ഇലക്ഷന്‍ കാലത്തെ ഇ ഡി റെയ്ഡ് മേള; പ്രതിപക്ഷത്തിന് ‘പ്രത്യേക’ ഓഫര്‍

അഴിമതികളും അഴിമതി ആരോപണങ്ങളും സമകാലീന രാഷ്ട്രീയത്തിന്റെ പതിവും ഭാഗവുമാണ്..! ജനങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങളെ, മുൻഗണനകളെ, താല്പര്യങ്ങളെയൊക്കെ അഴിമതികളെക്കുറിച്ചുള്ള വാർത്തകൾ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അവസരങ്ങളുടെ പറുദീസയായ ‘തെരഞ്ഞെടുപ്പ് രാഷ്ട്രീയ‘ത്തിൽ തീർച്ചയായും അതിനൊരു വജ്രായുധ സാധ്യതയുണ്ട്. അതായത് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയകക്ഷികൾ പുറത്തിറക്കാറുള്ള സ്ഥിരം തന്ത്രങ്ങളുടെയൊക്കെയൊപ്പം, കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന ചില തന്ത്രപ്രധാനമായ ഇടപെടലുകളെ പറ്റിയൊന്ന് പരിശോധിക്കാം.

സ്ഫോടനാത്മകമായ വാർത്തകളായി പ്രത്യക്ഷപ്പെടുന്ന ഈ ‘ഒറ്റവരി രണ്ടുവരി വെളിപ്പെടുത്തലുകൾ‘ക്ക് ഏതാണ്ട് ഒരേ സ്വഭാവമായിരിക്കും. ഉദാഹരണത്തിന് കള്ളപ്പണം വെളുപ്പിക്കൽ, സ്വർണ കള്ളക്കടത്ത്, മയക്കുമരുന്നു കള്ളക്കടത്ത്, ഡോളർ കടത്ത്, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, അഴിമതികൾ , ബിനാമി ഇടപാടുകൾ, അഴിമതിക്ക് കൂട്ടുനിൽക്കൽ അങ്ങനെയങ്ങനെ. ഇ ഡി എന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എൻഐഎ എന്ന നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, ഇൻകം ടാക്സ് എന്ന ആദായ നികുതി വകുപ്പ്, പിന്നെ നമുക്കൊക്കെ ചിരപരിചിതമായ സിബിഐ തുടങ്ങിയവയൊക്കെയാണ് ഇത്തരം വിഷയങ്ങളിൽ അന്വേഷണം നടത്തുന്നത്.

എന്തുകൊണ്ടാണ് ഇവരെല്ലാം മുൻപില്ലാത്ത വിധം പ്രത്യക്ഷപ്പെട്ട് അപ്രതീക്ഷിത വെളിപ്പെടുത്തലുകൾ നടത്തുന്നത് എന്നതിനൊരുത്തരം ആദ്യമേ വ്യക്തമാണ്. എന്നാലീ കളികളിലെല്ലാം അകപ്പെട്ടു പോകുന്നത് കേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രതിയോഗികൾ മാത്രമാണ് എന്ന ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ..? അതല്ല ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്നാണെങ്കിൽ കേന്ദ്രഭരണകക്ഷിയുടെ പ്രവർത്തകർക്കെതിരെ ഇത്തരം ആരോപണങ്ങൾ ഒന്നും ഇല്ലേ..? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താനായി ഇവിടെയെല്ലാം പൊതുസാന്നിധ്യമായി വർത്തിക്കുന്ന ഇ ഡിയെകുറിച്ചു കൂടി അറിയണം.

എന്താണ് എന്തിനാണ് ഇ ഡി:-

ഇന്ത്യാ ഗവൺമെന്റിന്റെ ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള ഒരു പ്രത്യേക സാമ്പത്തിക അന്വേഷണ ഏജൻസിയാണ് ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്. കള്ളപ്പണ നിരോധന നിയമം അഥവാ പി‌എം‌എൽ‌എ, വിദേശനാണ്യ വിനിമയം അഥവാ ഫെമ എന്നീ രണ്ട് കേന്ദ്ര നിയമങ്ങളാണ് ഇ ഡി നടപ്പിലാക്കുന്നത്. സിബിഐ രജിസ്റ്റർ ചെയ്ത ഉന്നതരുൾപ്പെടുന്ന ബാങ്ക് തട്ടിപ്പ് കേസുകൾ, കള്ളപ്പണം, നികുതി ചുമത്തൽ നിയമം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് പൊതുവിൽ ഇ ഡി അന്വേഷണം നടത്തുക. എൻഐഎ സമർപ്പിച്ചിട്ടുള്ള എഫ്‌ഐ‌ആറുമായി ബന്ധമുള്ള തീവ്രവാദ ഫണ്ടിംഗ് കേസുകളിലും സ്വത്തുക്കൾ അറ്റാച്ചുചെയ്യലും പിടിച്ചെടുക്കലും ആയിട്ടുള്ള നടപടികളിലും ഇ ഡിക്ക് ഇടപെടാം.

ഇ ഡിയെ നിലവിൽ നയിക്കുന്നത് സഞ്ജയ് കുമാർ മിശ്ര ഐആർഎസ് ആണ്. ഈയിടെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി രണ്ടിൽ നിന്ന് മൂന്ന് വർഷമായി കേന്ദ്രം നീട്ടിക്കൊടുത്തത്. പ്രസിഡന്റിന്റെ പ്രത്യേക അനുമതിയോടെ കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്ന ഈ അസാധാരണ തീരുമാനത്തിന് പിന്നിൽ എന്തെങ്കിലും പ്രത്യേകത ഉണ്ടോ..?

ഇ ഡിക്കെതിരെയുള്ള പ്രധാന ആക്ഷേപങ്ങൾ :-

# മോദി സർക്കാർ അധികാരത്തിലേറിയ ശേഷം പ്രതിപക്ഷ നേതാക്കൾക്കെതിരായ കേസുകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.

# പണം കൊണ്ടോ പദവി കൊണ്ടോ വശംവദരാകാത്തവരെ വളഞ്ഞിട്ടു പിടിക്കാനും കുടുക്കാനുമായി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു.

# രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയായ സിബിഐയുടെ പരിശോധനയിൽ ഇരിക്കുന്ന പല കേസുകളിൽ പോലും ഇ ഡിയെയും ഇടപെടുത്തുന്നു. ഇത് സിബിഐയുടെ ദീർഘകാല അന്വേഷണ നടപടിക്രമങ്ങളെ ഒഴിവാക്കി തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഫലപ്രദമായി ഉപയോഗിക്കാനാണ് .

ഇവിടെയാണ് മിശ്രയുടെ കാലാവധി നീട്ടിക്കൊടുത്ത് കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം വരുന്നതെന്നത് ശ്രദ്ധേയമാണ്. ഏതായാലും മുൻപ് സൂചിപ്പിച്ചത് പോലെ പ്രധാന പ്രതിപക്ഷ നേതാക്കൾക്കെതിരായ ‘കള്ളപ്പണം വെളുപ്പിക്കൽ ‘ ആരോപണങ്ങൾക്കാണ് സഞ്ജയ് മിശ്ര ഇന്ന് പ്രധാനമായും മേൽനോട്ടം വഹിക്കുന്നത്.

ഇ ഡി ഇടപെടലിലൂടെ മാധ്യമശ്രദ്ധ നേടിയ പ്രധാന കേസുകളുടെ ചെറിയ പട്ടിക:-

മഹാരാഷ്ട സംസ്ഥാന സഹകരണ ബാങ്കിൽ (എം‌എസ്‌സി‌ബി) നടന്ന 2,500 കോടി രൂപയുടെ വായ്പ തട്ടിപ്പ്. മുതിർന്ന കോൺഗ്രസ് നേതാവും, ബാങ്ക് ഡയറക്ടറുമായ ശരദ് പവാർ, അദ്ദേഹത്തിന്റെ അനന്തരവനും മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ, 70 മുൻ ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഇഡി സമൻസ് അയച്ചിട്ടുള്ളത്. 2019 ഒക്ടോബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ‘ഒതുക്കാനാണ്’ ഇത്തരമൊരു കള്ളകേസ് ഇ ഡി ചമച്ചതെന്നാണ് ശരദ് പവാറിന്റെ ആരോപണം.

2019ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപായി മുൻ ഹരിയാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡക്കും മുതിർന്ന കോൺഗ്രസ് നേതാവ് മോട്ടിലാൽ വോറക്കുമെതിരായും ഇ ഡി അന്വേഷണം നടത്തിയിരുന്നു. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള ‘അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡി’ന് പഞ്ച്കുളയിൽ അനധികൃതമായി ഭൂമി അനുവദിച്ചെന്നായിരുന്നു അവിടെ ആരോപണം.

ബഹുജൻ സമാജ് പാർട്ടിയുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിൽ കണ്ടെത്തിയ 104 കോടി രൂപയെ പറ്റിയും ബിഎസ്പി നേതാവ് മായവതിയുടെ സഹോദരൻ ആനന്ദ് കുമാറിന്റെ അക്കൗണ്ടിൽ കണ്ടെത്തിയ ഏകദേശം 1.5 കോടി രൂപയെ പറ്റിയും ഇ ഡി അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണവും 2017 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ഏകദേശം മൂന്നു മാസം മാത്രം മുൻപായിരുന്നു. കൂടാതെ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപായി 2019 ജനുവരിയിൽ യുപിയിലെ ഏഴ് ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. മായാവതിയുടെ ഭരണകാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന 1400 കോടി രൂപയുടെ ദളിത് സ്മാരക അഴിമതി ആയിരുന്നു വിഷയം.

സമാനകാലത്തു തന്നെ അനധികൃത ഖനനവുമായി ബന്ധപ്പെടുത്തി കള്ളപ്പണക്കേസിൽ യുപി മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിനെതിരെയും അന്വേഷണം എന്ന തുറുപ്പുചീട്ട് ഇ ഡി ഉപയോഗിച്ചിട്ടുണ്ട്.

ഇ ഡി അന്വേഷണത്തിലൂടെ ജനശ്രദ്ധയാകർഷിച്ച മറ്റൊരു കേസായിരുന്നു ഐ‌എൻ‌എക്സ് മീഡിയ കേസ് അഥവാ 305 കോടി രൂപ പണമിടപാടിന്റെ കേസ്. 2007ൽ യുപിഎ സർക്കാരിന്റെ കേന്ദ്രധനമന്ത്രിയായിരുന്ന കാലത്ത് പി.ചിദംബരം ഐ‌എൻ‌എക്സ് മീഡിയ ഗ്രൂപ്പിന് വിദേശ വിനിമയ നിയമം ലംഘിച്ചു നൽകിയ ക്ലിയറൻസിൽ ക്രമക്കേടെന്നായിരുന്നു ആരോപണം. 2016ലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേസ് റജിസ്റ്റർ ചെയ്യുന്നത്.

എന്നാൽ 2010 ജൂലൈയിൽ സൊഹ്റാബുദ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ചിദംബരത്തിന്റെ അറസ്റ്റ്, ഷായുടെ പ്രതികാര നടപടിയായിരുന്നു എന്നൊരു മറുവാദമുണ്ട്.

അതുപോലെ, കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിന്റെ പേരിൽ കർണ്ണാടക കോൺഗ്രസ്സ് നേതാവ് ഡികെ ശിവകുമാറിനെതിരെയും ഇ ഡി അന്വേഷണം പുറപ്പെടുവിക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇഡി സിബിഐയ്ക്ക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കര്‍ണാടകയിലും ഡല്‍ഹിയിലും മുംബൈയിലും കേന്ദ്ര ഏജന്‍സി പരിശോധനയും നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പിന് വേണ്ടി നടക്കുന്ന തയ്യാറെടുപ്പുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഈ നീക്കമെന്നായിരുന്നു കോൺഗ്രസ്സ് ആരോപണം.

കോൺഗ്രസിന്റെ ഭാവി പുനർനിർണ്ണയത്തിലെ പ്രധാന ഘടകമായി മാറിയ ശിവകുമാർ, പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും രക്ഷകനുമായി മാറിയേക്കുമെന്ന ഭയമാണ് ഇ ഡിയുടെ ഇടപെടലിനുള്ള പ്രധാന കാരണമായി പ്രതിപക്ഷം ഉയർത്തി കാട്ടുന്നത്.

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരയും ഇ ഡിയുടെ റഡാറിൽ പെട്ടിട്ടുള്ള വ്യക്തിയാണ്. ഭൂമി ഇടപാടുകളിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ഇ ഡി, വധേരയുടെ ആസ്തികളിൽ കുറഞ്ഞത് എട്ട് തവണയെങ്കിലും റെയ്ഡ് നടത്തിയിട്ടുണ്ട്, സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുമുണ്ട്.

മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകനും മരുമകനുമെതിരെയും 2019ൽ ഇ ഡിയുടെ അന്വേഷണം ഉണ്ടായിട്ടുണ്ട്. സ്റ്റെർലിംഗ് ബയോടെക് കള്ളപ്പണം വെളുപ്പിക്കൽ കേസിലായിരുന്നു അന്വേഷണം.

കേരളത്തിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന തമിഴ്‌നാട്ടിലെ താരാപുരം മണ്ഡലത്തിലെ പ്രതിപക്ഷ നേതാക്കളുടെ വീടുകളിലും, കമ്പനികളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരിക്കുന്നു എന്ന വാർത്തയും പ്രധാനമാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ എല്‍.മുരുകനാണ് ഈ മണ്ഡലത്തിൽ മത്സരിക്കുന്നതെന്നതും ചേർത്ത് വായിക്കേണ്ടതാണ്. കമല്‍ഹാസന്റെ വിശ്വസ്തനും മക്കള്‍ നീതി മയ്യം ട്രഷററുമായ ചന്ദ്രശേഖറിന്റെ വീട്ടില്‍ നിന്ന്‌ മിന്നൽ പരിശോധനയിലൂടെ എട്ട് കോടി രൂപ പിടിച്ചെടുത്തതായാണ് എന്‍ഫോഴ്സ്‌മെൻറ് വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ച നടത്തിയ റെയ്‌ഡിൽ ഏകദേശം 400 കോടിരൂപ വിലമതിക്കുന്ന അനധികൃത സ്വത്ത് കണ്ടെത്തിയെന്നും ഇ‍ഡി വാദിക്കുന്നു.

എയർസെൽ-മാക്സിസ് കേസ് ഉൾപ്പെടെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും ഇ ഡി അന്വേഷണം നട‌ത്തുന്നുണ്ട്. പ്രതിപക്ഷ പാർട്ടിയിലെ ദയാനിഥി മാരൻ, കലാനിഥി മാരൻ എന്നിവരാണ് ഇവിടെ കുറ്റാരോപിതർ. 2 ജി കുംഭകോണ കേസുകളിൽ ഡിഎംകെ നേതാക്കളായ എ.രാജ, കനിമൊഴി എന്നിവരെയും ഇ ഡി ലക്ഷ്യമിട്ടിരുന്നു.

ടെലികോം കമ്പനിയായ എയര്‍സെലിന്റെ 74% ഓഹരി മലേഷ്യന്‍ കമ്പനിയായ മാക്‌സിസ് സ്വന്തമാക്കിയിരുന്നു. മൊബൈല്‍ സേവനത്തിനായുള്ള രാജ്യവ്യാപക സ്‌പെക്ട്രം ലൈസന്‍സ്
എയര്‍സെലിന് വഴിവിട്ട് നല്‍കിയതിന്റെ പ്രത്യുപകാരമായി ഉപകമ്പനിയായ ആസ്‌ട്രോ വഴി 600 കോടി രൂപ മാരന്റെ കുടുംബ വ്യവസായമായ സണ്‍ ഡിടിഎച്ചില്‍ നിക്ഷേപിച്ചുവെന്നാണ് ആരോപണം.‌

അതുപോലെ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്റെ അനന്തരവൻ രതുൽ പുരി, വൈഎസ്ആർ കോൺഗ്രസ് നേതാവും നിലവിലെ ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരുമൊക്കെ ഇ ഡിയുടെ പരിശോധന നേരിടുന്ന പ്രമുഖരിൽ ചിലരാണ്. കേന്ദ്രനിർദേശ പ്രകാരം ചലിക്കുന്ന ഇ ഡിക്ക് തെരഞ്ഞെടുത്ത ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുകയെന്നത് മെനക്കെട്ട പണിയൊന്നുമല്ല എന്നത് ഈ ലിസ്റ്റിൽ നിന്നൂഹിക്കാവുന്നതേ ഉള്ളൂ.

കുറ്റാരോപിതരായതിന് ശേഷമാണെങ്കിൽ പോലും ബിജെപിയുമായി യോജിച്ചാൽ, ഇ ഡിക്ക് പ്രസ്തുത കേസുകളിൽ താൽപര്യം നഷ്ടപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ തെളിവുസഹിതം ആരോപിക്കുന്നു. രാജ്യസഭാ എംപിമാരായ വൈ.എസ് ചൗധരിയും നാരായണ റാണെയും ബിജെപിയിലേക്ക് വന്നുചേരും മുൻപ് ഇ ഡി അന്വേഷണവും നടപടികളും നേരിട്ടവരാണ്. എന്നാൽ നിലവിൽ ഇരുവരും ബിജെപിയുടെ രാജ്യസഭാ എംപിയായതിനാൽ കേസ് മന്ദഗതിയിലാകുമെന്ന ആശങ്ക പങ്കുവെക്കപ്പെട്ടിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയ മുകുൾ റോയ്, അസമിലെ ഹിമന്ത ബിശ്വ ശർമ്മ എന്നിവരെല്ലാം ചില പ്രധാനപ്പെട്ട ഉദാഹരണങ്ങളാണ്. കോടികണക്കിന് രൂപയുടെ ‘ശാരദ ചിറ്റ് ഫണ്ട് ‘ അഴിമതിയിലാണ് ഇരുവരും അന്വേഷണം നേരിടുന്നതെങ്കിലും, കൂറ് മാറിയതിന് ശേഷം അന്വേഷണത്തിൽ യാതൊരു പുരോഗതിയും ദൃശ്യമല്ല എന്നാണ് വിമർശനം.

കേന്ദ്രത്തിന്റെ പല നിലപാടുകളോടും നയങ്ങളോടും പരസ്യമായി തന്നെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ നിയമസഭാംഗങ്ങളും സ്റ്റാഫുകളും എന്തിന് സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ വരെ മേല്പറഞ്ഞ അന്വേഷണ അജൻസികളുടെ കൈയിലൂടെ കുഴമറിഞ്ഞു വല്ലാത്തൊരു പുകമറ തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ലാവ്‌ലിന്‍ വഴി കോടികളുടെ കൈക്കൂലി പറ്റിയെന്ന പതിനഞ്ചു വർഷം പഴക്കമുള്ള കേസ് വീണ്ടും ഇ ഡിയിലൂടെ ഉയരുന്നു, കിഫ്ബിയിലെ ക്രമക്കേട് എന്ന പുതിയ ആരോപണത്തിൽ ഇ ഡി നടപടികൾ എടുക്കുന്നു, വിവാദമായ സ്വർണ്ണ കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെന്ന ഒന്നാം പ്രതിയെ ഇ ഡി നിര്‍ബന്ധിക്കുന്നു , മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇ ഡി ചോദ്യം ചെയ്യുന്നു എന്നീ വാർത്തകൾ ഒക്കെ കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴാണ് ആഞ്ഞടിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

വ്യക്തികൾക്കും രാഷ്ട്രീയത്തിനും ഉപരിയായി മനുഷ്യാവകാശങ്ങൾക്കും മനുഷ്യാന്തസ്സിനും വേണ്ടി നിലകൊള്ളുന്ന ആഗോള പ്രസ്ഥാനത്തിന്റെ ഭാഗമായ ‘ആംനസ്റ്റി ഇന്റർനാഷന’ലിനെതിരെയും ഇ ഡി അന്വേഷണം നടത്തിയിരുന്നു. സ്ഥാപനം ഫെമ നിയമലംഘനം നടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ കുറ്റകരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് മറ്റു കാരണങ്ങൾ പറഞ്ഞ്‌ കഴിഞ്ഞ സെപ്റ്റംബറോടെ രാജ്യത്ത് ആംനെസ്റ്റിയുടെ പ്രവർത്തനങ്ങൾ നിർത്തി വെക്കുകയായിരുന്നു. രാജ്യത്ത് നടക്കുന്ന നീതിനിഷേധങ്ങൾ വെളിച്ചത്തു കൊണ്ടുവന്ന സംഘടനകളിൽ ഒന്നായിരുന്നു ആംനസ്റ്റി. എതിരഭിപ്രായമോ വിമർശനമോ പരസ്യമായി പ്രകടിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്തിയോ നിശബ്ദമാക്കിയോ ഇല്ലാതാക്കുക എന്ന അപ്രഖ്യാപിത ഫാസിസ്റ് നയമാണ് ബിജെപി പുലർത്തുന്നത് എന്ന ആരോപണങ്ങളെ ശരി വെക്കുന്നു ഇത്തരം നീക്കങ്ങൾ.

ഈ സാഹചര്യത്തിൽ ‘ഒരു സംസ്ഥാനം തെരഞ്ഞെടുപ്പിനായ് ഒരുങ്ങുമ്പോൾ ബിജെപിയുടെ ഏറ്റവും വിശ്വസ്ത സഖ്യകക്ഷിയെന്ന് തന്നെ പറയാവുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസുകൾ പുറപ്പെടുവിക്കാനും രാഷ്ട്രീയ എതിരാളികളെ ഒറ്റപെടുത്താനുമുള്ള നടപടികൾ സ്വീകരിക്കുന്ന തിരക്കിലാകും ‘ എന്ന് ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. കൂടാതെ 2019ൽ വരുത്തിയ നിയമഭേദഗതികൾ ഇ ഡിക്ക് അഭൂതപൂർവമായ അധികാരങ്ങളാണ് നൽകിയിട്ടുള്ളത്. എഫ്‌ഐആർ ഇല്ലാതെ പോലും ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാൻ ഇ ഡിക്ക് ഇന്ന് സാധിക്കും. ഇ ഡി രജിസ്റ്റർ ചെയുന്ന എല്ലാ കുറ്റകൃത്യങ്ങളും ഇപ്പോൾ ജാമ്യമില്ലാത്തതാണ്. പി‌എം‌എൽ‌എ പ്രകാരം, ഒരു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ രേഖപ്പെടുത്തിയ പ്രസ്താവന തെളിവായി കോടതിയിൽ അനുവദനീയവുമാണ്.

എന്നിട്ടും ഓരോ കേസുകളിലും യുക്തിസഹജമായ ഒരു തീരുമാനത്തിലേക്കോ തീർപ്പിലേക്കോ എത്തിച്ചേരാൻ ഇ ഡിക്ക് സാധിച്ചിട്ടില്ല എന്ന് കണക്കുകൾ പറയുന്നു. 2005 മുതൽ പി‌എം‌എൽ‌എ പ്രകാരം ഇ ഡി 2,400 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ വെറും എട്ട് എണ്ണം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2019 ജൂൺ വരെയുള്ള രേഖകൾ അനുസരിച്ചു ഇതിൽ 688 കേസുകളിൽ മാത്രമാണ് പ്രോസിക്യൂഷൻ പരാതികൾ ഫയൽ ചെയ്തിട്ടുള്ളത്.

കണ്ടും കേട്ടും മനസ്സിലാക്കുന്ന വാർത്തകളും ദൃശ്യങ്ങളും പറയുന്നത് അതിനാടകീയമായ നീക്കങ്ങളും ഭയപ്പെടുത്തലുകളും വ്യക്തിഹത്യയും മനുഷ്യാവകാശ ലംഘനവുമെല്ലാം കൂടിച്ചേർന്ന ഒന്നായി മാറിയിരിക്കുന്നു കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നാണ്. അനാവശ്യ മാധ്യമവിചാരണയ്‌ക്ക്‌ അവസരമൊരുക്കലും വിവരങ്ങൾ ചോർത്തി നൽകലും ഇവർ നടത്തുന്നുവെന്ന് നിരന്തരമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. അന്വേഷണത്തിന്റെ ഹൈലൈറ്റായ ‘റെയ്‌ഡുകൾ ‘ മാധ്യമങ്ങളിൽ കൊട്ടിഘോഷിക്കപ്പെടുന്നത് മൂലം ‘കുറ്റാരോപിതർ’ മാത്രമായ അനേകം പേരാണ് സമ്പാദ്യവും മനോധൈര്യവും അന്തസ്സും നഷ്ടപ്പെട്ട് പൊതു സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടോ അല്ലെങ്കിൽ സംഘപരിവാർ വേട്ടക്ക് കീഴടങ്ങിയോ നിൽക്കുന്നത്. ബിജെപി യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നതും അടിച്ചമർത്തപ്പെട്ട പ്രതിപക്ഷത്തെയും അഭിപ്രായമില്ലാത്ത ജനതയെയും ആണെന്ന വിമർശനങ്ങൾ ദിനംപ്രതി ഉയരുന്നു.

കുറ്റങ്ങൾ തെളിയിക്കപ്പെടട്ടെ..കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ എന്ന നിലപാട് തീർച്ചയായും പ്രശംസനീയമാണ്. പക്ഷെ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രവും, അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ മാത്രവും ലക്ഷ്യമിടുന്ന ആ പ്രത്യേക ഉത്സാഹമാണ് കേന്ദ്രത്തെ സംശയമുനയിൽ നിർത്തുന്നത്. ..!

Covid 19 updates

Latest News