കൊവിഡ്: കേരളത്തിന്റെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം; കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പല പ്രദേശങ്ങളിലും പത്തിന് മുകളില്‍ നില്‍ക്കുന്നത് അത്യന്തം ഗൗരവത്തോടെ കാണണമെന്നാണ് കേന്ദ്രം ഓര്‍മ്മിപ്പിക്കുന്നത്.
8 July 2021 4:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പരിശോധിക്കാനെത്തിയ കേന്ദ്രസംഘം ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനത്തില്‍ കേന്ദ്രസംഘത്തിന് തൃപ്തിയുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പല പ്രദേശങ്ങളിലും പത്തിന് മുകളില്‍ നില്‍ക്കുന്നത് അത്യന്തം ഗൗരവത്തോടെ കാണണമെന്നാണ് കേന്ദ്രം ഓര്‍മ്മിപ്പിക്കുന്നത്. കേരളത്തിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് കേന്ദ്രആരോഗ്യസെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുമുണ്ട്. സംസ്ഥാനത്തെ 14 ജില്ലകളില്‍ ഏഴ് ജില്ലകളിലും ടിപിആര്‍ നിരക്ക് കൂടുതലാണെന്ന് കേന്ദ്രം വിലയിരുത്തുന്നു. എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും കേന്ദ്രം കേരളത്തോട് കത്തിലൂടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോഡ്, കൊല്ലം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കാര്യങ്ങള്‍ പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കണ്ടെയ്ന്മെന്റ് സോണുകള്‍ കൃത്യമായി വേര്‍തിരിക്കണമെന്നും ഈ പ്രദേശത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുമാണ് കേന്ദ്രം നിര്‍ദ്ദേശിക്കുന്നത്. പരിശോധനകള്‍ കൂട്ടുക, കണ്ടെയ്ന്മെന്റ് സോണുകളില്‍ പ്രത്യേകം വാക്സിന് കേന്ദ്രങ്ങള്‍ ഒരുക്കുക മുതലായ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. കേരളത്തിലെ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസംഘത്തിന് പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളെജ്, കോലഞ്ചേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലായിരുന്നു കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്. സംസ്ഥാനത്തിന് അധികമായി 90 ലക്ഷം ഡോസ് വാക്സിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.