ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉടന്‍ നിയന്ത്രണങ്ങള്‍; ഓണ്‍ലൈന്‍ ന്യൂസുകള്‍ക്ക് മേല്‍ ഓസ്‌ട്രേലിയന്‍ മോഡല്‍ പരിഗണനയില്‍; കേന്ദ്ര നീക്കങ്ങള്‍ ഇങ്ങനെ

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെയും രാജ്യത്തെ പ്രവര്‍ത്തനത്തിനു മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഡിജിറ്റല്‍ മീഡിയകള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള ചട്ടം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.

ഡിജിറ്റല്‍ മീഡിയയുടെ സെല്‍ഫ് റെഗുലേഷന്‍ സംബന്ധിച്ച് കന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം ഈ മാസം വലിയ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

‘അച്ചടി മാധ്യമങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും സിനിമകള്‍ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടഫിക്കേഷനും ടിവി ചാനലുകള്‍ക്ക് കേബിള്‍ ടെലിവിഷന്‍ റെഗുലേഷന്‍ ആക്ടിന് കീഴിലും നിയന്തിക്കപ്പെടുന്നുണ്ട്. ഇതുവരെ നിയന്ത്രണാതീതമായ ഡിജിറ്റല്‍ മീഡിയയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി ഉടന്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തും,’ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിന്റ്, കേബിള്‍ മീഡിയകള്‍ക്ക് പരാതി പരിഹാരത്തിനായി പ്രത്യേക സംവിധാനം ഉണ്ടെങ്കില്‍ ഡിജിറ്റല്‍ മീഡിയക്ക് അത്തരം ഒരു പ്ലാറ്റ്‌ഫോം ഇല്ല എന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ഇതിനു പുറമെ ഓണ്‍ ലൈന്‍ ന്യൂസ് കണ്ടന്റുകളുടെ വിഷയത്തില്‍ ഓസ്‌ട്രേലിയ അടുത്തിടെ പ്രഖ്യാപിച്ച നിയമനിര്‍മാണവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ മോഡലാണെങ്കില്‍ ഗൂഗിളും ഫേസ്ബുക്കിനും രാജ്യത്തെ ലോക്കല്‍ ന്യൂസുകള്‍ ലഭിക്കണമെങ്കില്‍ ലോക്കല്‍ പബ്ലിഷേര്‍സും ബ്രോഡ്കാസ്‌റ്റേര്‍സുമായി ഈ കമ്പനികള്‍ ചര്‍ച്ച നടത്തി ഇവര്‍ക്ക് ഫേസബുക്കും ഗൂഗിളും പണം നല്‍കണം. പരമ്പരാഗത പ്രിന്റ്, ബ്രോഡ്കാസ്റ്റ് മാധ്യമങ്ങളുടെ പരസ്യവരുമാനത്തിന്റെ വലിയൊരു ശതമാനം ഗൂഗിളും ഫേസ്ബുക്കിനും പോവുന്നത് തടയാനാണ് ഓസ്‌ട്രേലിയ ഈ നിയമനിര്‍മാണം നടത്തുന്നത്. . ഇതിനാല്‍ മാധ്യമ സ്ഥാപനങ്ങളുടെ ലാഭം ഉറപ്പിക്കുന്നതിനാല്‍ ഫേസ്ബുക്കും ഗൂഗിളും പബ്ലിഷേര്‍സിന്റെ കണ്ടന്റുകള്‍ എടുക്കുമ്പോള്‍ അവരുമായി ചര്‍ച്ച നടത്തി അവര്‍ക്ക് ന്യായമായ തുക നല്‍കണമെന്ന് ഈ നിയമം അനുശാസിക്കുന്നു.

Latest News