ലോക്സഭ അംഗസഖ്യ ആയിരമാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ആരോപണം; പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്
ലോക്സഭാ അംഗങ്ങളുടെ എണ്ണമുയര്ത്തുന്നുണ്ടെങ്കില് അതിന് മുന്‍പായി വിശാലമായ കൂടിയാലോചനകള്‍ വേണമെന്നാണ് കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുന്നത്.
25 July 2021 11:46 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം ആയിരമാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. പൊതുഅഭിപ്രായം തേടുന്നതിന് മുന്‍പ് ഇത്തരമൊരു തീരുമാനമെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് മനീഷ് തിവാരി വ്യക്തമാക്കി. സെന്‍ട്രല്‍ വിസ്ത പദ്ധതിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ കേന്ദ്രം ശ്രമിക്കുന്നതായുള്ള കോണ്‍ഗ്രസ് ആരോപണം.
ലോക്സഭാ അംഗങ്ങളുടെ എണ്ണമുയര്ത്തുന്നുണ്ടെങ്കില് അതിന് മുന്‍പായി വിശാലമായ കൂടിയാലോചനകള്‍ വേണമെന്നാണ് കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുന്നത്. നിലവില്‍ 543 അംഗങ്ങളാണ് ലോക്സഭയിലുള്ളത്. വനിതാ സംവരണം കൊണ്ടുവരണമെന്ന ആവശ്യം കാലങ്ങളായി പല പാര്‍ട്ടികളും ശക്തമായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവിലെ ലോക്സഭാ സംഖ്യയില്‍ മൂന്നിലൊന്ന് സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. 2024 മുന്‍പ് ഇക്കാര്യത്തിലും തീരുമാനമുണ്ടാകും. ലോക്സഭാ പ്രതിനിധികളുടെ എണ്ണം ആയിരമാക്കി ഉയര്‍ത്തിയശേഷം സംവരണം കൊണ്ടുവരാന്‍ കേന്ദ്രം പദ്ധതിയിടുന്നുവെന്നാണ് മനീഷ് തിവാരി ആരോപിക്കുന്നത്.
ഇതിന് മുന്‍പ് 1977ലാണ് പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്. 2024ന് മുന്‍പ് ലോക്സഭ അംഗങ്ങളുടെ എണ്ണം ആയിരമോ അതില്‍ കൂടുതലോ ആക്കാനുള്ള നിര്‍ദ്ദേശം ബിജെപിയുടെ പരിഗണനയിലാണെന്നും ബിജെപി എംപിമാരില്‍ നിന്നും ഇതിനെ സാധൂകരിക്കുന്ന വിശ്വസനീയമായ വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മനീഷ് തിവാരി വിശദീകരിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആയിരം പേര്‍ക്ക് സീറ്റുണ്ടെന്നതും അദ്ദേഹം ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി.