
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2019-ലെ സാഹചര്യത്തിന് സമാനമായി വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ പലായനമുണ്ടാവുകയാണ്. അവരെ സഹായിക്കേണ്ട ബാധ്യത ഏറ്റെടുത്ത് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ പണം നിക്ഷേപിക്കണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ പൊതുജനത്തെ കുറ്റപ്പെടുത്തുന്ന സര്‍ക്കാര്‍ അവരെ സഹായിക്കാന്‍ തയ്യാറാകുമോ? എന്ന വിമര്‍ശനത്തോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.
കൊവിഡ് കേസുകള്‍ റെക്കോര്‍ഡ് നിലയിലേക്ക് ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സംസ്ഥാനത്ത് ഒരാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതല്‍ തിങ്കളാഴ്ചവരെയാണ് ലോക്ഡൗണ്‍. എന്നാല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്കുള്ള പലായനം ആരംഭിച്ചത് ആശങ്കവര്ദ്ധിപ്പിക്കുന്ന സാഹചര്യമാണുണ്ടാക്കിയത്. കഴിഞ്ഞ ദിവസം ആനന്ദ് വിഹാറില്‍ അയ്യായിരത്തിലേറെ കുടിയേറ്റ തൊഴിലാളികള്‍ തടിച്ചുകൂടിയെന്ന പിടിഐ റിപ്പോര്‍ട്ട് കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി വ്യക്തമാക്കിയിരുന്നു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 1,761 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. പ്രതിദിന കൊവിഡ് രോഗികള്‍ 2.59 ലക്ഷത്തിലധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ 2 ലക്ഷം കവിയുന്നത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ 1.53 കോടിയിലധികമാണ്.