‘കേന്ദ്രസര്‍ക്കാരിന് നോട്ടടിക്കാം, കടം മേടിക്കാം, വില നിശ്ചയിക്കാം സംസ്ഥാനങ്ങളെപോലെയല്ല’; വാക്സിന് ചലഞ്ചില്‍ പ്രതീക്ഷയുണ്ടെന്ന് തോമസ് ഐസക്ക്
നിലവില്‍ കൊവിഡ് വാക്സിന് ഒരു ഡോസിന് 400 രൂപവച്ച് കണക്കാക്കിയാല്‍ പോലും സംസ്ഥാന സര്‍ക്കാരിന് ആയിരം കോടിയിലേറെ രൂപ കണ്ടെത്തേണ്ടി വരുമെന്നും തോമസ് ഐസക് പറയുന്നു.

തിരുവനന്തപുരം: വാക്സിന് വാങ്ങാന്‍ പണം ആവശ്യം വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് മറ്റു ചെലവുകള്‍ വേണ്ടെന്ന് വെക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നോട്ടടിക്കാനും വിദേശത്തുനിന്ന് അടക്കം കടം മേടിക്കാനും വാക്സിന് വില നിശ്ചയിച്ചുകൊടുക്കാനും സാധിക്കുന്ന കേന്ദ്രസര്‍ക്കാരിന് സംസ്ഥാനങ്ങള്‍ക്ക് വാക്സിന് വാങ്ങി നല്കിയാല് എന്താണ് കുഴപ്പമെന്നും മന്ത്രി വിമര്‍ശിച്ചു.
സംസ്ഥാനം പോലെയല്ലല്ലോ കേന്ദ്ര സര്‍ക്കാര്‍. അവര്‍ക്ക് നോട്ടടിക്കാം, കടം മേടിക്കാം, വിദേശത്ത് നിന്നുമേടിക്കാം ഇവരോട് (വാക്സിന്) വില നിശ്ചയിച്ചുകൊടുക്കാം, വേണമെങ്കില്‍ എന്തും ചെയ്യാവുന്നതാണ്.
തോമസ് ഐസക്ക്
നിലവില്‍ കൊവിഡ് വാക്സിന് ഒരു ഡോസിന് 400 രൂപവച്ച് കണക്കാക്കിയാല്‍ പോലും സംസ്ഥാന സര്‍ക്കാരിന് ആയിരം കോടിയിലേറെ രൂപ കണ്ടെത്തേണ്ടി വരുമെന്നും തോമസ് ഐസക് പറയുന്നു. സംസ്ഥാനങ്ങള്‍ തമ്മില്‍ വാക്സീന് വേണ്ടി മല്‍സരം നടന്നാല്‍ ഭാവിയില്‍ വാക്സിന് വില കൂടിയേക്കാം. ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് വാക്സിന് നല്‍കുന്നതിന് മുന്‍ഗണന നല്‍കേണ്ടി വരും. വാക്സിന് ചലഞ്ച് വഴിയുള്ള ജനങ്ങളുടെ സംഭാവന കൊണ്ട് വാക്സിന് പണം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് രണ്ടാം വ്യാപനം കൂട്ടമരണങ്ങളിലേക്ക് പോവുന്നതിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ അലംബാവമാണെന്നും ഒരുവര്‍ഷക്കാലത്തോളം സമയം ലഭിച്ചിട്ടും ഓക്സിജന്‍ പോലും ഉറപ്പുവരുത്താനാവാത്തത് അതിന് ഉദാഹരണമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. മനോരമ ന്യൂസിനോട് നടത്തിയ പ്രതികരണത്തിലായിരുന്നു വിമര്‍ശനങ്ങള്‍.
ഈ രണ്ടാം വ്യാപന ദുരന്തം ഈ രീതിയില്‍ കൂട്ടമരണങ്ങളിലേക്ക് പോവുന്നതിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അലംബാവമാണ്. ഇത്രയും നാളുണ്ടായിട്ട് ഓക്സിജന്‍ ഉറപ്പുവരുത്താന്‍ കഴിഞ്ഞോ? അവിടെ തുടങ്ങിയാല്‍ മതി. ആവശ്യത്തിന് മരുന്നുണ്ടോ? കിടക്കകളുണ്ടോ? ഇതിനൊക്കെ കാലമുണ്ടായല്ലോ! ഒരു വര്ഷമുണ്ടായല്ലോ, ബജറ്റില്‍ പണവും നീക്കി വെച്ചതാണല്ലോ. പക്ഷേ ചിലവാക്കിയില്ല. ചെയതില്ല.
തോമസ് ഐസക്ക്
കൊവിഡ് വാക്സീന് വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൈമാറിയത് സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായെന്ന് ഇന്നലെ മുഖ്യമന്ത്രിയും അറിയിച്ചിരുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് 150 രൂപയ്ക്ക് നല്കിയ വാക്സീന് സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കാണ് നല്കാന് തീരുമാനിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട നിശ്ചയിക്കാത്തത് വാക്സിന് മത്സരം ഉണ്ടാക്കും. ലക്ഷക്കണക്കിന് മനുഷ്യരെ നിത്യേന രോഗികളാക്കുന്ന അവസ്ഥയില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: മകളുടെ വിവാഹത്തിന് മാറ്റിവെച്ച തുകയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി ജോസ് കെ മാണി