Top

'എന്തിനാണ് നമുക്കും അവര്‍ക്കും ഇടയില്‍ വേര്‍തിരിവുണ്ടാവുന്നത്' ; 'ന്യൂ നോര്‍മല്‍' സംവിധായിക

ഒരു പ്രണയം നഷ്ടപ്പെട്ടതിനു ശേഷം അടുത്ത പ്രണയബന്ധത്തിലേക്ക് ഒരു പെൺകുട്ടി കടക്കുമ്പോൾ അവളെ സമൂഹം വിലയിരുത്തുന്നത് വളരെ മോശമായിട്ടാണ്. ശരിക്കും അങ്ങനെയല്ല. പ്രണയം ഒരിക്കൽ ഒരാളോട് മാത്രം തോന്നുന്ന ഒന്നല്ല.

23 April 2022 3:55 PM GMT
അമൃത രാജ്

എന്തിനാണ് നമുക്കും അവര്‍ക്കും ഇടയില്‍ വേര്‍തിരിവുണ്ടാവുന്നത് ;  ന്യൂ നോര്‍മല്‍ സംവിധായിക
X

മനുഷ്യർ തമ്മിലുള്ള സ്നേഹത്തിന് ലിംഗ വ്യത്യസമില്ല എന്ന് പറഞ്ഞ നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ട്. പക്ഷെ അതെല്ലാം സിനിമകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന തരത്തിലാണ് സമൂഹം പലപ്പോഴും കാണുന്നത്. എന്നാൽ പ്രണയത്തിന് ലിംഗമില്ല എന്ന് പറഞ്ഞു വയ്ക്കുന്നതിനപ്പുറം എല്ലാ പ്രണയ ബന്ധങ്ങളും പോലെ സാധാരണമാണ് ഇതും എന്ന് കാണിച്ചുതരികയാണ് മോനിഷ മോഹൻ മേനോൻ എന്ന യുവ സംവിധായിക തന്റെ 'ന്യൂ നോർമൽ' എന്ന ഹൃസ്വ ചിത്രത്തിലൂടെ. ചിത്രം ഇറങ്ങി ഏതാനും നാളുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഒരു സാധാരണ സ്വവർഗാനുരാഗം പറഞ്ഞു വെക്കുന്നു എന്നതിനപ്പുറം അടുത്ത ലെവലിലേക്കാണ് കഥ പറയുന്നത്. യഥാർത്ഥ ജീവിതവും അനുഭങ്ങളെയും ആധാരമാക്കികൊണ്ട് ഒരുക്കിയ 'ന്യൂ നോർമൽ' മികച്ച ഒരു സിനിമ അനുഭവം തന്നെ നൽകുന്നുണ്ട്. തന്റെ ആദ്യ സംവിധാനത്തിലൊരുങ്ങിയ ഒരു മനോഹര പ്രണയ കഥ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ ആഹ്ലാദത്തിലാണ് മോനിഷ. ഇപ്പോൾ സിനിമയുടെ വിശേഷങ്ങളും അനുഭവങ്ങളും റിപ്പോർട്ടർ ലൈവുമായി പങ്കുവെക്കുകയാണ് സംവിധായിക മോനിഷ മോഹൻ മേനോൻ.

ഒരു സാധാരണ സ്വവർഗ പ്രണയം പറയുന്ന സിനിമ കഥകളിൽ അടുത്ത ഘട്ടത്തിലേക്കാണ് 'ന്യൂ നോർമൽ' നമ്മെ കൊണ്ടുപോകുന്നത്. ഇതിനു പിന്നിലെ ആശയം എന്തായിരുന്നു?

ഈ ചിത്രത്തെ ഹോമോ സെക്ഷ്വൽ അല്ലെങ്കിൽ ബൈസെക്ഷ്വൽ അങ്ങനെ വിളിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല. ഒരു നോർമൽ ലവ് സ്റ്റോറി ആയിട്ടാണ് ഞാൻ ഇതിനെ ട്രീറ്റ് ചെയ്തിരിക്കുന്നത്. ഞാൻ കണ്ടിട്ടുള്ള 90 ശതമാനം സിനിമകളിലും ഇതുപോലെ ഒരു പ്രണയ കഥ പറയുമ്പോൾ അവിടെ കൂടുതലായും ഒരു ഡാർക്ക് എലെമെന്റാണ് കൊടുക്കുക. അല്ലെങ്കിൽ അവർക്കിടയിലുള്ള ലൈംഗികത കൂടുതൽ കാണിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ഒരു വിഷയം വന്നപ്പോൾ നിർമ്മാതാവായ വിമൽ പറഞ്ഞിരുന്നത് ഒരു സാധാരണ പ്രണയ കഥ ചെയ്യാനാണ്.

കൊച്ചിയിൽ തന്നെ എനിക്കറിയുന്ന എന്റെ സൗഹൃദ വലയത്തിലുള്ള ബൈസെക്ഷ്വലായിട്ടുള്ള കുട്ടികളുടെ യഥാർത്ഥ കഥകൾ ഞാൻ കേട്ടു. ആ കഥകൾ കേട്ടപ്പോൾ എനിക്ക് നമ്മളുമായി ഒരു വ്യത്യാസവും ഉള്ളതായി തോന്നിയില്ല. കാരണം നമ്മൾ ഒരു പ്രണയ ബന്ധത്തിനിടയിൽ നിൽക്കുമ്പോൾ അല്ലെങ്കിൽ ഒരു ആൺ-പെൺ റിലേഷൻഷിപ്പിൽ നിൽക്കുമ്പോൾ എങ്ങനെയാണോ അവരുടെ ഇടയിലെ സാഹചര്യങ്ങൾ കടന്നുപോകുന്നത്, അതുപോലെ തന്നെയാണ് പെൺകുട്ടി പെൺകുട്ടിയെ പ്രണയിക്കുമ്പോഴും ആൺകുട്ടി ആൺകുട്ടിയെ പ്രണയിക്കുമ്പോഴും. അതിൽ വ്യത്യസ്തമായി ഒന്നുമില്ല. അവർക്കിടയിലും ഒരുപാട് സന്തോഷ നിമിഷങ്ങൾ ഉണ്ട്. ഒരു പ്രണയം തുടങ്ങുമ്പോൾ ഉണ്ടാകുന്ന എല്ലാ ആകാംക്ഷകളും ഉണ്ട്. അതിൽ പൊസ്സസ്സീവ് ആണെങ്കിലും ബ്രേക്ക് അപ്പ് ആകുമ്പോഴുള്ള നിമിഷങ്ങൾ ആണെങ്കിലും എല്ലാം ഒരുപോലെ തന്നെയാണ്. ഇത് മനസിലാക്കിയപ്പോഴാണ് എന്തിനാണ് നമുക്കും അവർക്കും ഇടയിൽ ഒരു വേർതിരിവുണ്ടാകുന്നത് എന്ന തോന്നൽ വരുകയും ഇതും സാധാരണമാണ് എന്ന് കാണിച്ചുകൊണ്ട് ഒരു പടം ചെയ്യണം എന്ന് കരുതിയതും.


സംവിധാന രംഗത്തേക്കുള്ള താല്പര്യം ഉണ്ടാകുന്നത്?

ഒരു പ്ലസ് ടു കാലഘട്ടം മുതലേ സിനിമ ചെയ്യണം സംവിധാനത്തിലേക്ക് പോകണം എന്ന ആഗ്രഹം വന്നു തുടങ്ങിയിരുന്നു. ഞാൻ എഞ്ചിനീയറിംഗ് ആണ് പഠിച്ചത്. ആ സമയത്താണ് ഞാൻ കൂടുതൽ സിനിമകൾ കാണാൻ തുടങ്ങുന്നത്. കാരണം ഞാൻ പാലക്കാട് പട്ടാമ്പി എന്ന ഒരു നാട്ടിൻപുറത്ത് നിന്ന്, ഒരു യാഥാസ്ഥിതികമായ കുടുംബത്തിൽ നിന്ന് വരുന്നതാണ്. അതുകൊണ്ട് തന്നെ അവിടെ സിനിമ എന്ന് പറയുന്നത് വല്ലപ്പോഴും മാത്രം കാണുന്ന ഒരു കാര്യമായിരുന്നു. അങ്ങനെ എഞ്ചിനീയറിംഗ് കോഴ്സ് പഠിക്കാൻ വന്ന ഞാൻ നാട് വിട്ടു പുറത്തേയ്ക്ക് വന്നപ്പോഴാണ് കൂടുതൽ പുറം ലോകവുമായി ബന്ധപ്പെടാൻ തുടങ്ങിയത്. പ്രത്യേകിച്ച് സിനിമയിലേക്ക്. ആ ഒരു സമയം മുതലേ എന്തുകൊണ്ട് എനിക്ക് ഒരു സിനിമ സംവിധാനം ചെയ്തുകൂടാ എന്ന ചിന്ത വന്നു തുടങ്ങിയിരുന്നു. അതിനുശേഷം കൊച്ചിയിലേക്ക് വരാനുള്ള അവസരം കിട്ടി. അങ്ങനെ സിനിമയിലും എത്തി. കഴിഞ്ഞ നാല് അഞ്ച് വർഷമായി ഞാൻ സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്. ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് വർക്ക് ചെയ്യുകയായിരുന്നു. 'കായംകുളം കൊച്ചുണ്ണി', 'പ്രതി പൂവൻ കോഴി' എന്നീ ചിത്രങ്ങളിലും പ്രവർത്തിച്ചു. കുറച്ചു നാൾ ഒരു ബ്രേക്ക് എടുത്ത് എന്റെ ഫീച്ചർ മൂവിയുടെ പണിപ്പുരയിലായിരുന്നു. അപ്പോഴാണ് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതും പിന്നീട് ആ പ്രൊജക്റ്റ് നീട്ടിവയ്ക്കുന്നതും. പിന്നീട് ഒരു ഷോർട് മൂവി ചെയ്യാം എന്നതിലേക്ക് എത്തി.

ആദ്യം സംവിധാനം ചെയ്യുന്നത് ഒരു സിനിമ തന്നെയാകണം എന്നുണ്ടായിരുന്നോ? ഈ വിഷയത്തെ കുറിച്ച് പറയണം എന്ന് മുൻപ് തീരുമാനിച്ചിരുന്നോ?

ആദ്യം സിനിമ ചെയ്യണം എന്നൊന്നുമില്ലായിരുന്നു. ഷോർട് ഫിലിം ചെയ്യണം എന്നുമുണ്ടായിരുന്നു. പക്ഷെ ഷോർട്ട് ഫിലിമിന് ഇൻവെസ്റ്റേഴ്സിനെ കിട്ടാൻ ഭയങ്കര പാടാണ്. മാത്രമല്ല ഇതിൽ നിന്നുള്ള വരുമാനം എന്നുപറയുന്നത് ഒട്ടും പ്രതീക്ഷിക്കാൻ കഴിയാത്ത കാര്യമാണ്. അപ്പോൾ അങ്ങനെ ഒരു നല്ല ടീമിനെ കിട്ടിയപ്പോൾ, വിമൽ ചേട്ടൻ നിർമ്മിക്കാം എന്ന് പറഞ്ഞപ്പോഴാണ് എങ്കിൽ ചെയ്യാമെന്ന് കരുതിയത്. കാരണം ഭാവിയിൽ ഒരു പടം ചെയ്യാൻ നിർമ്മാതാക്കളുടെ അടുത്തെത്തുമ്പോൾ അവർ മുൻപ് ചെയ്ത വർക്കിനെ കുറിച്ച് ചോദിക്കും. അപ്പോൾ ഈ വർക്ക് ഒരു പോർട്ട് ഫോളിയോ കൂടി ആകുമല്ലോ എന്ന തോന്നലിലും കൂടിയാണ് ഇത് ചെയ്തത്. എന്തെങ്കിലും വ്യത്യസ്തമായ കഥ ചെയ്യണം എന്നുണ്ടായിരുന്നു. സ്ഥിരം നമ്മൾ കാണുന്നതല്ലാതെ ഒരു പുതുമ എന്റെ പ്രോജക്ടിൽ കൊണ്ടുവരണമെന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളു. അപ്പോൾ തിരക്കഥയും ഈ ഒരു പാറ്റേണിൽ ആണ് ഞാൻ എഴുതിയത്. ഇങ്ങനെ ഒരു വിഷയം കൂടി വന്നപ്പോൾ പിന്നെ ഞാൻ കാത്തിരുന്നില്ല. ഇത് ചെയ്യേണ്ട ഒരു കാര്യമാണ് എന്ന് തോന്നി. അങ്ങനെ ചെയ്തതാണ്.

യുവാക്കൾക്കിടയിൽ സ്വവർഗാനുരാഗം എന്നതിനെ ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്തവരായി ഉണ്ട്. സമൂഹത്തിൽ അത്തരക്കാരിൽ ഒരു മാറ്റം പ്രതീക്ഷിച്ചു ചെയ്തതാണോ അതോ സ്വീകാര്യതയ്ക്ക് വേണ്ടി ഈ വിഷയം എടുത്തതാണോ?

ഈ ഷോർട്ട് ഫിലിം കൊണ്ട് എനിക്ക് ആരെയും സ്വാധീനിക്കണം എന്നില്ല. പക്ഷെ ഇത് തിരിച്ചറിയണം എന്നുണ്ട്. നമുക്ക് സെക്സ് എഡ്യൂക്കേഷൻ ഇല്ലാത്തതിന്റെ പ്രശ്നം ഉണ്ട്.16 മുതൽ 20 വരെ ഉള്ള കുട്ടികൾക്കിടയിൽ അവരുടെ വ്യക്തിത്വത്തെ സംബന്ധിച്ച് തന്നെ ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നുണ്ട്. കാരണം, ഞങ്ങൾ അങ്ങനെയാണോ, ഞങ്ങൾ ബൈസെക്ഷ്വൽ ആണോ എന്നുള്ള ആശയക്കുഴപ്പം. അതിന്റെ പ്രധാന പ്രശ്‌നം നമുക്ക് സെക്സ് എഡ്യൂക്കേഷൻ ഇല്ലാത്തതു തന്നെയാണ്. ഇപ്പോൾ എന്റെ കാര്യം തന്നെ നോക്കുകയാണെങ്കിൽ, സ്കൂൾ കാലഘട്ടമൊക്കെ കഴിഞ്ഞ് പുറത്തേക്ക് വന്ന് കഴിഞ്ഞ ശേഷം മാത്രമാണ് ബൈസെക്ഷ്വലിറ്റിയെ കുറിച്ചും ഇങ്ങനെയും ആളുകൾ ഉണ്ട് എന്നും സ്വന്തം ജൻഡറിനോട് ഒരു ആണിന് തോന്നുന്നപോലെ തോന്നാം എന്നുള്ളതൊക്കെ മനസിലായത്. അതിനു കാരണം നമുക്ക് ലഭിക്കുന്ന എഡ്യൂക്കേഷനും അതുമായി ബന്ധപ്പെട്ടു നമ്മൾ നടത്തുന്ന യാത്രകളുമാണ്. എന്റെ നാട്ടിൽ തന്നെ ഇപ്പോൾ പലർക്കും സ്വവർഗാനുരാഗം എന്നത് അംഗീകരിക്കാൻ കഴിയില്ല. പക്ഷെ വരാൻ പോകുന്ന തലമുറയ്ക്ക് ഇത് ചിലപ്പോൾ എളുപ്പമായിരിക്കും. കാരണം അവർക്ക് അനന്തമായ വിവരങ്ങൾ ലഭിക്കുന്നുണ്ട്. അതിനു സോഷ്യൽ മീഡിയയും ഒരുപാട് സഹായിക്കുന്നുണ്ട്. പക്ഷെ നമ്മുടെ മുതിർന്ന തലമുറയ്ക്കാണ് കൂടുതലും അംഗീകരിക്കാൻ കഴിയാത്തത്. അവർ അവരുടെ ചെറുപ്പം മുതലേ പറഞ്ഞു പഠിച്ചതും കേട്ടതും മറ്റൊന്നാണ്. ഇതൊക്കെ തെറ്റാണ്, ഇത് ഇങ്ങനെ അല്ല എന്നാണ്. ഇവർ ആരും തന്നെ ഒട്ടും എക്സ്പോസ്ഡ് അല്ല. പുറത്തേക്ക് വന്നിട്ടുമില്ല. അങ്ങനെ ഒരു സമൂഹം ഇപ്പോഴും ഇവിടെ ഉണ്ട്. അപ്പോൾ ഇവർക്കും കൂടെ വേണ്ടിയിട്ടാണ് ഈ ഷോർട് ഫിലിം. ഞാൻ എല്ലാവരോടും പറയുന്നതും അത് തന്നെയാണ്. നിങ്ങൾ കാണുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ വീട്ടുകാരെ കൂടി കാണിക്കണം എന്ന്.

'ന്യൂ നോർമൽ' കണ്ടതിനു ശേഷം പ്രേക്ഷകരിൽ നിന്ന് സംവിധായികയ്ക്ക് ലഭിച്ച പ്രതികരണം?

ഷോർട്ട് ഫിലിം കണ്ടു കഴിഞ്ഞ് ഒരുപാട് പേര് എനിക്ക് സോഷ്യൽ മീഡിയയിലൂടെ തന്നെ മെസ്സേജുകൾ അയച്ചിരുന്നു. അതിൽ പലരും ഇതേ സാഹചര്യത്തിലൂടെ കടന്നു പോകുന്നവരാണ്. ഇത് നന്നായി ചേച്ചി, ഇങ്ങനത്തെ ഒരു ചിത്രം വളരെ സാധാരണമാക്കി കാണിച്ചുതന്നതിനു നന്ദി, ഞങ്ങളെ പോലെ ഉള്ളവരെയൊക്കെ എപ്പോഴും വ്യത്യസ്തരായിട്ടാണ് കാണുന്നത് എന്നൊക്കെയുള്ള നിരവധി പ്രതികരണങ്ങൾ എനിക്ക് ലഭിച്ചിരുന്നു. സത്യം പറഞ്ഞാൽ ഇങ്ങനെയുള്ള കാര്യങ്ങളെ എല്ലവരിലേക്കും എത്തിക്കാൻ കലയ്ക്ക് ഒരുപാട് സഹായിക്കാൻ കഴിയും. കാരണം നമ്മൾ പറഞ്ഞു മനസിലാക്കുന്നതിനേക്കാൾ കൂടുതൽ ആഴത്തിൽ ഒരു ആർട്ടിലൂടെ നമുക്ക് പറഞ്ഞുഫലിപ്പിക്കാൻ സാധിക്കും. അപ്പോൾ അത് സഹായകരമായി എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്.

ഇപ്പോൾ എന്റെ മാതാപിതാക്കളാണെങ്കിൽ പോലും ഈ ചിത്രം ഇറങ്ങുന്നത് വരെ എന്താണ് സിനിമയുടെ കഥ എന്നോ ഞാൻ എന്താണ് സംവിധാനം ചെയ്യുന്നത് എന്നോ അവരോട് പറഞ്ഞിരുന്നില്ല. സിനിമ കണ്ട് കഴിഞ്ഞപ്പോഴും അവർ എന്റെ അടുത്തു പറഞ്ഞത്, സംവിധാനം ഒക്കെ നന്നായിട്ടുണ്ട് എന്നാണ്. ഒന്നുമില്ലെങ്കിലും അത് തന്നെ നല്ല ഒരു മാറ്റമാണ്. കാരണം ഒരു 21 മിനിറ്റ് അവർക്ക് അംഗീകരിക്കാൻ കഴിയാത്ത ഒരു വിഷയം ആണെങ്കിൽ പോലും അത് കണ്ടിരുന്നു എന്ന് പറയുന്നത് ഒരു സന്തോഷമുള്ള കാര്യമാണ്. അത് പോലെ തന്നെ കുറെ മെസ്സേജ് വരുന്നുണ്ട്,ഞങ്ങൾക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല. എന്നിരുന്നാലും ഇത് നല്ല ചിത്രമാണ് എന്ന് പറഞ്ഞുകൊണ്ട്. അപ്പോൾ അതിനർത്ഥം അവർ അത് കണ്ടിരുന്നു എന്നാണ്. അല്ലെങ്കിൽ അവരുടെ മനസ്സിൽ ഇത് എവിടെയോ കയറിയിട്ടുണ്ട് എന്നാണ്. അതുകൊണ്ട് തന്നെ നാളെ അവർ ഇതുപോലെ ഒരു കുട്ടിയെ കാണുമ്പോൾ അവർക്ക് അത് മനസിലാക്കാൻ കഴിയും. അവർക്ക് അത് ബന്ധപ്പെടുത്താൻ കഴിയും.

ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നുതന്നെയാണ്, ക്യാരക്റ്റർ സെലക്ഷൻ എങ്ങനെയായിരുന്നു?

ഈ ഒരു കമ്മ്യൂണിറ്റിയിൽ ഉള്ള കുട്ടിയാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഇവിടെ അടുത്തൊരു കഫേ ഉണ്ട്. അവിടെ കുട്ടികൾ ഹാങ്ഔട് ചെയ്യാൻ വരുന്ന സ്ഥലമാണ്. ഇതിലെ അപ്പു എന്ന് പറയുന്ന അനഘ യഥാർത്ഥ ജീവിതത്തിൽ ഒരു ബൈസെക്ഷ്വൽ ആണ്. അത് രണ്ട് വർഷം മുൻപ് അനഘ തുറന്നു പറഞ്ഞിരുന്നതാണ്. അതുകൊണ്ട് തന്നെ ആ കുട്ടിയെ ഞാൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അനഘയുമായി ഇരുന്ന് ഞാൻ അവളുടെ ലവ് സ്റ്റോറി കേൾക്കുമായിരുന്നു. അതൊക്കെ തിരക്കഥ എഴുതുന്ന സമയത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ഈ വിഷയം അവതരിപ്പിക്കാൻ കുറച്ചുകൂടെ എളുപ്പമായിരുന്നു. അതിൽ എനിക്കും വലിയ സന്തോഷമായിരുന്നു. കാരണം അനഘയോട് ഇത് പറയാൻ എനിക്ക് പ്രയാസം ഒന്നും ഉണ്ടായിരുന്നില്ല. ഇഷ എന്ന കഥാപാത്രം ആണെങ്കിലും ആൾടെ യഥാർത്ഥ ജീവിതത്തിൽ അവരുടെ സൗഹൃദങ്ങൾക്കിടയിലും കുറെ ഹെല്പ് ചെയ്തിട്ടുണ്ട് ഇത്.

സിനിമയുടെ ചിത്രീകരണം ?

മൂന്ന് ദിവസമായിരുന്നു മുഴുവൻ ഷൂട്ടിനായി എടുത്തത്. അതിൽ ഒരു ദിവസം പാട്ടിനായി എടുത്തു. പ്രീ-പ്രൊഡക്ഷൻ രണ്ടാഴ്ച നീണ്ടു നിന്നിരുന്നു. എനിക്ക് നല്ല ടെക്‌നിഷ്യൻസിനെ ആണ് ലഭിച്ചത്. 'മധുരം', 'ജൂൺ', എന്നെ ചിത്രങ്ങൾ ചെയ്ത ജിതിൻ സ്റ്റാനിസ്ലസ് ആണ് 'ന്യൂ നോർമലി'ന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഒരു സിനിമ ചെയ്യുന്ന അത്ര സീരിയസ് ആയിട്ട് തന്നെയാണ് എല്ലാവരും ഇതിൽ പ്രവർത്തിച്ചിരുന്നത്. എന്റെ ആഗ്രഹവും അത് തന്നെയായിരുന്നു. കാരണം ഇങ്ങനെ ഒരു ബഡ്ജറ്റിൽ സിനിമ എന്ന് പറയുന്നത് സാധ്യമായ ഒരു കാര്യമല്ല. പക്ഷെ സിനിമയുടെ ക്വാളിറ്റിയിൽ ചെയ്യണം എന്നുള്ളതായിരുന്നു ഞങ്ങളുടെ വെല്ലുവിളി.

പ്രണയം എല്ലായിടത്തും നോർമൽ ആണ്, എല്ലാവരിലും ഒരുപോലെയാണ്. അഭിപ്രായം?

ഒരു റിലേഷൻഷിപ്പ് വരുമ്പോൾ അതിൽ വ്യവസ്ഥകൾ വരുന്നുണ്ട്. ഒന്നിലധികം ബന്ധങ്ങൾ ഉണ്ടാകുന്നുണ്ട്. ഇപ്പോഴത്തെ യുവാക്കൾക്കിടയിലേക്ക് വരുമ്പോൾ പെൺകുട്ടികൾക്കാണ് ഈ ഒരു പ്രശ്‌നം ഒരുപാട് അനുഭവിക്കുന്നത്. കാരണം ഒരു പ്രണയം നഷ്ടപ്പെട്ടതിനു ശേഷം അടുത്ത പ്രണയബന്ധത്തിലേക്ക് ഒരു പെൺകുട്ടി കടക്കുമ്പോൾ അവളെ സമൂഹം വിലയിരുത്തുന്നത് വളരെ മോശമായിട്ടാണ്. ശരിക്കും അങ്ങനെയല്ല. പ്രണയം ഒരിക്കൽ ഒരാളോട് മാത്രം തോന്നുന്ന ഒന്നല്ല. അത് മാറാം. എന്നുകരുതി അത് മോശമായ കാര്യമാണ് എന്ന് പറയാനും കഴിയില്ല. നമുക്ക് പ്രണയം എന്തിനോട് വേണമെങ്കിലും തോന്നാം എന്ന നിലപാടാണ് എനിക്ക്.


നാല്‌ വർഷമായി സിനിമയിൽ പ്രവർത്തിക്കുകയാണ്. ഈ നാല് വർഷം കൊണ്ട് സിനിമ മേഖലയിൽ നിന്ന് ലഭിച്ച നല്ലതും മോശവുമായ പാഠങ്ങൾ?

നെഗറ്റീവും പോസിറ്റവും ഉണ്ടായിട്ടുണ്ട്. എനിക്ക് സിനിമയുമായി ഒട്ടും പരിചയമില്ലായിരുന്നു തുടക്കത്തിൽ. എന്റെ 22 മത്തെ വയസിലാണ് ഞാൻ ഈ മേഖലയിൽ എത്തുന്നത്. അന്ന് എനിക്ക് പുതിയ ഒരു ലോകമാണ് ഈ മേഖല. തെറ്റുകൾ ഒരുപാട് ഉണ്ടാകും. അതിൽ നിന്നൊക്കെ പഠിച്ച് ഒരു വളർച്ച ഉണ്ടാകണം. സിനിമയിൽ പ്രവർത്തിക്കുമ്പോൾ എന്ത് ചെയ്യണം എന്നതിനേക്കാൾ കൂടുതൽ ഞാൻ പഠിച്ചത് എന്തൊക്കെ ചെയ്യരുത് എന്നാണ്. അത് പഠിച്ചു കഴിഞ്ഞാൽ ജീവിതം കുറച്ചുകൂടി ലളിതമാണ്. എല്ലാ മേഖലയിലും നമുക്ക് വെല്ലുവിളികൾ നിരവധി ഉണ്ട്.

പലപ്പോഴും നമുക്കെതിരെ നിൽക്കുന്ന ആളുകൾ ഒരു പ്രശ്നമായി മാറാം, അത് സിനിമയിൽ മാത്രമല്ല. പെൺകുട്ടികൾ പ്രത്യേകിച്ച് കുറച്ചുകൂടി വെല്ലുവിളി നേരിടേണ്ട ഒരു ഇടമാണ് സിനിമ. അപ്പോൾ അവിടെ പിടിച്ചു നിൽക്കാൻ ആദ്യം നമുക്ക് ഇച്ഛാശക്തി വേണം. രണ്ടാമത് 'നോ' എന്ന് പറയാനുള്ള തന്റേടവും. പിന്നെ നമ്മുടെ കഴിവിൽ ഉള്ള വിശ്വാസവും. കഴിവുണ്ടെങ്കിൽ എല്ലാവരും ഒരുപോലെ തന്നെയാണ്. അതിൽ ലിംഗ വ്യത്യാസമില്ല. ആൺകുട്ടികൾക്കും ഈ പറയുന്ന പ്രശ്നങ്ങൾ ഉണ്ട്. കഴിവുണ്ടായിട്ടും എത്തേണ്ടിടത്ത് എത്താതെ പോകുന്നവർ.

സിനിമ ചർച്ച ചെയ്യപ്പെടുമെന്നു കരുതിയിരുന്നു ?

സിനിമയുടെ സ്ക്രിപ്റ്റ് എഴുതിക്കഴിഞ്ഞ സമയത്തും ഇതിന്റെ ഔട്ട് കണ്ടപ്പോഴും ഉറപ്പായും ഇത് സംസാരിക്കപ്പെടും അല്ലെങ്കിൽ ചർച്ച ചെയ്യപ്പെടും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഞാൻ പ്രതീക്ഷിച്ചത് കുറച്ചുകൂടി നെഗറ്റീവ് ആയുള്ള പ്രതികരണമാണ്. ഈ വിഷയത്തെ അംഗീകരിക്കാൻ കഴിയാത്തവർ ഈ വർക്കിന്‌ മോശം പ്രതികരണം നൽകുമെന്ന് കരുതിയാണ് ഞാനിരുന്നത്. പക്ഷെ 99 ശതമാനവും എനിക്ക് ലഭിക്കുന്ന പ്രതികരണം വളരെ പോസിറ്റീവ് ആയാണ്. ഇത് അംഗീകരിക്കാൻ കഴിയാത്ത വിഭാഗത്തിൽ ഉള്ളവർ പോലും പറയുന്നത്, 'ചിത്രം ഞങ്ങൾ കണ്ടിരുന്നു, നന്നായി നിങ്ങൾ ഇത് ചെയ്തു, ഇത് സാധാരണമാക്കി ചെയ്തു' എന്നിങ്ങനെയാണ്. സിനിമ മേഖലയിൽ നിന്നും അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. സിനിമ നിർമ്മാണ മേഖലയിൽ ഉള്ളവർ വിളിക്കുകയും ചില സംവിധായകർ നേരിട്ട് വന്നു ഞങ്ങളെ എല്ലാവരെയും കണ്ട് അഭിനന്ദിക്കുകയും ചെയ്തു.

അടുത്ത പ്രോജക്ടിന് വേണ്ടിയുള്ള വർക്കിലാണ് ഇപ്പോൾ. അത് ഒരു ഫീച്ചർ മൂവി ആണ്. ഉടനെ തന്നെ ഓൺ ആക്കണം എന്നാണ് കരുതുന്നത്.

Story highlights: Why the difference between us and them '; Interview with New Normal Short film Director

Next Story