
കൊവിഡ് ഒന്നാം തരംഗത്തിനുശേഷം സര്‍ക്കാരും ജനങ്ങളും അശ്രദ്ധ കാട്ടിയതാണ് രണ്ടാം തരംഗത്തിന് കാരണമായതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഇന്നത്തെ കൊവിഡ് അവസ്ഥയെ എല്ലാവരും ഒറ്റക്കെട്ടായി നേരിടുകയാണ് വേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.ആര്‍എസ്എസ് സംഘടിപ്പിച്ച പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ് എന്ന പ്രഭാഷണപരമ്പരയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാംതരംഗം ഉണ്ടായേക്കാമെന്ന് ഡോക്ടര്‍മാരും ആരോഗ്യരംഗത്തെ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാരും ഭരണസംവിധാനങ്ങളും അലംഭാവം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡ് പ്രതിരോധത്തിന്റെ പാളിച്ചകള്‍ ചര്‍ച്ചചെയ്യാന്‍ ധാരാളം സമയമുണ്ടാകും. എന്നാല്‍ ഇപ്പോള്‍ പരസ്പരം കുറ്റപ്പെടുത്താതെ വിവിധ സാമൂഹിക സേവന ഗ്രൂപ്പുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് നാമോരോരുത്തരും ചെയ്യേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മൂന്നാം തരംഗം ഉണ്ടാകുമെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. നമ്മള് ഭയപ്പെടരുത്. പതറാതെ പാറപോലെ ഉറച്ചുനില്‍ക്കുകയാണ് വേണ്ടതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. രണ്ടാം ലോക മഹായുദ്ധ സമയത്ത് വിന്സ്റ്റന് ചര്‍ച്ചില്‍ പറഞ്ഞ ഒരു ഉദ്ധരണി കൂടി മോഹന്‍ ഭാഗവത് പങ്കുവെച്ചു. ‘എന്റെ ഓഫീസില്‍ അശുഭചിന്തയ്ക്ക് സ്ഥാനമില്ല. പരാജയത്തിന്റെ സാധ്യതകളക്കുറിച്ച് കേള്‍ക്കാന്‍ ആര്‍ക്കും താല്‍പ്പര്യവുമില്ല’ എന്ന ചര്‍ച്ചിലിന്റെ വാക്കുകള്‍ സൂചിപ്പിച്ചുകൊണ്ട് മഹാന്മാരെല്ലാം അങ്ങനെയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.