Top

ദേശീയ പശുശാസ്ത്ര പരീക്ഷ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; മികച്ച വിജയം നേടുന്നവര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളെന്ന് പ്രഖ്യാപനം

പാല്‍ ഉല്‍പ്പാദനത്തിനായി പശുക്കളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കാനാണ് സര്‍ക്കാര്‍ എല്ലാ വര്‍ഷവും പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

5 Jan 2021 10:14 PM GMT

ദേശീയ പശുശാസ്ത്ര പരീക്ഷ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; മികച്ച വിജയം നേടുന്നവര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളെന്ന് പ്രഖ്യാപനം
X

രാജ്യത്ത് ആദ്യമായി പശുശാസ്ത്രത്തില്‍ ദേശീയതല പരീക്ഷ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഫെബ്രുവരി 25 ന് ഓണ്‍ലൈനായാണ് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍ പ്രസാര്‍ എന്നാണ് ഈ ദേശീയ പരീക്ഷയ്ക്ക് പേരിട്ടിരിക്കുന്നതെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കതിരിയ അറിയിച്ചു. പശുക്കളുടെ വൈവിധ്യങ്ങളെക്കുറിച്ചും പ്രയോജനങ്ങളെക്കുറിച്ചുമുള്ള പരീക്ഷാര്‍ഥികളുടെ അറിവ് പരീക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

പ്രൈമറി, സെക്കന്‍ഡറി, കോളെജ് തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പരീക്ഷയില്‍ പങ്കെടുക്കാനാകും. പാല്‍ ഉല്‍പ്പാദനത്തിനായി പശുക്കളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കാനാണ് സര്‍ക്കാര്‍ എല്ലാ വര്‍ഷവും പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഒബ്ജടീവ് ടൈപ്പ് ചോദ്യങ്ങളാകും പരീക്ഷയില്‍ ചോദിക്കുക. ഒരുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാകും പരീക്ഷ.

ഹിന്ദിയിലും ഇംഗ്ലീഷിലും കൂടാതെ 12 പ്രാദേശിക ഭാഷകളിലും പരീക്ഷ നടക്കും. വിവിധ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യനാകും. പരീക്ഷയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളും മൂല്യമുള്ള സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് അറിയിച്ചു.

Next Story