‘വാട്സ്ആപ്പ് സ്വകാര്യനയം പിന്‍വലിക്കണം’; ഏഴ് ദിവസത്തിനകം മറുപടി അറിയിക്കണമെന്ന് കേന്ദ്രത്തിന്റെ നോട്ടീസ്
ന്യൂഡല്‍ഹി: സ്വകാര്യനയം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വാട്സ്ആപ്പിന് കേന്ദ്രം നോട്ടീസയച്ചു. വിഷയത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യനയത്തിന്റെ സമയപരിധി നീട്ടിയെന്നതുകൊണ്ട് നയം അംഗീകരിക്കാനാകില്ലെന്നും കേന്ദ്ര വിവര സാങ്കേതിക വിദ്യാ മന്ത്രാലയം വ്യക്തമാക്കി. മെയ് 15 വരെയായിരുന്ന സമയപരിധി വാട്സ്ആപ്പ് നീട്ടിയിരുന്നു. എന്നാല്‍ ഇതുകൊണ്ട് മാത്രം കാര്യമില്ല. ഏഴുദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. അല്ലാത്തപക്ഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്രം അയച്ച നോട്ടീസില്‍ പറയുന്നു. ‘സ്വകാര്യതാ നയം 2021’ പിന്‍വലിക്കണമെന്നാണ് വാട്സ്ആപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. വിവര സ്വകാര്യത, […]

ന്യൂഡല്‍ഹി: സ്വകാര്യനയം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വാട്സ്ആപ്പിന് കേന്ദ്രം നോട്ടീസയച്ചു. വിഷയത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യനയത്തിന്റെ സമയപരിധി നീട്ടിയെന്നതുകൊണ്ട് നയം അംഗീകരിക്കാനാകില്ലെന്നും കേന്ദ്ര വിവര സാങ്കേതിക വിദ്യാ മന്ത്രാലയം വ്യക്തമാക്കി.
മെയ് 15 വരെയായിരുന്ന സമയപരിധി വാട്സ്ആപ്പ് നീട്ടിയിരുന്നു. എന്നാല്‍ ഇതുകൊണ്ട് മാത്രം കാര്യമില്ല. ഏഴുദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. അല്ലാത്തപക്ഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്രം അയച്ച നോട്ടീസില്‍ പറയുന്നു.
‘സ്വകാര്യതാ നയം 2021’ പിന്‍വലിക്കണമെന്നാണ് വാട്സ്ആപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. വിവര സ്വകാര്യത, ഡാറ്റാ സുരക്ഷ, ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കുള്ള ഉപയോക്തൃ തിരഞ്ഞെടുപ്പ് എന്നിവ ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും എതിരാണ് പുതിയ നയമെന്നും കേന്ദ്രം വ്യക്തമാക്കി. ദില്ലി ഹൈക്കോടതിയിലും മന്ത്രാലയം ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
യൂറോപ്പിലെയും ഇന്ത്യയിലേയും ഉപയോക്താക്കളോട് വിവേചനപരമായ സമീപനമാണ് വാട്സ്ആപ്പ് സ്വീകരിക്കുന്നതെന്നും മന്ത്രാലയം ആരോപിച്ചു. വാട്സ്ആപ്പിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതേസമയം ഇത്തരത്തിലുള്ള അന്യായ നിബന്ധനകളും വ്യവസ്ഥകളും രാജ്യത്തെ ഉപയോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാനുള്ള വാട്സ്ആപ്പിന്റെ നിലപാട് അപകടകരമാണെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.
മെയ് 15 നകം പുതിയ വാട്സ്ആപ്പിന്റെ സ്വകാര്യനയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കില്ലെന്നും എന്നാല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ പരിമിതപ്പെടുത്തുന്നതിനുള്ള തീരുമാനത്തിലേക്ക് കടക്കുമെന്നും നേരത്തെ വാട്സ്ആപ്പ് അറിയിച്ചിരുന്നു. ചാറ്റ് ബോക്സ് തുറക്കാന്‍ സാധിക്കാത്ത നിലയിലേക്ക് കാര്യങ്ങള്‍ കടന്നേക്കാമെന്നും നോട്ടിഫിക്കേഷന്‍ ഉള്ള പക്ഷം വോയിസ് വീഡിയോ കോളുകള്‍ സ്വീകരിക്കാന്‍ സാധിച്ചേക്കുമെന്നുമായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്.