
രാജ്യത്തെ കൊവിഡ് അതിരൂക്ഷ സാഹചര്യം കണക്കിലെടുത്ത് പുതിയ പാര്‍ലമെന്റ് കെട്ടിടം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്ന ഹര്‍ജിയില്‍ സുപ്രിംകോടതി വാദം കേട്ടില്ല. ഇതുമായി ബന്ധപ്പെട്ട കേസ് ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണെന്നും അതിനാല്‍ വാദം കേള്ക്കാനാകില്ലെന്നുമാണ് കോടതി ഹര്‍ജിക്കാരനോട് പറഞ്ഞത്. നേരത്തെ കേസ് പരിഗണിക്കാന്‍ ദില്ലി ഹൈക്കോടതിയോട് അപേക്ഷിക്കാനും സുപ്രിംകോടതി ഹര്ജിക്കാരന് നിര്‍ദ്ദേശം നല്കി.
മെയ് 17ലേക്കാണ് ഹൈക്കോടതി കേസ് മാറ്റിവെച്ചിരുന്നത്. കൊവിഡ് സാഹചര്യം രൂക്ഷമാകുകയാണെന്നും കേസുകള്‍ ഉയരുകയാണെന്നും ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് സിദ്ധാര്‍ഥ് ലുത്ര കോടതിയെ ധരിപ്പിച്ചു. അതിനാല്‍ കോടികള്‍ മുടക്കിയുള്ള ഈ പദ്ധതിയുടെ ഒരു ഭാഗം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്നാണ് ഹര്ജിക്കാരന് കോടതി മുന്‍പാകെ ആവശ്യപ്പെടുന്നത്.
കൊവിഡ് രണ്ടാം തരംഗം ശക്തിയാര്ജിക്കുന്നതിനിടയിലും സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ പുതിയ വസിതിയുടെ നിര്‍മ്മാണത്തിന് കേന്ദ്രം സമയം നിശ്ചയിച്ചത് വിവാദമായിരുന്നു. പ്രധാനമന്ത്രിയുടെ വസിതിയാണ് ആദ്യം നിര്‍മ്മിക്കേണ്ടതെന്നും 2022 ഡിസംബറിന് മുന്‍പ് വസതി സജ്ജമാക്കണമെന്നുമാണ് കേന്ദ്രനിര്‍ദ്ദേശം.
ആകെ 13450 കോടി രൂപയുടെ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. പാര്‍ലമെന്റ് കെട്ടിടം, സര്‍ക്കാര്‍ ഭരണ കാര്യാലയങ്ങള്‍, പ്രധാനമന്ത്രിയുടെ വസതി, ഉപരാഷ്ട്രപതിയ്ക്കായുള്ള എന്‍ക്ലേവ് എന്നിവയാണ് പദ്ധതി പ്രകാരം നിര്‍മ്മിക്കുന്നത്.
64,500 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കപ്പെടുന്നത്. ഇതിനായി 971 കോടി രൂപ ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍. പാര്‍ലമെന്റ് നിര്‍മ്മാണത്തിനായി ടാറ്റ പ്രൊജക്ട് ലിമിറ്റഡിനാണ് കോണ്ട്രാക്റ്റ് നല്‍കിയിരിക്കുന്നത്.
ലോക്സഭ ചേംബറില്‍ മാത്രം ഒരേസമയം 888 പേര്‍ക്കിരിക്കാനാകുന്ന വിധത്തിലാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം. രാജ്യസഭ ചേംബറില്‍ 384 പേര്‍ക്ക് ഇരിക്കാനാകും. സംയുക്ത സെഷനുകള്‍ക്കായി ഒരേസമയം 1224 ജനപ്രതിനിധികള്‍ക്ക് പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ഒത്തുചേരാനാകും.