Top

‘ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് പീഡിപ്പിച്ചു’; അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് കസ്റ്റംസ്

അസിസ്റ്റന്‍റ് പ്രോട്ടോക്കോള്‍ ഓഫിസറായ ഹരികൃഷ്ണനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനിടെ പീഡിപ്പിച്ചെന്ന പരാതി സംസ്ഥാന സർക്കാർ ഉന്നയിച്ചിട്ടുള്ളത്.

20 Jan 2021 3:08 AM GMT

‘ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് പീഡിപ്പിച്ചു’; അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് കസ്റ്റംസ്
X

കൊച്ചി: സ്വർണ്ണക്കടത്ത്‌- ഡോളർ കടത്ത്‌ കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനിടെ പീഡിപ്പിച്ചെന്ന സംസ്ഥാനത്തിന്റെ പരാതിയിന്മേൽ കസ്റ്റംസ് വകുപ്പിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അസിസ്റ്റന്‍റ് പ്രോട്ടോക്കോള്‍ ഓഫിസറായ ഹരികൃഷ്ണനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനിടെ പീഡിപ്പിച്ചെന്ന പരാതി സംസ്ഥാന സർക്കാർ ഉന്നയിച്ചിട്ടുള്ളത്. ഇതിന്മേലാണ് കേന്ദ്രം കസ്റ്റംസിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.

ജനുവരി അഞ്ചിനാണ് പരാതിക്കാസ്‌പദമായ സംഭവം നടന്നത്. രാവിലെ പത്തിന് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി ഒമ്പത് വരെ തുടർന്നെന്നും ഇതിനിടയിൽ പലപ്പോഴും ബലാൽക്കാരമായും ഭീഷണിയുടെ സ്വരത്തിലും സർക്കാറിന്റെ മേൽ കുറ്റമാരോപിക്കാൻ നിർബന്ധിച്ചെന്നും ഉള്ള ഹരികൃഷ്ണൻറെ പരാതിയിന്മേലാണ് സംസ്ഥാനം കേന്ദത്തിന് കത്തയച്ചത്. അറസ്റ്റു ചെയ്തു റിമാൻഡിലിടുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഇതേ തുടർന്നാണ് ഹരികൃഷ്‌ണനെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചു സംസ്ഥാനം കേന്ദ്രത്തോട് പരാതിപ്പെട്ടിരിക്കുന്നത്.

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ഹരികൃഷ്‌ണനോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് കസ്റ്റംസിന്റെ നിലപാട്. ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും കാമറയിൽ പകർത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് പറയുന്നു. കസ്റ്റംസ് ഓഫിസ് സിസിടിവി കാമറയുടെ നിരീക്ഷണത്തിലാണെന്നും അവിടെ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും ദൃശ്യവൽക്കരിക്കപ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് ചൂണ്ടികാണിക്കുന്നു.

അന്വേഷണത്തെ അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം മാത്രമാണിതെന്നാണ് കസ്റ്റംസിന്റെ വാദം. ഇതേപ്പറ്റിയുള്ള എല്ലാ വിവരങ്ങളും കേന്ദ്രത്തെ ധരിപ്പിക്കും എന്നും കസ്റ്റംസ് അറിയിക്കുന്നു.

എന്നാൽ ഹരികൃഷ്‌ണനോട് അപമര്യാദയായി പെരുമാറിയവരെ വ്യക്തമായി പരാമർശിച്ചു കൊണ്ടാണ് കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്ത്‌-ഡോളർ കടത്ത് കേസുകളിൽ സമയബന്ധിതവും നിഷ്‌പക്ഷവും പക്വവുമായ അന്വേഷണമാണ് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Next Story

Popular Stories