Top

'ആ പ്രായത്തില്‍ ആരും എടുക്കാത്ത ആ തീരുമാനം അവന്‍ എടുത്തു'; 'കുഞ്ഞെല്‍ദോയെ'ക്കുറിച്ച് മാത്തുക്കുട്ടി

വിനീതേട്ടനെ പോലൊരാൾ 'നീ ഇത് എഴുതി നോക്ക്, ബാക്കി നമ്മൾ ഇല്ലേ' എന്ന് ചോദിക്കുമ്പോൾ ലഭിച്ച ഒരു ധൈര്യത്തിൽ നിന്നുമാണ് 'കുഞ്ഞെൽദോ' എഴുതുന്നത്.

21 Dec 2021 4:20 PM GMT
ജോയേല്‍ സ്റ്റാലിന്‍

ആ പ്രായത്തില്‍ ആരും എടുക്കാത്ത ആ തീരുമാനം അവന്‍ എടുത്തു; കുഞ്ഞെല്‍ദോയെക്കുറിച്ച് മാത്തുക്കുട്ടി
X

ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രം 'കുഞ്ഞെൽദോ' ഈ മാസം 24ന് റിലീസ് ചെയ്യുകയാണ്. സിനിമയുടെ കഥ മാത്തുക്കുട്ടിയുടെ സുഹൃത്തിന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതാണ് എന്നത് തന്നെ കുഞ്ഞെൽദോയുടെ മേലുള്ള പ്രതീക്ഷ വർധിപ്പിക്കുന്ന കാര്യമാണ്. ആസിഫ് അലി നായകനാകുന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെ ക്രീയേറ്റീവ് ഡയറക്ടർ റോളും പ്രതീക്ഷയ്ക്ക് മറ്റൊരു കാരണമാണ്. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ റിപ്പോർട്ടർ ലൈവിനോട് പങ്കുവെക്കുകയാണ് സംവിധായകൻ മാത്തുക്കുട്ടി.

'കുഞ്ഞെൽദോ' 24ന് എത്തുന്നു, പ്രതീക്ഷകൾ

കുറെയധികം നാളുകളായുള്ള കാത്തിരിപ്പിലായിരുന്നു നമ്മൾ. അവസാനം വളകൾ ഊർന്ന് പോയി ഇരിക്കുന്നു എന്ന അവസ്ഥയിലാണ് നമ്മൾ. ഒടുവിൽ രണ്ട്- രണ്ടര വർഷങ്ങളുടെ കാത്തിരിപ്പിന്റെ ഫലമാണ് 24ന് അറിയുന്നത്. ഭയങ്കര പ്രതീക്ഷയിലാണ് ടീം മുഴുവൻ. ബാക്കിയെല്ലാം പ്രേക്ഷകർ തീരുമാനിക്കട്ടെ.

ആദ്യ സംവിധാന സംരംഭം

'കുഞ്ഞെൽദോ' എന്ന സിനിമയിൽ ഒരു എഴുത്തുകാരന്റെ റോൾ മാത്രമായിരുന്നു ആദ്യം ഞാൻ ചെയ്യാൻ ആഗ്രഹിച്ചത്. 'യു ടു ബ്രൂട്ടസ്' എന്ന സിനിമയുടെ ഭാഗമായി രൂപേഷിനൊപ്പം നിൽക്കുമ്പോൾ ആണ് ആദ്യമായി വിനീതേട്ടനെ കാണുന്നത്. ഈ സിനിമയുടെ ആശയം സംസാരിച്ചപ്പോൾ അദ്ദേഹം പൊട്ടിചിരിച്ചു. 'നീ ഇത് എഴുതി നോക്ക്' എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വിനീതേട്ടന് വേണ്ടി എഴുതിയ സ്ക്രിപ്റ്റാണ് കുഞ്ഞെൽദോ. സ്ക്രിപ്റ്റ് പൂർണ്ണമായി വായിച്ച ശേഷം 'ഞാൻ ഇത് സംവിധാനം ചെയ്യട്ടെ' എന്നാണ് അദ്ദേഹം ചോദിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ അഭിനയ തിരക്കുകൾ മൂലം മറ്റൊരാളെ സമീപിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. 'എന്നെ ഓർത്ത് വിഷമിക്കേണ്ട, ഞാൻ സിനിമ പഠിക്കാൻ പോവുകയാണ്' എന്ന് വിനീതേട്ടനോട് പറഞ്ഞു. 'എന്നാൽ നിനക്ക് തന്നെ കുഞ്ഞെൽദോ സംവിധാനം ചെയ്തു കൂടെ' എന്ന് വിനീതേട്ടൻ ചോദിക്കുന്നത്. ടെക്നിക്കൽ സൈഡിൽ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെയാണ് ഞാൻ സംവിധായകൻ ആകുന്നത്.

വിനീത് ശ്രീനിവാസൻ എന്ന ക്രീയേറ്റീവ് ഡയറക്ടർ

വിനീത് ശ്രീനിവാസൻ ഉള്ളത് കൊണ്ട് മാത്രം ഞാൻ എഴുതിയ കഥയാണ് കുഞ്ഞെൽദോ. അദ്ദേഹം തന്ന ധൈര്യത്തിന്റെ പുറത്താണ് ഞാൻ ഇത് എഴുതിയത്. അതുപോലെ തന്നെ ഈ കഥ ആദ്യമായി ഞാൻ വായിച്ച് കേൾപ്പിക്കുന്നതും അദ്ദേഹത്തെ തന്നെയാണ്. അദ്ദേഹം ഈ സിനിമയുടെ രണ്ടാം പകുതിയിൽ ചില തിരുത്തലുകളും വരുത്തിയിട്ടുണ്ട്. അങ്ങനെ തിരക്കഥ മുതൽ അദ്ദേഹത്തിന്റെ ഒരു മേൽനോട്ടം ഉണ്ടായിരുന്നു. ചിത്രീകരണത്തിന്റെ ആദ്യ നാളുകളിൽ അദ്ദേഹം എന്നും സെറ്റിൽ വരുകയും ഷോട്ടുകൾ കാണുകയും ഒക്കെ ചെയ്തിരുന്നു. വിനീതേട്ടന് രണ്ടാമത്തെ കുട്ടി ഉണ്ടായ ശേഷം മാത്രമാണ് അദ്ദേഹം സെറ്റിലേക്ക് വരാതെയായത്. എന്നാലും ഫോണിലൂടെ സംസാരിച്ചിരുന്നു. വിനീതേട്ടനിൽ നിന്നും ഒരുപാട് കാര്യങ്ങൾ എടുക്കുകയും അദ്ദേഹത്തെ മെൻഷൻ ചെയ്യാതെ ഇരിക്കുകയും ചെയ്താൽ വലിയ അപരാധം ആയിപ്പോകും. മറ്റൊരു കാര്യം അദ്ദേഹത്തിന്റെ പേര് എന്റെ പേരിന്റെ താഴെ വെക്കുന്നതിൽ എനിക്ക് വലിയ വിഷമം ഉണ്ടായിരുന്നു. 'എന്റെ പേര് വെച്ചാൽ നിന്റെ പേരിന്റെ ഘനം കുറയും. അതുകൊണ്ട് അത് വെക്കേണ്ട' എന്ന് അദ്ദേഹം പറഞ്ഞു. 'നിങ്ങളുടെ പേര് ഉളളതാണ് എനിക്ക് ഘനം' എന്ന് ഞാനും പറഞ്ഞു. എന്റെ പേര് കണ്ടാൽ വരുന്നതിന്റെ എത്ര ഇരട്ടി ആളുകൾ വിനീത് ശ്രീനിവാസൻ എന്ന പേര് കണ്ടാൽ വരും.

തിരക്കഥാകൃത്തിന്റെ വേഷം

'യു ടൂ ബ്രൂട്ടസ്' എന്ന സിനിമയ്ക്കായി ഡയലോഗ്സ് എഴുതുന്ന സമയത്താണ് വിനീത് ശ്രീനിവാസൻ 'തിര' ചെയ്യുന്നത്. അപ്പോഴാണ് ഞാൻ അദ്ദേഹവുമായി ആദ്യമായി സംസാരിക്കുന്നത്. 'നിനക്ക് സ്വന്തമായി ഒരു ഐഡിയ പ്ലാൻ ചെയ്തുകൂടെ' എന്ന് വിനീതേട്ടൻ ചോദിച്ചു. ആ സമയം എന്ന് പറയുന്നത് തട്ടം ഹിറ്റായി നിൽക്കുന്നു. ബിടെക്ക് കഴിഞ്ഞു നിൽക്കുന്ന സകല പയ്യന്മാരും വിനീത് ശ്രീനിവാസനെ അസിസ്റ്റ് ചെയ്യുക എന്ന സ്വപ്നവുമായി നിൽക്കുന്ന സമയം. വിനീതേട്ടനെ പോലൊരാൾ 'നീ ഇത് എഴുതി നോക്ക്, ബാക്കി നമ്മൾ ഇല്ലേ' എന്ന് ചോദിക്കുമ്പോൾ എനിക്ക് ലഭിച്ച ഒരു ധൈര്യത്തിൽ നിന്നുമാണ് കുഞ്ഞെൽദോ ഞാൻ എഴുതുന്നത്.

കുഞ്ഞെൽദോയുടെ ആശയം

കുഞ്ഞെൽദോ എന്റെ ആദ്യത്തെ സുഹൃത്താണ്. എന്റെ കസിൻ ആണ്. അവന്റെ ലൈഫ് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. ആ പ്രായത്തിൽ ഒരാളും എടുക്കാത്ത ഒരു തീരുമാനം അവൻ എടുത്തു. അതിന്റെ പേരിൽ അവൻ ഏറെ പ്രതിസന്ധികൾ നേരിട്ടു. ആ പ്രതിസന്ധികൾ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. വലിയ പ്രതിസന്ധികൾക്കിടയിലും അവൻ പിടിച്ചു നിന്നതും മുന്നോട്ടു പോയതും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്റെ പല സുഹൃത്തുക്കളും അവന്റെ കഥ കേൾക്കാൻ താൽപര്യപ്പെട്ടിട്ടുമുണ്ട്. ഞാൻ ആദ്യമായി സ്ക്രിപ്റ്റ് ചെയ്യുമ്പോൾ എനിക്ക് നേരിട്ടു പരിചയമുള്ള കഥ തന്നെ വേണമെന്ന് ആഗ്രഹമായുണ്ടായിരുന്നു. അതാണ് കുഞ്ഞെൽദോ.

മറ്റു ക്യാംപസ് ചിത്രങ്ങളിൽ നിന്നുള്ള വ്യത്യാസം

സർവകലാശാല പോലെയോ ക്ലാസ്സ്‌മേറ്റ്സ് പോലെയോ ഒരു ഫുൾ ക്യാംപസ് സിനിമ ആയിരിക്കില്ല കുഞ്ഞെൽദോ. ഇത് ക്യാംപസിൽ തുടങ്ങുന്ന സിനിമയാണ്. അവരുടെ സൗഹൃദവും പ്രണയവും എല്ലാം ക്യാംപസിൽ തന്നെയാണ് തുടങ്ങുന്നത്. എന്നാൽ രണ്ടാം പകുതി അതിലേക്ക് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും കടന്നുവരവ് ആണ് സിനിമയുടെ കഥ. ഇവരുടെ ബന്ധത്തിന് ഏറ്റവും ന്യൂട്രൽ ആയ സ്ഥലം എന്ന നിലയ്ക്കാണ് ക്യാംപസ് ഉപയോഗിച്ചത്. ഞാൻ പഠിക്കുന്ന സമയത്തുളള കുറെയധികം ഇൻസിഡന്റ്സിനെ കോർത്തിണക്കിയാണ് ആദ്യപകുതി ഒരുക്കിയത്.

ഒരു കാലഘട്ടം ചിത്രീകരിച്ചപ്പോഴുണ്ടായ ബുദ്ധിമുട്ടുകൾ

സഹ സംവിധായകർ അതിനായി ഏറെ കഷ്ടപ്പെട്ടു എന്ന് തന്നെ പറയാം. ആർട്ടിന്റെ കാര്യത്തിൽ പ്രീ പ്രൊഡക്ഷൻ സമയത്ത് ഏറെ പ്ലാൻ ചെയ്യാൻ സാധിച്ചിരുന്നു. നമ്മൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്ത് എന്നാൽ വൈഡ് ഷോട്ടുകൾ ഏറെ വേണ്ടുന്ന സിനിമ ആയിരുന്നു കുഞ്ഞെൽദോ. ഒരു കാലഘട്ടം ചിത്രീകരിക്കുമ്പോൾ ആ കാലഘട്ടത്തോട് നീതി പുലർത്തണം. ചിത്രീകരണ സമയത്ത് ഒരു ഇന്നോവ പാസ് ചെയ്തു പോയാൽ ആ ഷോട്ട് കട്ട് ചെയ്യേണ്ടി വരും. അതുകൊണ്ട് റോഡൊക്കെ ചിലപ്പോൾ ബ്ലോക്ക് ചെയ്യേണ്ടി വരും. അതിന്റെ പേരിൽ നമ്മുടെ സഹപ്രവർത്തകർ ഏറെ തെറിവിളീകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ആ തെറിവിളികളുടെ ഫലമാണ് കുഞ്ഞെൽദോ.

'മനസ്സ് നന്നാവട്ടെ..' എന്ന ഗാനം

ഞാൻ യു സി കോളേജിൽ പഠിക്കുന്ന കാലത്ത് ഏറ്റവും ശക്തമായി ഉണ്ടായിരുന്നു സംഘടനയാണ് എൻഎസ്എസ്. ഞാൻ അതിന്റെ എക്സികുട്ടീവ് മെമ്പർ ആയിരുന്നു. മൂന്നോളം ക്യാമ്പുകൾ അറ്റൻഡ് ചെയ്തിട്ടുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ ലഭിച്ചത് പോലും ആ ക്യാമ്പുകളിലൂടെയാണ്. എന്റെ കോളേജ് ഓർമകളിൽ ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത ഒന്നാണ് എൻഎസ്എസ്. എനിക്ക് ഏറ്റവും സന്തോഷം നൽകിയ കാര്യങ്ങൾ എല്ലാം സിനിമയിൽ ഉണ്ടാകണം എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് എൻഎസ്എസ് ക്യാമ്പ് സിനിമയിൽ കൊണ്ടുവരാൻ തീരുമാനിക്കുന്നത്. സ്വാഭാവികമായും 'മനസ്സ് നന്നാവട്ടെ' എന്ന പാട്ടില്ലാതെ ആ ക്യാമ്പ് ചെയ്യാൻ പറ്റില്ല. അതിനായി അവരുടെ പെർമിഷൻ എടുത്ത് ആദ്യ നാല് വരികൾ ചെയ്യുന്നത്. ഷാൻ വളരെ രസകരമായി തന്നെ 'മനസ്സ് നന്നാവട്ടെ'യിൽ നിന്നും 'മന്ദം മന്ദം' എന്ന പാട്ടിലേക്ക് ബ്ലെൻഡ് ചെയ്തു.

ഷാൻ റഹ്മാൻ മാജിക്ക്

ഷാനോട് ആദ്യമേ തന്നെ വൈറൽ സാധനങ്ങൾ വേണ്ട, കുറച്ച് കൂടെ ഇമോഷണൽ ട്രാക്ക് മതി എന്ന് ഞാൻ പറഞ്ഞിരുന്നു. ഷാനും വളരെ വൈകാരികമായി തന്നെയാണ് കുഞ്ഞെൽദോയെ കൺസീവ് ചെയ്തത്. പെട്ടെന്ന് പ്രേക്ഷരിലേക്ക് എത്തുന്നതിനേക്കാൾ സോൾഫുൾ ആയ ഗങ്ങൾ വേണമെന്നായിരുന്നു ഷാനിന്റെയും താൽപര്യം. ഷാനിൽ നിന്നും പ്രതീക്ഷിക്കുന്ന സംഗീതം അല്ല ഉപയോഗിച്ചിരിക്കുന്നത്. പ്രിവ്യു ഷോയ്ക്ക് ശേഷം സിനിയമയുടെ രണ്ടാം പകുതിയിലെ ഷാനിന്റെ സ്കോറിനെക്കുറിച്ച് എല്ലാവരും സംസാരിക്കുകയുണ്ടായി. എല്ലാവര്ക്കും നല്ല അഭിപ്രായങ്ങൾ ആയിരുന്നു.

കുഞ്ഞെൽദോയായി ആസിഫ് അലി

ഈ കഥാപാത്രത്തിന് പെർഫെക്റ്റ് മാച്ചാണ് ആസിഫ് അലി. ടീസറുകളിലൂടെയും പാട്ടുകളിലൂടെയും കണ്ടതിന് അപ്പുറം വളരെ ഇന്റെൻസ് ഉള്ള കഥാപാത്രമാണ് കുഞ്ഞെൽദോ. ആസിഫ് അത് വളരെ രസകരമായി തന്നെ അവതരിപ്പിച്ചു. ഫസ്റ്റ് ഹാഫിലെ അയാളുടെ നിഷ്കളങ്കതയും സെക്കന്റ് ഹാഫിൽ അയാൾ അനുഭവിക്കുന്ന അനുഭവങ്ങളുടെ തീവ്രതയും ഒരേപോലെ കൈകാര്യം ചെയ്യാൻ പറ്റുന്ന നടനെയായിരുന്നു വേണ്ടിയിരുന്നത്. ആ അർത്ഥത്തിൽ ഏറ്റവും ഇണങ്ങുന്ന നടൻ ആസിഫ് അലി തന്നെയാണ്. ആസിഫിന്റെ പെർഫോമൻസ് നമ്മൾ ഇങ്ങനെ നോക്കിയിരുന്നു പോകും. ആസിഫ് കറക്റ്റ് ക്യാരക്ടർ തന്നെയായിരുന്നു.

ദുൽഖറിനെ സമീപിച്ചപ്പോൾ

ഈ കഥ ദുൽഖറിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഈ കഥ ഇഷ്ടമാവുകയും ചെയ്തു. പിനീട് മറ്റു ചില കാരണങ്ങൾ കൊണ്ടാണ് അത് വഴി മാറിപോയത്. ഈ സിനിമയുടെ ട്രെയ്‌ലർ ആദ്യം ഞാൻ അയച്ചു കൊടുത്തത് ദുൽഖറിനാണ്. കുഞ്ഞെൽദോ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് ചെയ്തത് ദുൽഖർ ആണ്. അങ്ങനെ ഏറെ പ്രാധാന്യമുള്ള വ്യക്തി തന്നെയാണ് ദുൽഖർ.

Next Story