കൊങ്കുനാട് കേന്ദ്രഭരണപ്രദേശമാകുമോ?; തമിഴ്നാടിനെ വിഭജിക്കാന്‍ കേന്ദ്രനീക്കമെന്ന് സൂചന
കശ്മീരിലേതിന് സമാനമായി തമിഴ്നാടിനെയും വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. തമിഴ്നാടിന്റെ പടിഞ്ഞാറന്‍ മേഖലയായായ കൊങ്കുനാട് എന്ന് അറിയപ്പെടുന്ന പ്രദേശത്തെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ നീക്കം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. എഐഎഡിഎംകെ ശക്തികേന്ദ്രമായ കൊങ്കുനാട് മേഖലയില്‍ ഈ സ്വാധീനം ഉപയോഗപ്പെടുത്താനാണ് കേന്ദ്രം നീക്കം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. തമിഴ് പ്രാദേശിക ദിനപത്രങ്ങളാണ് ശനിയാഴ്ച ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പിന്നാലെ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വിഷയം സജീവ ചര്‍ച്ചയായി. വലിയ വിജയം നേടി സംസ്ഥാനത്ത് അധികാരത്തിലെത്തിയ ഡിഎംകെ സര്‍ക്കാരിനെ […]
10 July 2021 8:45 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കശ്മീരിലേതിന് സമാനമായി തമിഴ്നാടിനെയും വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. തമിഴ്നാടിന്റെ പടിഞ്ഞാറന്‍ മേഖലയായായ കൊങ്കുനാട് എന്ന് അറിയപ്പെടുന്ന പ്രദേശത്തെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ നീക്കം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. എഐഎഡിഎംകെ ശക്തികേന്ദ്രമായ കൊങ്കുനാട് മേഖലയില്‍ ഈ സ്വാധീനം ഉപയോഗപ്പെടുത്താനാണ് കേന്ദ്രം നീക്കം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. തമിഴ് പ്രാദേശിക ദിനപത്രങ്ങളാണ് ശനിയാഴ്ച ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പിന്നാലെ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വിഷയം സജീവ ചര്‍ച്ചയായി.
വലിയ വിജയം നേടി സംസ്ഥാനത്ത് അധികാരത്തിലെത്തിയ ഡിഎംകെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നീക്കമാണ് കേന്ദ്ര സര്ക്കാന് മുന്നോട്ട് വയ്ക്കുന്നത്. അധികാരത്തിലെത്തിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനോട് തുറന്ന പോരിനിറങ്ങിയ സ്റ്റാലിന് സര്‍ക്കാറിനുള്ള മറുപടി കൂടിയായാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച പോലും എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഭരണഘടനാപരമായി ഇത്തരം ഒരു നടപടി പൂര്‍ത്തിയാക്കുക എന്നത് എളുപ്പമായിരിക്കില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നിലവില്‍ പ്രതിപക്ഷത്തിരിക്കുന്ന അണ്ണാ ഡിഎംകെയുടെ ശക്തി കേന്ദ്രമാണ് കൊങ്കുനാട് മേഖല. ബിജെപിക്കും മേഖലയില്‍ ചെറിയ സ്വാധീനം പ്രദേശത്തുണ്ട്. നിലവില്‍ എഐഎഡിഎംകെയും ബിജെപിയും സംസ്ഥാനത്ത് സഖ്യത്തിലാണെന്നതും ചര്‍ച്ചകള്‍ സജീവമാക്കുന്നുണ്ട്. കൊങ്കുനാട് പ്രദേശം എന്ന് കണക്കാക്കപ്പെടുന്ന പ്രദേശത്ത് നിലവില്‍ പത്തു ലോക്സഭ മണ്ഡലങ്ങളും 61 നിയമസഭ മണ്ഡലങ്ങളുണ്ട്.
കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, നീലഗിരി, കരൂര്‍, കൃഷ്ണഗിരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. സമീപ പ്രദേശങ്ങളിലെ ചില മണ്ഡലങ്ങളും ഉള്‍പ്പെടുത്തി 90 നിയമസഭാ മണ്ഡലങ്ങളുള്ള കേന്ദ്രഭരണ പ്രദേശമാക്കുകയാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2024 ല്‍ വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് പ്രത്യേക സംസ്ഥാനമാക്കിയേക്കുമെന്ന സാധ്യതയും വാര്‍ത്ത മുന്നോട്ട് വയ്ക്കുന്നു. തമിഴ്നാട്ടില്‍ നിലവില്‍ 234 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.
തമിഴ്നാട് വിഭജിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു. എംഡിഎംകെ ഉള്‍പ്പെടെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. എംഡിഎംകെ യുവജന വിഭാഗം വിഷത്തില്‍ സത്യാഗ്രഹം ഉള്‍പ്പെടെയാണ് നടത്തുന്നത്. റിപ്പോര്‍ട്ടുകളെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കാന്‍ തയ്യാറാവണമെന്നും എംഡിഎംകെ ആവശ്യപ്പെട്ടു.