Top

'സുരേഷ് ഗോപിയുടെ വിന്റേജ്, കൺഡെൻപ്രറി കോംബോ ആയിരിക്കും തമ്പാൻ'; നിധിൻ രഞ്ജിപണിക്കർ അഭിമുഖം

കാവൽ ഒരു മുഴുനീള ആക്ഷൻ പാക്കേജ് ആയിരിക്കില്ല. ആക്ഷൻ സ്വഭാവമുള്ള ഒരു ഡ്രാമയാണ്.

18 Nov 2021 11:33 AM GMT
ജോയേല്‍ സ്റ്റാലിന്‍

സുരേഷ് ഗോപിയുടെ വിന്റേജ്, കൺഡെൻപ്രറി കോംബോ ആയിരിക്കും തമ്പാൻ; നിധിൻ രഞ്ജിപണിക്കർ അഭിമുഖം
X

സുരേഷ് ഗോപി നായകനാകുന്ന ചിത്രം കാവൽ റിലീസിന് ഒരുങ്ങുകയാണ്. നവംബർ 25ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിനായി ആരാധകർ വലിയ ആവേശത്തോടെ തന്നെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചും തമ്പാൻ എന്ന കഥാപാത്രത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ റിപ്പോർട്ടർ ലൈവിനോട് പങ്കുവെക്കുകയാണ് സംവിധായകൻ നിധിൻ രഞ്ജിപണിക്കർ.

കാവൽ തിയേറ്ററിൽ റിലീസ് ചെയ്യുന്നു, പ്രതീക്ഷകൾ

കാവൽ വലിയൊരു ശതമാനം പ്രേക്ഷകരെ തൃപ്തിപ്പെടുത്തും എന്നാണ് പ്രതീക്ഷ. തിയേറ്ററുകൽ സജീവമാകുന്നതേയുള്ളു. എന്നാൽ പോലും കുറുപ്പിന് ലഭിക്കുന്ന സ്വീകാര്യത കാണുമ്പോൾ പ്രതീക്ഷയുണ്ട്.

സുരേഷ് ഗോപിയുടെ തമ്പാൻ

തമ്പാൻ രണ്ടു കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കഥാപാത്രമാണ്. സുരേഷ് ഗോപി എന്ന നടന്റെ 90കളിലെ പ്രകടനം ഇഷ്ടമുള്ളവർക്കും ഈ മാറിയ കാലഘട്ടത്തിന് വേണ്ടുന്ന പെർഫോമൻസും ഉള്ള കഥാപാത്രമായിരിക്കും. വിന്റേജ് സുരേഷ് ഗോപിയുടെയും ഈ കാലത്തെ സുരേഷ് ഗോപിയുടെയും കോംബോ ആയിരിക്കും തമ്പാൻ.

കാവൽ പറയുന്ന കഥ

കാവൽ ഒരു മുഴുനീള ആക്ഷൻ പാക്കേജ് ആയിരിക്കില്ല. ആക്ഷൻ സ്വഭാവമുള്ള ഒരു ഡ്രാമയാണ്. ട്രെയ്‌ലറിലും ടീസറിലും കണ്ട അതെ ഇന്റൻസിറ്റി ഉണ്ടായിരിക്കും ചിത്രത്തിൽ. കാവൽ ഒരുക്കിയത് സുരേഷ് ഗോപി എന്ന നടനെ മാത്രം മനസ്സിൽ കണ്ടാണ്.

ക്യാമറയ്ക്ക് മുന്നിലെ രഞ്ജി പണിക്കർ

അച്ഛൻ ഒരു നടനായി എന്റെ ക്യാമറയ്ക്ക് മുന്നിൽ വരുമ്പോൾ അത് തീർത്തും ആവേശം നിറഞ്ഞ ഒരു കാര്യം തന്നെയായിരുന്നു. ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രമായിരുന്നു ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ചത്. എങ്കിൽ പോലും ആ കഥാപാത്രത്തിന് വേണ്ടുന്ന മൂഡ് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാൽ തന്നെ ഒരു സംവിധായകൻ എന്ന നിലയ്ക്ക് എനിക്ക് അധികം ജോലികൾ ചെയ്യേണ്ടി വന്നില്ല. അത് അച്ഛന്റെ കാര്യത്തിൽ മാത്രമല്ല സുരേഷ് അങ്കിളിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. അവർ രണ്ടുപേരും ഒന്നിച്ചുള്ള നിമിഷങ്ങൾ മാക്സിമം ഞങ്ങൾ എൻജോയ് ചെയ്യുകയായിരുന്നു. അവരിൽ നിന്നും എന്തെങ്കിലും പഠിക്കുകയായിരുന്നു ഞാൻ. മമ്മൂക്കയ്ക്ക് ഒപ്പവും അങ്ങനെ തന്നെയായിരുന്നു. മമ്മൂക്ക ആയാലും സുരേഷ് അങ്കിൾ ആയാലും മലയാള സിനിമയിൽ ഒരു 40 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്. അച്ഛൻ മെയിൻസ്ട്രീമിൽ തിരക്കഥ എഴുതിയ വ്യക്തിയാണ്. അവരിൽ നിന്നും എനിക്ക് ഒരുപാട് പഠിക്കാൻ സാധിച്ചു.

നിധിന്റെ തിരക്കഥയിലെ രഞ്ജി പണിക്കരുടെ സ്വാധീനം

എന്നെ ഏറ്റവും അധികം ഇൻഫ്ലുവൻസ് ചെയ്തിട്ടുള്ള തിരക്കഥാകൃത്ത് അച്ഛനാണ്. കുട്ടിക്കാലം മുതൽ ഞാൻ കണ്ടു വളർന്നത് അദ്ദേഹത്തിന്റെ സിനിമകളാണ്. എനിക്ക് വളരെ ഇഷ്ട്ടമുളള ശൈലിയുമാണ്. എനിക്ക് അങ്ങനെ എഴുതാൻ സാധിക്കുമോ എന്നത് രണ്ടാമത്തെ ചോദ്യം. എന്നാൽ അദ്ദേഹം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കാവൽ ആയാലും കസബ ആയാലും അത് പ്രകടമാണ്. കാവലിനെ ടെയിൽ എൻഡിൽ അച്ഛന്റെ ഒരു വോയിസ് ഓവറുണ്ട്. അത് അദ്ദേഹം തന്നെയാണ് എഴുതിയത്.

ഷാജി കൈലാസിൽ നിന്നുള്ള പാഠങ്ങൾ

ഷാജി കൈലാസ്, ജോഷി, പ്രിയദർശൻ ഇവരെ മൂന്നുപേരെയും എനിയ്ക്ക് വളരെ ഇഷ്ടമാണ്. അതിൽ ഷാജി കൈലാസിനൊപ്പമാണ് ഞാൻ വർക്ക് ചെയ്തത്. അദ്ദേഹത്തിൽ നിന്നും ഒരുപാട് പാഠങ്ങൾ പഠിച്ചിട്ടുണ്ട്. ഞാൻ ആസ് എ ഫിലിം മേക്കർ അവരിലേക്ക് എത്താൻ ഞാൻ ശ്രമിക്കാറുണ്ട്.

മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർക്കൊപ്പമുള്ള എക്സ്പീരിയൻസ്

ഇരുവരും ഒരുപാട് വർഷത്തെ അനുഭവ സമ്പത്ത് ഉള്ളവരാണ്. മെയിൻസ്ട്രീമിനൊപ്പം ആർട്ടിസ്റ്റിക്ക് ആയ സിനിമകളും ചെയ്തു ഫലിപ്പിക്കാൻ ഇരുവർക്കും കഴിഞ്ഞിട്ടുമുണ്ട്. സാധാരണ ഒരു കൊമേഴ്ഷ്യൽ സിനിമയിൽ പോലും ഗംഭീരമായി പെർഫോം ചെയ്യാറുമുണ്ട്. ഒരു സിനിമയിൽ പെർഫോമൻസിന്റെ സാധ്യതകൾ എന്താണ് എന്ന് ഇവരിൽ നിന്നും പഠിക്കാൻ സാധിക്കും. ഒരു സ്‌ക്രിപ്പിറ്റിൽ നമ്മൾ കണ്ടതിനേക്കാൾ അവരുടെ ഒരു ഇൻപുട്ട് നൽകാറുണ്ട്. അതൊക്കെ വലിയ പാഠങ്ങൾ തന്നെയാണ്. മമ്മൂക്കയുടെ വിധേയനോ, മതിലുകളോ അല്ലെങ്കിൽ സുരേഷ് അങ്കിളിന്റെ കളിയാട്ടമോ അല്ലാതെയുള്ള കൊമേർഷ്യൽ സിനിമകളിൽ പോലും അവർ അഭിനയിച്ച് വിസ്‍മയിപ്പിച്ചിട്ടുണ്ട്. നമ്മൾ എഴുതിവെക്കുന്നതിന് അപ്പുറം അവർ അഭിനയിക്കും. വെറും ഒരു സാധാരണ പൊലീസുകാരനായല്ല മമ്മൂക്ക രാജൻ സക്കറിയയെ അവതരിപ്പിച്ചത്. രാജൻ സക്കറിയക്ക് അയാളുടേതായ മാനറിസം ഉണ്ട്. അത് മമ്മൂക്ക സെൻസ് ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തു. എന്റെ സിനിമകൾക്ക് ഒരിക്കലും ഇവർ രണ്ടുപേരുടെയും അഭിനയസാധ്യതകൾ പൂർണ്ണമായി ചൂഷണം ചെയ്യാൻ സാധിച്ചില്ല എന്നതാണ് സത്യം.

ജോബി ജോർജിനൊപ്പമുള്ള ഡയറക്ടർ- പ്രൊഡ്യൂസർ കോംബോ

ഞാൻ വളരെ ഭാഗ്യവാനാണ് എന്ന് വേണം പറയാൻ. ജോബി ചേട്ടനെ പോലൊരു നിർമാതാവിനെ കിട്ടി എന്നത്. എന്റെ രണ്ടു സിനിമകളും പ്രതിസന്ധിയിൽ ആയപ്പോൾ ആണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസമാണ് ഞങ്ങളുടെ വിജയം.

ലേലം 2വിന്റെ വിശേഷങ്ങൾ

ലേലം 2 ഉടൻ ഉണ്ടാകുമോ എന്ന് ചോദിച്ചാൽ അച്ഛൻ ആണ് തിരക്കഥ എഴുതുന്നത്. അച്ഛന് ഒരു തിരക്കഥ പൂർത്തിയാക്കാൻ ഒരു വർഷം സമയം പിടിക്കും. അദ്ദേഹം ഇപ്പോൾ അഭിനയത്തിൽ തിരക്കിലാണ്. അതിനാൽ തന്നെ എഴുത്ത് മുടങ്ങി നിൽക്കുകയാണ്. ലേലം സംഭവിക്കും എന്ന് തന്നെയാണ് എന്റെയും പ്രതീക്ഷ.

വീണ്ടും ഒരു മമ്മൂട്ടി ചിത്രം

മമ്മൂക്കയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യാൻ ധൈര്യമില്ല എന്നതാണ് വാസ്തവം. മമ്മൂക്കയ്‌ക്കൊപ്പം ഒന്നല്ല നൂറു സിനിമകൾ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. അങ്ങനെ തന്നെ ഉണ്ടാകട്ടെ.

പുതിയ പ്രൊജക്റ്റുകൾ

തൽക്കാലം മനസ്സിൽ ഒന്നുമില്ല. ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒന്ന് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. കുറച്ച് കൂടെ യൂത്ത് ഓറിയന്റഡ് ആയ സിനിമ വേണം.

Next Story