സെന്‍ട്രല്‍ വിസ്താപദ്ധതി പുരോഗമിക്കുമ്പോള്‍ ജന്‍പഥിലെ ചരിത്രസ്മാരകങ്ങളുടെ ഭാവിയെന്ത്?

എല്ലാകണ്ണുകളും ജന്‍പഥിനെ ചുറ്റിപറ്റിയാണ്. റെയ്‌സാനഹില്ലിലേക്കും പുതിയ പാര്‍ലമെന്റ് മന്ദിരം ഉയരുന്ന പ്രദേശങ്ങളിലേക്കുമാണ് ഡല്‍ഹി ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഇതിനൊപ്പം ചരിത്രത്തോടൊപ്പം സഞ്ചരിച്ച മൂന്നുകെട്ടിടങ്ങള്‍ വെറും അവശിഷ്ടമായി ഒതുങ്ങുമോ എന്നാണ് എല്ലാവരും ഉയര്‍ത്തുന്ന ചോദ്യം. ജന്‍പഥിലെ ദേശീയ മ്യൂസിയം, ഇന്ദിരാഗാന്ധി ദേശീയ കാലാകേന്ദ്രം, ദേശീയ പുരാവസ്തുശേഖരം എന്നിവയാണ് അവ. സെന്‍ട്രല്‍ വിസ്താ പദ്ധതിയില്‍ സംസ്‌ക്കാരികവും ചരിത്രപരവും വിദ്യാഭ്യാസപരവുമായി ഉയര്‍ന്നുനില്‍ക്കുന്ന ഇവ പുനര്‍നിര്‍മ്മിക്കപ്പെടുക എങ്ങനെയാവും.

എന്നാല്‍ സെന്‍ട്രല്‍ വിസ്താ പദ്ധതിയില്‍ ഒരു ചരിത്രകെട്ടിടത്തിനും നാശംവരുത്തില്ലെന്നും അതെല്ലാം മാറ്റമില്ലാതെ തന്നെ നിലനിര്‍ത്തുമെന്നും കേന്ദ്ര പാര്‍പ്പിട നഗരകാര്യമന്ത്രി ഹര്‍ദീപ് സിംഹ് പുരി വ്യക്തമാക്കി. എന്നാല്‍ അനുബന്ധകെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തുകളയുന്ന വിധത്തിലാണ് സെന്‍ട്രല്‍ വിസ്താ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.

1926ല്‍ ഡല്‍ഹി ഈസ്റ്റിന്ത്യാകമ്പനിയുടെ ഭരണസിരാകേന്ദ്രമാക്കുമ്പോഴാണ് ഇംപീരിയല്‍ റെക്കോര്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റും (ഐആര്‍ഡി) ദേശീയ പുരാവസ്തുശേഖരവും ഇന്നത്തെ ജന്‍പഥില്‍ സ്ഥാപിക്കപ്പെടുന്നത്. പിന്നീട് സ്വാതന്ത്രത്തിന് ശേഷം ഐ ആര്‍ ഡി ദേശീയ പുരാവസ്തുശേഖരമായി പുനര്‍നാമകരണത്തിന് വിധേയമായി. ദേശീയ പുരാവസ്തുശേഖരത്തിന്റെ വെബ്‌സൈറ്റ് പ്രകാരം 1860 ലാണ് അന്നത്തെ ഈസ്റ്റിന്ത്യാകമ്പനി ഓഡിറ്റര്‍ എച്ച് ഡി സാന്‍ഡ്മന്‍ ഗ്രാന്റ് സെന്‍ട്രല്‍ പുരാവസ്തു ശേഖരത്തിന്റെ ആവശ്യം ആദ്യമായി മുന്നോട്ടുവെച്ചത്. തുടര്‍ന്ന് എല്ലാരേഖകളും പരിശോധിക്കാനും ഇവയെല്ലാം ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴില്‍ കൊണ്ടുവരാനും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇംപീരിയല്‍ റെക്കോര്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന് ബ്രിട്ടീഷ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. ആദ്യം കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഐആര്‍ഡി പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. 45 ലക്ഷം ഫയലുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. 25000 അപൂര്‍വ്വ കയ്യെഴുത്തുപ്രതികളും ദേശീയ പുരാവസ്തുശേഖരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഒരു ലക്ഷം മാപ്പുകള്‍, കൂടാതെ മുഗള്‍ ഭരണകാലത്തുണ്ടായിരുന്ന സുപ്രധാനരേഖകള്‍ എന്നിവയും ദേശീയ പുരാവസ്തുശേഖരത്തിന്റെ ഭാഗമാണ്.

ഇന്ദിരാഗാന്ധി ദേശീയകലാകേന്ദ്രത്തിന്റെ കെട്ടിടം പൂര്‍ണ്ണമായും സെന്‍ട്രല്‍ വിസ്താപദ്ധതിയുടെ രൂപകല്പ്പനപ്രകാരം തകര്‍ക്കപ്പെടും. ഇന്ത്യാഗേറ്റ് പ്രദേശത്തിനടുത്തായി ജാംമനഗര്‍ ഹൗസ് എന്ന പേരിലാണ് ഐജിഎന്‍സിഎ അറിയപ്പെടുക. സര്‍ക്കാര്‍ ഓഫീസുകളാകും ഇനി ഇവിടെ പ്രവര്‍ത്തിക്കുക. സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ മുഖ്യ ആര്‍ക്കിടെക്കായ ബിമല്‍ പട്ടേല്‍ ഐജിസിഎന്‍സിഎയ്ക്ക് കാര്യമായ രൂപമാറ്റം തന്നെ പദ്ധതി പ്രകാരം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. 1980കളുടെ അവസാനത്തോടെയാണ് ഐജിഎന്‍സിഎ രൂപം പ്രാപിക്കുന്നത്. ബ്രിട്ടീഷ് ആര്‍ക്കിടെക്ട് ജെയിംസ് സ്റ്റെര്‍ലിംഗ്, ഇന്ത്യന്‍ ആര്‍ക്കിടെക്ട് ബി വി ജോഷി എന്നിവരോടൊപ്പം അമേരിക്കന്‍ ആര്‍ക്കിടെക്ട് ആയ റാല്‍ഫ് ലേര്‍ണറും ചേര്‍ന്നാണ് ഇതിന്റെ രൂപകല്പ്പന നിര്‍വഹിച്ചത്. ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മയ്ക്കായി 1985ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പുതിയ പദ്ധതി നിലവില്‍ വരുമ്പോള്‍ ഹോട്ടല്‍ ജാംമനറിലേക്ക് ഐജിഎന്‍സിഎയിലെ എല്ലാ കാലാശില്പ്പങ്ങളും മറ്റുും മാറ്റിസ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി പുരി അറിയിച്ചു. സിഡ്‌നിയിലേയും ന്യൂയോര്‍ക്കിലേയും പോലെ ലോക നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക.

സെന്‍ട്രല്‍ വിസ്താപദ്ധതി ദേശീയ മ്യൂസിയത്തെ എങ്ങനെയാണ് പുനര്‍നിര്‍മ്മിക്കുകയെന്നത് സംബന്ധിച്ച് വ്യക്തത ഇതുവരെ ലഭ്യമല്ല.ദേശീയ മ്യൂസിയം കൂടുതല്‍ സന്ദര്‍ശകര്‍ക്ക് ഉപയോഗപ്രദമാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നാല്‍ മ്യൂസിയം വീണ്ടും തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് സംസ്‌ക്കാരിക മന്ത്രാലത്തിന്റെ സെക്രട്ടറി രഘുവന്ദ്ര സിംങ് അറിയിക്കുന്നത്. നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളിലെ ഉദ്യോഗസ്ഥസംവിധാനങ്ങള്‍ക്കാവശ്യമായ മുഴുവന്‍ കെട്ടിടങ്ങളും ഇനി ഒഴിവാക്കപ്പെടും. ഇവയെല്ലാം സെന്‍ട്രല്‍ വിസ്താപദ്ധതിയില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടങ്ങളിലേക്ക് വഴി മാറും. ഡല്‍ഹിയിലെ ഭരണസിരാകേന്ദ്രത്തോടൊപ്പം ഈ ചരിത്രമന്ദിരങ്ങളും ഇനി മാറുകയാണ്. സെന്‍ട്രല്‍ വിസ്താപദ്ധതിയില്‍ ഇവയും രൂപമാറ്റം സംഭവിച്ച് നവീകരണങ്ങളുടെ ഭാഗമാവുകയാണ്.

(ഉള്ളടക്കം ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖനത്തിന്റെ തര്‍ജ്ജമ)

Covid 19 updates

Latest News