Top

ഷിബു പ്രണയത്തിനു വേണ്ടിയാണ് എല്ലാം ചെയ്യുന്നത്, പക്ഷെ തിരഞ്ഞെടുത്ത വഴി ശരിയായിരുന്നില്ലന്ന് ഫെമിന ജോർജ്

പുതുമുഖമായ ഫെമിന ജോർജ് ആണ് കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുകയാണ് ഫെമിന ജോർജ്.

29 Dec 2021 3:49 PM GMT
അമൃത രാജ്

ഷിബു പ്രണയത്തിനു വേണ്ടിയാണ് എല്ലാം ചെയ്യുന്നത്, പക്ഷെ തിരഞ്ഞെടുത്ത വഴി ശരിയായിരുന്നില്ലന്ന് ഫെമിന ജോർജ്
X

മലയാളി പ്രേക്ഷകരുടെ സ്വന്തം സൂപ്പർ ഹീറോ ആയ മിന്നൽ മുരളി മലയാളികളുടെ കയ്യിൽ നിന്ന് ആഗോളതലത്തിലേക്ക് ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. കുറക്കന്മൂല എന്ന ചെറിയ ഗ്രാമവും അവിടെ രക്ഷകനായി എത്തുന്ന മിന്നൽ മുരളിയും അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളുമാണ് കഥ. മലയാള സിനിമയിൽ ഇതുവരെ ഇല്ലാത്തതും ഇന്ത്യൻ സിനിമയിൽ വളരെ ചുരുക്കം മാത്രം ഉള്ളതുമായ സൂപ്പർ ഹീറോ കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ബേസിൽ ജോസഫ് എന്ന സംവിധായകൻ കാട്ടിയ ധൈര്യവും എടുത്തു പറയേണ്ടതാണ്. ചിത്രത്തിലെ മിന്നൽ മുരളിയെ പോലെയും സൂപ്പർ വില്ലൻ ഷിബുവിനെ പോലെയും ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് കുറുക്കൻമൂലയുടെ രക്ഷകയായ ബ്രൂസ് ലി ബിജി. പുതുമുഖമായ ഫെമിന ജോർജ് ആണ് കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുകയാണ് ഫെമിന ജോർജ്.


'മിന്നൽ മുരളി'യുടെ ഭാഗമാകാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ ഫെമിന ഇന്ന് എവിടെ ?

പടം ചെയ്യുന്നതിന് മുൻപ് വിദേശത്ത് പോയി പഠിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അയർലണ്ടിൽ പോകാൻ ഐ ഇ എൽ ടി എസ് പ്രിപെയർ ചെയ്തു, അഡ്മിഷൻ കിട്ടി, പോകാനായി വിസയ്ക്ക് അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പേ ഞാൻ വീട്ടിൽ പറഞ്ഞിരുന്നു, പോയാലും തിരിച്ചു വരും എനിക്ക് സിനിമ ചെയ്യണം എന്നുള്ളത്. അങ്ങനെ ആണെങ്കിൽ ഇവിടെ തന്നെ നിന്നോളൂ എന്ന് വീട്ടുകാരും പറഞ്ഞപ്പോഴാണ് പിന്നീട് എം.കോമിന് ജോയിൻ ചെയ്യുന്നത്. ഒരുപക്ഷെ മിന്നൽ മുരളിയും സിനിമയും എന്റെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ എം.കോം തന്നെ പഠിച്ച് അതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു ജോലി ഒക്കെ ചെയ്തേനെ. പക്ഷെ ഞാൻ അതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല. അപ്പോഴും എന്റെ ലക്ഷ്യം സിനിമ തന്നെ ആയിരുന്നു.

ചെറുപ്പം മുതലേ സിനിമ കാണാനും സിനിമയെപ്പറ്റി അറിയുവാനും ഒക്കെ ഇഷ്ടമായിരുന്നു. അന്ന് പത്രം ആകെ തുറക്കുന്നത് സൺ‌ഡേ സപ്പ്ളിമെന്ററി വായിക്കാനും അതിലെ സിനിമ വാർത്തകൾ നോക്കാനും ആയിരുന്നു. ഒപ്പം സിനിമ കണ്ടു കണ്ണാടിയുടെ മുന്നിൽ നോക്കി ആ കഥാപാത്രങ്ങളെ അനുകരിക്കുമായിരുന്നു. പക്ഷെ അന്നൊന്നും കരുതിയിരുന്നില്ല ഞാൻ ഒരു അഭിനേതാവാകുമെന്നോ ആക്റ്റിംഗിനോട് പാഷൻ ഉണ്ടാകുമെന്നോ. അപ്പോഴത്തെ പ്രായത്തിൽ വെറുതെ ചെയ്തു തുടങ്ങിയതാണ് ഇതൊക്കെ. എന്നിരുന്നാലും സിനിമ മനസ്സിൽ തന്നെ ഉണ്ടായിരുന്നു. കുറെ നാളുകൾക്ക് ശേഷമാണ് അഭിയനയിക്കണം, ഒരു ആക്ടർ ആകണം എന്നുള്ള ഒരാഗ്രഹം ഉണ്ടാകുന്നത്. പക്ഷെ വീട്ടിൽ പറഞ്ഞു ഒന്ന് സമ്മതിപ്പിച്ചെടുക്കാൻ സമയം എടുത്തു.

'മിന്നൽ മുരളി' വന്ന വഴി ?

ഇൻസ്റ്റഗ്രാമിലൂടെയാണ് കാസ്റ്റിംഗ് കാൾ കാണുന്നത്. ഒരു സൂപ്പർ ഹീറോ ജോണർ, ടോവിനോ തോമസ് നായകൻ, ബേസിൽ ജോസഫ് സംവിധാനം, സോഫിയ പോളിന്റെ പ്രൊഡക്ഷൻ എന്നിങ്ങനെയുള്ള വിവരങ്ങൾ അതിൽ ഉണ്ടായിരുന്നു. ഇത് കൂടാതെ നായികയ്ക്ക് ഏതെങ്കിലും മാർഷ്യൽ ആർട്സ് അറിഞ്ഞിരിക്കണം എന്നും പ്രത്യേകം എഴുതിയിയിരുന്നു. അന്ന് എനിക്ക് മാർഷ്യൽ ആർട്സിനെ കുറിച്ച് വലിയ ഐഡിയ ഒന്നും ഉണ്ടായിരുന്നില്ല. സ്കൂളിൽ ചെറുപ്പത്തിൽ രണ്ടാഴ്ച കരാട്ടെ ക്ലാസിനു പോയ ഒരു അറിവുമാത്രമേ ആകെ ഉണ്ടായിരുന്നുള്ളു അതും. ആ ഒരു ധൈര്യത്തിന്റെ പുറത്താണ് പോയത്. പക്ഷെ അവർ വിളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കാരണം മാർഷ്യൽ ആർട്സൊക്കെ താല്പര്യമുള്ള കുട്ടി എന്ന് പറയുമ്പോൾ അവർ അത്രെയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ആണ് തേടുന്നതെന്നു തോന്നി. അതുകൊണ്ട് തന്നെ കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. പക്ഷെ അവർ എന്നെ വിളിച്ചു..


ബ്രൂസ് ലി ബിജി എന്ന കഥാപാത്രമാണോ, സൂപ്പർ ഹീറോ എലമെന്റാണോ, 'മിന്നൽ മുരളി'യുടെ കഥയാണോ ഏറ്റവും അധികം സ്വാധീനിച്ചത്?

സൂപ്പർ ഹീറോ എന്ന എലെമെന്റ് തന്നെയാണ്. കാരണം ഇങ്ങനെ ഒരു സിനിമ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല. നമ്മൾ കൂടുതലും കണ്ടിരിക്കുന്നത് മാർവൽ, ഡിസി പടങ്ങളാണ്. ഇന്ത്യയിലും സൂപ്പർ ഹീറോ പടങ്ങൾ വളരെ ചുരുക്കമേ ഒള്ളു. ആദ്യമായി കേട്ടപ്പോൾ എന്നെ ആകർഷിച്ചതും എനിക്ക് കൗതുകമുണ്ടാക്കിയതും ഇതേ സൂപ്പർ ഹീറോ തന്നെയാണ്. ആ ഒരു കൗതുമായിരുന്നു മിന്നൽ മുരളി ഓഡിഷൻ വരെ എത്തിച്ചത്. പിന്നീടാണ് ബിജി എന്ന കഥാപാത്രത്തെയും മിന്നൽ മുരളിയിൽ ബിജിയുടെ സംഭാവന എന്താണ് എന്നുള്ളതും മനസിലാകുന്നത്.

ബ്രൂസ് ലി ബിജിയെ പോലെ യഥാർത്ഥ ജീവിതത്തിൽ ആരെയെങ്കിലും രക്ഷിക്കാനോ ഇത്തരത്തിലൊരു പ്രതിസന്ധി നിറഞ്ഞ സാഹചര്യമൊ നേരിടേണ്ടി വന്നിട്ടുണ്ടോ ?

സിനിമയിൽ ബ്രൂസ് ലി ബിജി രക്ഷകയായത് കരാട്ടെ അറിയുന്നത് കൊണ്ടാണ്. പക്ഷെ യഥാർത്ഥ ജീവിതത്തിൽ ഫെമിനയ്ക്ക് കരട്ടയെ പറ്റി വലിയ വിവരം ഒന്നുമില്ല. യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഒരു രക്ഷപെടുത്തൽ അസാധ്യമാണ്. ഞാൻ ലൈഫിൽ തളർന്നു പോയ നിമിഷങ്ങൾ ഒരുപാടുണ്ട്. എനിക്കും പിന്തുണ നൽകാൻ ഒരുപാട് പേര് ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ ഞാനും ആവശ്യഘട്ടങ്ങളിൽ വേണ്ടപ്പെട്ടവരുടെ കൂടെ നിൽക്കാറുണ്ട്. മാത്രമല്ല ഇമോഷണൽ ഘട്ടങ്ങളിലും ഒരു താങ്ങായിട്ടു എന്നെ കൊണ്ട് എന്ത് ചെയ്യാൻ പറ്റുന്നുവോ അത് ഞാൻ ചെയ്യാൻ ശ്രമിക്കാറുമുണ്ട്.


മിന്നൽ മുരളിയ്ക്ക് വേണ്ടി ജീവിതത്തിൽ മറ്റെന്തെന്തെങ്കിലും നഷ്ട്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ടോ?

ഞാൻ മിന്നൽ മുരളിയിലേക്ക് ചേർന്നപ്പോൾ മുതലേ, മിന്നൽ മുരളിയ്ക്ക് വേണ്ടി എന്നെ മുഴുവനായും ഞാൻ കൊടുത്തിരുന്നു. ഒരിക്കലും സിനിമയ്ക്ക് വേണ്ടി ഞാൻ എന്റെ ക്ലാസ്സുകളാകട്ടെ, പുറത്തേക്കു പഠിക്കാൻ പോകുന്നതാകട്ടെ എല്ലാം വേണ്ടന്നു വച്ചത്, മിന്നൽ മുരളിയ്ക്ക് വേണ്ടി മാത്രമല്ല, സിനിമയ്ക്ക് വേണ്ടി കൂടിയാണ്. അത് ഒരു നഷ്ടമായി എനിക്ക് തോന്നുന്നില്ല. അതെല്ലാം ഞാൻ എടുത്ത എന്റെ തീരുമാനം ആണ്, അന്ന് ശെരിയായിട്ടു തോന്നി, ഇന്നും ഞാൻ അതിൽ തന്നെ ഉറച്ചു നിൽക്കുന്നു. ഒരിക്കലും മിന്നൽ മുരളിയിൽ ജോയിൻ ചെയ്തത് കൊണ്ട് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നും നഷ്ടപ്പെടുത്തിയതായിട്ട് തോന്നിയിട്ടില്ല.

'സൂപ്പർ വില്ലനെ' കുറിച്ച്?

സിനിമയിൽ ഏറ്റവുമിഷ്ടമുള്ള കഥാപാത്രമാണ് ഷിബുവിന്റേത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൊക്കെ പറയുന്നത് പോലെ, ഷിബു ചെയ്ത കാര്യങ്ങളെ ന്യായീകരിക്കാൻ നിരവധി കാരണങ്ങൾ ഉണ്ട്. ഷിബുവിന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ കുറ്റപ്പെടുത്താൻ കഴിയില്ല എങ്കിലും ഒരു ഘട്ടത്തിൽ വലിയ അപകടകാരിയായി മാറുകയാണ് ആ കഥാപാത്രം. ഷിബു യഥാർത്ഥത്തിൽ ഒരു വില്ലൻ തന്നെയാണ്. ഷിബു തന്റെ പ്രണയത്തിനു വേണ്ടിയാണ് എല്ലാം ചെയ്യുന്നത്, പക്ഷെ അതിനു വേണ്ടി തിരഞ്ഞെടുത്ത വഴി ശെരിയായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഷിബു അപകടകാരിയായ വില്ലൻ ആയി മാറുന്നത്. എത്രയൊക്കെ ന്യായങ്ങൾ ഉണ്ടെങ്കിലും ഒരു നാട് മുഴുവൻ നശിപ്പിക്കാനായി ഷിബു ഇറങ്ങി തിരിച്ചു. അത് ഒരിക്കലും അംഗീകരിക്കാം കഴിയുന്നതല്ല.

തുടക്കത്തിൽ കണ്ട മിന്നൽ മുരളിയുടെ വിജയം?

ഒരിക്കലും പടത്തിന് ഇപ്പോൾ ഉള്ള ഈ റേഞ്ച് എത്തുമെന്ന് കരുതിയിരുന്നില്ല. പടം ഒരു വിജയമാകുമെന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു. അത് ഈ ഒരു ടീമിലുള്ള പ്രതീക്ഷ തന്നെയായിരുന്നു. ബേസിൽ ജോസെഫിന്റെ മുൻപുള്ള രണ്ട് സിനിമകൾ എടുത്തു നോക്കിയാലും പ്രതീക്ഷ കൂടുകയേ ഒള്ളു. അതുകൊണ്ട് തന്നെ 'ഒന്നുങ്കിൽ ഇത് ക്ലിക്കാകാം അല്ലെങ്കിൽ ആർക്കും അംഗീകരിക്കാൻ കഴിയാത്ത ഒരു ഫ്ലോപ്പ് ആയി പോകാം' എന്ന് കരുതി. എന്തും സംഭവിക്കാം. അപ്പോഴും ഉള്ളിൽ ഒരു ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ അത് ഇത്രയും വലിയ ഒരു വിജയമാകും, എല്ലാവരും സിനിമയെ ഏറ്റെടുക്കും എന്ന് കരുതിയിരുന്നില്ല.

ബേസിൽ ജോസഫ് എന്ന സംവിധായകൻ?

ആള് എപ്പോഴും കൂൾ ആയ മനുഷ്യനാണ്. പക്ഷെ ഡയറക്‌ഷൻ കാര്യത്തിൽ വരുമ്പോൾ അതിന്റെതായ സീരിയസ് മനോഭാവം കാണിക്കാറുണ്ട്. അതിനു ഒന്നാമത്തെ കാരണം 'മിന്നൽ മുരളി' ഫൺ ഷൂട്ട് ചെയ്യാൻ തരത്തിലുള്ള ഒരു സിനിമയായിരുന്നില്ല എന്നതാണ്. കാരണം ഒരു വലിയ ബജറ്റ് സിനിമയാണ്, ഒരുപാട് ആളുകളെ ഉൾക്കൊള്ളിക്കണം, സമയത്തിന് തീർക്കണം അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ എല്ലാവർക്കും നല്ല പ്രഷർ ആയിരുന്നു. ആർട്ടിസ്റ്റുകൾ ഒഴികെ ബാക്കി എല്ലാവർക്കും ഒരുപാട് സമ്മർദ്ദം ഉണ്ടായിരുന്നു. ബേസിൽ ജോസഫ് ഈ ഒരു സമ്മർദ്ദത്തിലും ടെൻഷനിലുമാണ് എപ്പോഴും സെറ്റിൽ ഉണ്ടാകുക. പക്ഷെ എനിക്ക് സെറ്റിൽ അങ്ങനെ ഒരു പ്രഷർ ബേസിൽ തന്നിട്ടില്ല. എന്നെ ഒരു പുതുമുഖം എന്ന രീതിയിൽ തന്നെയാണ് പരിഗണിച്ചത്. സാധാരണ ആർട്ടിസ്റ്റ് എന്ന നിലയിൽ കുറച്ചു കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരേണ്ടിയിരുന്നു. അതെല്ലാം കൃത്യമായി തന്നെ സമയം എടുത്തു പറഞ്ഞു തന്നു. ഒരു സീൻ ചെയ്യുന്നതിന് മുൻപും എന്റെ അടുത്തു വന്നു അത് പറഞ്ഞു തരും. അഭിനയിച്ചു തരും. അതുകൊണ്ടുതന്നെ ആള് വളരെ കൂൾ ആണ്. പക്ഷെ സെറ്റിൽ ഒരു പക്കാ പ്രഫഷണൽ ഡയറക്ടർ തന്നെയാണ്.


ബ്രൂസ് ലി ബിജി കഷ്ടപ്പെടുത്തിയോ ?

ബ്രൂസ് ലി ബിജിയ്ക്ക് വേണ്ടി അത്യാവിശം നല്ല തയ്യാറെടുപ്പുകൾ എടുക്കേണ്ടി വന്നിട്ടുണ്ട്. കിക്ക്‌ പ്രാക്ടീസ് ചെയ്യുകയും, ശരീര ഭാരം കുറയ്ക്കുകയും ഒക്കെ. എന്നാൽ എന്നെകൊണ്ട് പറ്റില്ല എന്നൊരു തോന്നൽ ഒന്നും ഉണ്ടായിട്ടില്ല. നമ്മൾ മനസും ശരീരവും മുഴുവൻ കൊടുത്ത് കഷ്ടപ്പെട്ടാൽ അതിനുള്ള ഫലം തീർച്ചയായും ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ എന്നെ കൊണ്ട് പറ്റാവുന്ന രീതിയിൽ ഞാൻ നല്ലതു പോലെ വർക്ക് ചെയ്തു. ബേസിൽ കുറെ കാര്യങ്ങൾ ബ്രൂസ് ലി ബിജിയെ കുറിച്ചും എങ്ങനെ ആ കഥാപത്രം അഭിനയിക്കണം എന്നൊക്കെ പറഞ്ഞു തന്നിട്ടുണ്ട്. കൂടാതെ മാർഷ്യൽ ക്‌ളാസ്സുകളെ കുറിച്ചും പറഞ്ഞു തന്നിട്ടുണ്ട്. അതുകൊണ്ട് എന്നെക്കൊണ്ട് കഴിയില്ല എന്നുള്ള കൺഫ്യൂഷൻ ഒരിക്കലും ഉണ്ടായിട്ടില്ല. ബേസിൽ നല്ല രീതിയിൽ സഹായിച്ചത് കൊണ്ടും കൂടെയാണ് ബിജി ഇത്രയും വിജയമായത്. ടോവിനോയും അങ്ങനെ തന്നെ ആയിരുന്നു. ഡയലോഗുകൾ ഒക്കെ എന്നെ പഠിപ്പിച്ചും എനിക്ക് വേണ്ടി സമയം ചിലവഴിക്കുകയും ചെയ്തിട്ടുമുണ്ട്.


മിന്നൽ മുരളി രണ്ടാം ഭാഗത്തിൽ ബ്രൂസ് ലി ബിജിയെ പ്രതീക്ഷിക്കാമോ?

അരുൺ, ജസ്റ്റിൻ, ബേസിൽ, അവർ സൃഷ്‌ടിച്ച കഥാപാത്രമാണ് ബ്രൂസ് ലി ബിജി. ഇനിയൊരു ഭാഗം ഉണ്ടെങ്കിൽ അതിൽ ബിജി വരുമോ എന്നത് അവരുടെ കൈകളിൽ മാത്രം ഇരിക്കുന്ന കാര്യമാണ്. അതിൽ എനിക്കൊരു പങ്കും ഇല്ല എന്ന് തന്നെ പറയാം. ബ്രൂസ് ലി വന്നാൽ നന്നായിരിക്കുമെന്ന് ആഗ്രഹമൊക്കെയുണ്ട്, പക്ഷെ അവരാണ് തീരുമാനിക്കേണ്ടത്.

ബേസിൽ അല്ലാതെ ഏതു സംവിധായകൻ?

മലയാളത്തിൽ ഒട്ടേറെ സംവിധായകരെ വളരെ ഇഷ്ടമാണ്. ദിലീഷ് പോത്തന്റെ സിനിമയിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ട്. അതുപോലെ ലിജോ ജോസ് പെല്ലിശ്ശേരി, ഇവരുടെയൊക്കെ സിനിമ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഇനി ഭാവിയിൽ അവരുടെ കൂടെ ഏതെങ്കിലും ഒരു സിനിയമയുടെ ഭാഗമാകാൻ കഴിഞ്ഞാൽ ഒരുപാട് സന്തോഷം.

ബ്രൂസ് ലി ബിജിയാകാൻ ആഹാര രീതി മാറ്റി എന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ശരീരഭാഷ ഒന്നിനും ഒരു ഘടകമാകുന്നില്ല എന്ന് കരുതുന്ന ഒരു കാലത്തിലേക്ക് ഒരു കരാട്ടെ മാസ്റ്റർ കഥാപത്രത്തിന് വണ്ണം കുറയ്ക്കണം എന്ന് തോന്നാനുള്ള കാരണം?

സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്തത് അങ്ങനെ ആയിരുന്നു. കാരണം ബ്രൂസ് ലി ബിജി അത്രെയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരു വ്യക്തിയാണ്. അത് ആളുടെ കരാട്ടെ ക്ലാസ്സിൽ ആകട്ടെ ട്രാവൽ ഏജൻസിയിൽ ആകട്ടെ കൃത്യമായി ഇടപെടുന്ന ഒരു വ്യക്തിയാണ് ബിജി. അതിനുദാഹരണമാണ് സിനിമയിൽ ജെയ്സൺ ബിജിയോട് സംസാരിക്കുമ്പോൾ ബിജി കരാട്ടെ പ്രാക്ടീസ് ചെയ്യുന്നത്. അപ്പോൾ കരാട്ടെയിൽ അത്രെയും ഇൻവോൾവ് ആയ ഒരു വ്യക്തിക്ക് തീർച്ചയായും ശരീരഭാഷയിൽ മാറ്റമുണ്ടാകും. ആദ്യം അഭിനയിക്കാൻ എത്തിയപ്പോൾ സ്ക്രിപ്റ്റിൽ പറഞ്ഞിരുന്ന ഒരു ശരീര ഭാഷയായിരുന്നില്ല എനിക്ക്. 'സിനിമയിൽ ബിജി ഇങ്ങനെയാണ്, ബിജിയുടെ ശരീരഭാഷ ഇതുപോലെയാണ്' എന്നും അവർ പറഞ്ഞു. ആ ബിജിയിലേക്ക് പോകണമെങ്കിൽ തീർച്ചയായും അതേപോലെ ശരീരവും മാറ്റേണ്ടതുണ്ട്. ഫെമിനയിൽ നിന്ന് ബിജിയിലേക്ക് കടക്കാൻ അതിന്റെ ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട് ശരീര ഭാരം കുറച്ചു. അല്ലാതെ ഒരു കരാട്ടെക്കാരി ആകണമെങ്കിൽ ശരീരഭാരം കുറച്ചാലെ ശെരിയാകൂ എന്നതിൽ ഞങ്ങളിൽ ആരും വിശ്വാസിക്കുന്നില്ല.

ബ്രൂസ് ലി ബിജിയ്ക്ക് ലഭിച്ച ആദ്യ പ്രതികരണം?

കാസ്റ് ആൻഡ് ക്രൂവിന് വേണ്ടി മാത്രം ഒരു ഷോ വച്ചിരുന്നു. അന്നാണ് പടം ആദ്യമായി ഞാൻ കാണുന്നത്. അതിനു ശേഷം ഒരുപാട് പ്രതികരണം ഒന്നും എനിക്ക് ലഭിച്ചിരുന്നില്ല. നല്ല സിനിമയാണ്, നീ നന്നായി ചെയ്തു എന്നുമാത്രം. സിനിമ എല്ലാവരിലേക്കും ചർച്ച ചെയ്യപ്പെട്ടതിനു ശേഷമാണ് ബ്രൂസ് ലി ബിജിയെ ഒരു വിഷയമാക്കി മാറ്റിയത് തന്നെ. പടം ഇറങ്ങി ഉടനെ ഒന്നും ഇപ്പോൾ ഉള്ള അത്ര പ്രതികാരങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. അപ്പോൾ എല്ലാവരും സിനിമയെ കുറിച്ചായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്.

പ്രതീക്ഷിക്കാതെ കിട്ടിയ അവസരം..

ഇങ്ങനെ ഒരു പാടത്തിന്റെ ഭാഗമാകാൻ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചില്ല. പ്രത്യേകിച്ച് ടോവിനോയുടെ നായികയായി വരുമെന്ന് ഞാൻ സ്വപ്നം പോലും കണ്ടിട്ടില്ല. എനിക്ക് ഇതൊരു ലോട്ടറിയാണ്. കാരണം ഇതിനു മുൻപ് യാതൊരു പരിചയവുമില്ലാത്ത, ഇൻഡസ്ട്രിയിൽ വേറൊരു ബന്ധവുമില്ലാത്ത ഒരാൾ, ഇത്രയും വലിയ ഒരു ക്യാൻവാസിൽ എത്തുക എന്നത് ഒട്ടും പ്രതീക്ഷിച്ചില്ല. എന്റെ സ്വപ്നങ്ങളിലും അപ്പുറം ആണ് ഇപ്പോൾ മിന്നൽ മുരളിയിലൂടെ സാധിച്ചത്.

Next Story