റെ നിര്‍മ്മാണത്തിന് ബൗദ്ധിക സ്വത്തവകാശമോ പേറ്റന്റ് നിയമങ്ങളോ ഉടമ്പടികളോ തടസ്സമാകുന്നില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണം. നിര്‍ബന്ധിത ലൈസന്‍സിങ് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ ആരായണം. വാക്സിന്‍ ലഭ്യമാക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ് എന്ന തരത്തിലുള്ള പ്രസ്താവനകള്‍ സഹകരണാത്മക ഫെഡറലിസത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളെ തന്നെ വെല്ലുവിളിക്കുന്നതാണ്. ഈ ഘട്ടത്തില്‍ ഏറ്റവും അനിവാര്യം ആയിട്ടുള്ളത് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ അത്രയും വാക്സിന്‍ കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണം എന്ന സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യം സംയുക്തമായി മുന്നോട്ടുവെക്കുക എന്നതാണ്. ഇത് ചെലവ് കുറയ്ക്കുകയും ചെയ്യും.”-മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയവും പാസാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ സൗജന്യ കൊവിഡ് വാക്സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം നിയമസഭ ഐകകണ്ഠേനയാണ് പാസാക്കിയത്. സംസ്ഥാനം വില കൊടുത്ത് വാക്സിന്‍ വാങ്ങണമെന്ന കേന്ദ്ര നിര്‍ദേശം പ്രതിഷേധാര്‍ഹമാണെന്ന് പ്രമേയം അവതരിപ്പിച്ച് വീണ ജോര്‍ജ് അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ സൗജന്യമായി നല്‍കുന്നതിന് പകരം സംസ്ഥാനങ്ങളോട് കമ്പോളങ്ങളില്‍ മത്സരിക്കാന്‍ നിര്‍ദേശിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ചട്ടം 118 പ്രകാരം അവതരിപ്പിച്ച പ്രമേയത്തിലൂടെ വീണ ജോര്‍ജ് വിമര്‍ശിച്ചു. കൊവിഡ് മഹാമാരിയെ ഉന്മൂലനം ചെയ്യാന്‍ എല്ലാ തലത്തിലുള്ള സര്‍ക്കാരുകളും പരമപ്രാധാന്യത്തോടെ പ്രവര്‍ത്തിക്കണം. സാര്‍വത്രിക വാക്സിനേഷനിലൂടെ മാത്രമേ കൊവിഡിനെ പ്രതിരോധിക്കാനാകു. ഇതിനാവശ്യമായ വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ വാക്സിന്‍ നയം തിരുത്താനുള്ള പോരാട്ടം ഒരുമിച്ച് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും വാക്സിന് രണ്ട് വില എന്നത് വിവേചനമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. രണ്ട് കുത്തക കമ്പനികള്‍ക്ക് ഉത്പാദന- വിലനിര്‍ണയ അവകാശം നല്‍കി കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മരുന്ന് വില നിര്‍ണയ നയം അട്ടിമറിച്ചു. കേന്ദ്രത്തിന്റെ വാക്സിന്‍ നയം തിരുത്താന്‍ ഒരുമിച്ച് പോരാടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതിയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ പദ്ധതി ഏകപക്ഷീയമാണെന്നാണ് കോടതി കുറ്റപ്പെടുത്തിയത്. വാക്‌സിനേഷന്‍ പദ്ധതിക്ക് കേന്ദ്രബജറ്റില്‍ നീക്കിവെച്ച 35000 കോടി രൂപ ചെലവഴിച്ചത് സംബന്ധിച്ച് വ്യക്തത വേണമെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഈ ഫണ്ട് 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്കുന്നതിന് ഉപയോഗിക്കാത്തതെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. വാക്‌സിന്‍ വാങ്ങുന്നതിന് ഏകകുത്തകാവകാശമുള്ള ഉപഭോക്താവെന്ന പദവി കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാകുമ്പോഴാണ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ വിലയില്‍ കുറവ് വരുത്തുക. ഇപ്പോള്‍ നടപ്പാക്കുന്ന ഉദാരവത്കൃത വാക്‌സിന്‍ നയം എത്രത്തോളം യുക്തിസഹമെന്ന് കോടതിക്ക് പരിശോധിക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഉദാരവത്കൃത വാക്‌സിന്‍ നയം ആര്‍ട്ടിക്കിള്‍ 14ന് എതിരാണ്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഞെരുക്കം വരുത്തുന്നതുമാണ് പുതിയ നയം. കോടതി നിരീക്ഷണങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കണമെന്ന് സൂപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

”ഈ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയത്. തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ജൂണ്‍ 21 മുതല്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണ്. രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതില്‍ സഹായകമാകും. വാക്‌സിന്‍ വാങ്ങുന്നതിനായി സംസ്ഥാനങ്ങള്‍ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യവും ഇതുവഴി ഒഴിവാക്കാന്‍ സാധിക്കും. കോവിഡ്-19 മാനദണ്ഡങ്ങള്‍ ശക്തമായി പാലിച്ചുകൊണ്ട് രോഗപ്രതിരോധത്തിന്റെ മുന്‍ നിരയില്‍ കേരളം ഉണ്ടാകുമെന്ന് ഈ അവസരത്തില്‍ ഒരിക്കല്‍ കൂടി ഉറപ്പു നല്‍കുകയാണ്. ഉചിതമായ തീരുമാനം കൈക്കൊണ്ടതില്‍ പ്രധാനമന്ത്രിയോട് ഹൃദയപൂര്‍വം നന്ദി പറയുന്നു.”-മുഖ്യമന്ത്രി പറഞ്ഞു.

Next Story