Top

കെ ആര്‍ കൃഷ്ണകുമാര്‍ അഭിമുഖം: ദക്ഷിണേന്ത്യയുടെ ചരിത്രം പറയുന്ന ബിഗ് ക്യാന്‍വാസ് ചിത്രം ജീത്തുവിനൊപ്പം ഒരുങ്ങുന്നു

'ജീത്തു ജോസഫിനോട് കഥ പറയുമ്പോൾ ഗുണവും അതേസമയം വെല്ലുവിളിയുമാണ്'

5 Nov 2022 5:26 PM GMT
ജോയേല്‍ സ്റ്റാലിന്‍

കെ ആര്‍ കൃഷ്ണകുമാര്‍ അഭിമുഖം: ദക്ഷിണേന്ത്യയുടെ ചരിത്രം പറയുന്ന ബിഗ് ക്യാന്‍വാസ് ചിത്രം ജീത്തുവിനൊപ്പം ഒരുങ്ങുന്നു
X

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായ ചിത്രം കൂമൻ തിയേറ്ററുകളിൽ ഗംഭീര പ്രതികരണം നേടുകയാണ്. ആസിഫിന്റെ പ്രകടനത്തിനും ജീത്തുവിന്റെ സംവിധാന മികവിനുമൊപ്പം പ്രേക്ഷകർ കയ്യടിക്കുന്ന ഒരു കാര്യമുണ്ട്, ശക്തമായ തിരക്കഥ. 'ട്വൽത് മാൻ' എന്ന സിനിമയ്ക്ക് ശേഷം കെ ആർ കൃഷ്ണകുമാർ എന്ന തിരക്കഥാകൃത്ത് ജീത്തു ജോസഫും ഒന്നിച്ചപ്പോൾ ലഭിച്ചത് സമകാലിക സംഭവങ്ങൾ ചർച്ച ചെയ്യുന്ന വ്യത്യസ്തമാർന്ന ത്രില്ലർ തന്നെയാണ്. ഇപ്പോഴിതാ കൂമന്റെ തിരക്കഥാനുഭവങ്ങളും തന്റെ പുതിയ സിനിമാ വിശേഷങ്ങളും റിപ്പോർട്ടർ ലൈവിനോട് പങ്കുവെക്കുകയാണ് കെ ആർ കൃഷ്ണകുമാർ.

യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തിൽ നിന്നുണ്ടായ ആശയമാണ് കൂമനിലേക്ക് എത്തിച്ചത് എന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. ആ സംഭവം ഒന്ന് വിവരിക്കാമോ?

കൂമനിൽ ഒരു കള്ളൻ കഥാപാത്രമുണ്ട്. ആ കഥാപാത്രത്തിന് അടിസ്ഥാനമായ ഒരു സംഭവം കൊച്ചിയിൽ നടന്നിട്ടുണ്ട്. കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഒരു കള്ളനെ പിടിച്ചപ്പോൾ അയാൾ നടത്തിയ വെളിപ്പെടുത്തലാണ് ഈ സിനിമയുടെ പ്ലോട്ട് ഉണ്ടാകാൻ കാരണം. പിന്നീട് സിനിമയിൽ പറയുന്നത് മുഴുവൻ നമ്മുടെ ഭാവനയാണ്. എന്നാൽ ഈ കഥയ്ക്കുള്ള സ്പാർക്ക് എന്നത് ആ കള്ളൻ നടത്തിയ വെളിപ്പെടുത്തലാണ്. പിന്നീട് ആ വെളിപ്പെടുത്തൽ പൊലീസ് നിഷേധിച്ചിരുന്നു. ചില കഥാപാത്രങ്ങൾക്ക് ഈ സംഭവം ഒരു പ്രചോദനമായി. ആ കള്ളന്റെ വെളിപ്പെടുത്തലിൽ ചില പകയുടെ സംഭവങ്ങളുണ്ടായിരുന്നു. ഒരു പൊലീസുകാരനിൽ ഈ പകയുണ്ടായാൽ എന്തൊക്കെ സംഭവിക്കും എന്ന ചിന്തയിൽ നിന്നാണ് സിപിഒ ഗിരി എന്ന കഥാപാത്രമുണ്ടാകുന്നത്.

ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചില സംഭവങ്ങൾ കൂമനിൽ പ്രതിപാദിക്കുന്നുണ്ടല്ലോ. ആ ആകസ്മികത അത്ഭുതപ്പെടുത്തിയോ?

അത് തീർത്തും 'ഒരു ആക്‌സിഡന്റൽ കോയിൻസിഡൻസ്' തന്നെയാണ്. നമ്മുടെ ഭാവനയിലുണ്ടായ ഒരു കാര്യം മാത്രമാണത്. 2018-ലാണ് ഈ കഥ എഴുതുന്നത്. 2019-ൽ ഈ സിനിമ ചിത്രീകരിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊവിഡ് മൂലമാണ് ഷൂട്ടിംഗ് നീണ്ടുപോയത്. അന്ന് ഞങ്ങൾ എഴുതിയ സംഭവങ്ങൾ ഇപ്പോൾ കേരളത്തിൽ നടന്നു എന്നത് തീർത്തും യാദൃശ്ചികമാണ്, അതുപോലെ അത് എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ചില സിനിമകളിൽ നടക്കുന്ന മാജിക്ക് എന്നാണ് ഇത്തരം സാമ്യതകളെ ഞാൻ വിളിക്കുക. ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിയ ഒരു യാദൃശ്ചികതയാണത്.

പ്ലോട്ട് ആർമറുകളുടെ ഭാരമില്ലാത്ത നടനാണ് ആസിഫ് അലി. സിപിഒ ഗിരിയായി ആസിഫ് വന്നപ്പോൾ ആ കഥാപാത്രത്തിനും സിനിമയ്ക്കും പ്രവചനാതീതതയുണ്ടായി. അത് തന്നെയാണോ ആ കഥാപാത്രത്തിലേക്ക് ആസിഫിനെ തെരഞ്ഞെടുക്കാൻ കാരണം?

ഒരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ ആരാണ് അതിന് ഏറ്റവും അനുയോജ്യനെന്ന് ഒരു എഴുത്തുകാരന് തോന്നും. പ്രേക്ഷകർ മുഴുവൻ ഒരേസ്വരത്തിൽ പറയുന്ന കാര്യമാണ് ആസിഫ് അലി അല്ലാതെ മറ്റൊരാളെ അവിടെ ചിന്തിക്കാൻ കഴിയില്ല എന്നത്. അതുകൊണ്ട് തന്നെയാണ് കഥ എഴുതി കഴിഞ്ഞപ്പോൾ ആസിഫ് ആയിരിക്കും ഈ കഥാപാത്രത്തിന് യോജ്യനെന്ന് തോന്നിയതും ജീത്തുവിനോട് പറഞ്ഞതും.

ഈ കഥ പറയുമ്പോൾ തന്നെ ഞാൻ ജീത്തുവിനോട് പറഞ്ഞിരുന്നു ഈ കഥാപാത്രത്തിന് വലിയ ഹീറോ ഇമേജ് ഇല്ല. ഇയാൾ തോറ്റുപോകും, ഇയാൾ പരാജിതനാകും, കുഴപ്പത്തിലാകുമെന്ന് തോന്നുന്ന ചില സന്ദർഭങ്ങളുണ്ട്. പ്രേക്ഷകർക്ക് അങ്ങനെ തോന്നണമെങ്കിൽ ആസിഫ് അലി തന്നെയാകണം നായകൻ. അതുപോലെ ആസിഫ് ഉഗ്രൻ പെർഫോമർ ആണ്, ഒരു ഗംഭീര മെറ്റീരിയൽ ആണ്. അത് പ്രേക്ഷകരും സമ്മതിക്കുന്നുണ്ട്.

'ട്വൽത് മാൻ', 'കൂമൻ'... ജീത്തു ജോസഫിനൊപ്പം ഒന്നിച്ചപ്പോഴൊക്കെ ഹിറ്റുകൾ നൽകാൻ സാധിച്ചു. എന്താണ് ഈ കോംബോയുടെ വിജയ രഹസ്യം?

ഒന്ന്-രണ്ട് കാരണങ്ങളുണ്ട്. ജീത്തുവും ഞാനും വർഷങ്ങളായി പരിചയമുള്ള, സൗഹൃദമുള്ള ആളുകളാണ്. ഞങ്ങൾക്ക് ചിന്തകളിലും കാഴ്ചപ്പാടുകളിലും ഒരുപാട് സമാനതകളുമുണ്ട്. അത് വർക്ക് ആകുന്നുണ്ട്. അതുപോലെ ഞങ്ങൾക്കിടയിൽ ഒരു ഈഗോയുമില്ല. ഞാൻ ആദ്യം കഥ പറയാൻ പോകുമ്പോൾ ജീത്തു ഇന്ത്യയിലെ തന്നെ ടോപ്പായുള്ള സംവിധായകനാണ്. ഇപ്പോഴും ജീത്തു തന്നെയാണ് ത്രില്ലറുകളുടെ കാര്യത്തിൽ ഇന്ത്യയിലെ ടോപ്പായുള്ള എഴുത്തുകാരനും സംവിധായകനും. എന്നാൽ ഞാൻ പറയുന്ന കാര്യത്തിൽ ശരിയുണ്ടെന്ന് തോന്നിയാൽ അദ്ദേഹം ഒരിക്കലും തർക്കിക്കില്ല. ജീത്തു അത് അംഗീകരിക്കും. നേരെ തിരിച്ചും അദ്ദേഹം പറയുന്നത് ഞാനും അംഗീകരിക്കും. ഞങ്ങൾക്കിടയിൽ അത്തരം ഈഗോയില്ല.

മികച്ച ത്രില്ലറുകൾ ഒരുക്കുന്ന സംവിധായകനും എഴുത്തുകാരനുമാണ് ജീത്തു ജോസഫ്. ഒരു സ്ക്രിപ്റ്റ് റൈറ്റർ-ഡയറക്ടറോട് കഥ പറയുക എന്നത് വെല്ലുവിളിയല്ലേ?

ജീത്തു ജോസഫിനോട് കഥ പറയുമ്പോൾ ഗുണവും അതേസമയം വെല്ലുവിളിയുമാണ്. അദ്ദേഹം നല്ലൊരു തിരക്കഥാകൃത്ത് ആണ്. നമ്മൾ ഒരു ആശയം പറഞ്ഞു കഴിഞ്ഞാൽ അതിൽ സ്പാർക്ക് ഉണ്ടെങ്കിൽ അദ്ദേഹത്തിന് പെട്ടെന്ന് അത് സ്ട്രൈക്ക് ചെയ്യും. കൂമന്റെ കഥ ഞാൻ അഞ്ച് മിനിറ്റ് കൊണ്ടാണ് പറഞ്ഞത്. ഇതിൽ ഒരു ഉഗ്രൻ സിനിമ കിടപ്പുണ്ട് എന്നത് അദ്ദേഹത്തിന് പെട്ടെന്ന് മനസിലാകും. അത് ഗുണകരമാണ്. ജീത്തു ജോസഫിനെ പോലൊരു ബെഞ്ച്മാർക്ക് സൃഷ്‌ടിച്ച തിരക്കഥാകൃത്തിന് മുന്നിൽ ഒരു കഥയുമായി ചെല്ലുമ്പോൾ അതിനൊപ്പം നിൽക്കുന്ന കഥ ഒരുക്കണം. അതൊരു വെല്ലുവിളിയാണ്. അതിനായി ഏറെ വർക്ക് ചെയ്യണം. ചിലപ്പോൾ രണ്ടോ മൂന്നോ തവണ റീവർക്ക് ചെയ്ത ശേഷമായിരിക്കും ആ തിരക്കഥ അദ്ദേഹത്തിന് മുന്നിൽ എത്തിക്കുക.

മാധ്യമ പ്രവർത്തനം സിനിമാ രചനയിൽ സ്വാധീനിച്ചിട്ടുണ്ടോ?

അധികം നാളുകൾ മാധ്യമ പ്രവർത്തകനായി പ്രവർത്തിച്ചിട്ടില്ലെങ്കിലും പല കാര്യങ്ങളിലും അത് സ്വാധീനം ചെലത്തിയിട്ടുണ്ട്. എന്റെ തിരക്കഥ നോക്കിയാൽ അതിൽ വ്യക്തമായ ഒബ്‌സർവേഷൻ ഉണ്ടാകും. ഇപ്പോൾ ഒരു പൊലീസുകാരനെ പരിചയപ്പെട്ടു കഴിഞ്ഞാൽ, ഒരു കള്ളനെ പരിചയപ്പെട്ടു കഴിഞ്ഞാൽ നമുക്ക് ഒരു നിരീക്ഷണമുണ്ടാകും. മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനം അതാണല്ലോ. ചുറ്റുമുള്ള കാര്യങ്ങളെ നിരീക്ഷിക്കുന്നതിലൂടെയാണല്ലോ നമുക്ക് നല്ല കഥകൾ ലഭിക്കുന്നത്. ഒരു ചായക്കടയിൽ സംസാരിച്ചിരിക്കുമ്പോളാ യിരിക്കും ചിലപ്പോൾ ചില കഥാപാത്രങ്ങളെ ലഭിക്കുന്നത്, ചിലപ്പോൾ ഒരു പൊലീസുകാരനോട് സംസാരിക്കുമ്പോളാകും ഒരു പൊലീസ് കഥാപാത്രത്തെ നമുക്ക് ലഭിക്കുന്നത്. അതിൽ ഒരു മാധ്യമപ്രവർത്തകന്റെ നിരീക്ഷണ പാടവമുണ്ട്.

ഇപ്പോഴത്തെ റിയാലിറ്റി ഫിക്ഷനെക്കാൾ ഭയങ്കരമാണ് എന്ന് തോന്നിയിട്ടുണ്ടോ ?

പലപ്പോഴും ഫിക്ഷനെക്കാൾ വലിയ റിയാലിറ്റി ഉണ്ടാകാറുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. ഒരേപോലുള്ള ചിന്തകൾ പലരുടെ മനസിൽ വരുമ്പോൾ അത് ചിലർ അത് കഥയാക്കും, മറ്റ് ചിലർ അത് ക്രൈം ആക്കും.

പുതിയ തിരക്കഥകളുടെ പണിപ്പുരയിലാണോ?

അടുത്തതായി ജീത്തുവിനൊപ്പം തന്നെ മൂന്ന് സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. അതിൽ ഒരെണ്ണം മിക്കവാറും റാമിന്റെ ചിത്രീകരണത്തിന് ശേഷം അടുത്ത വർഷം ആരംഭിക്കും. ഈ മൂന്ന് കഥകളിൽ ഒരെണ്ണം ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷൻ എന്ന വിഭാഗത്തിലുള്ളതാണ്, അത് ജീത്തുവാണ് ചെയ്യുന്നത്. അതുപോലെ ത്രില്ലറിൽ നിന്ന് മാറ്റം കൊണ്ടുവന്ന് ഹ്യൂമർ സ്വഭാവമുള്ള സിനിമയും ആലോചനയിലുണ്ട്. എല്ലാത്തരം സിനിമകളും ചെയ്യുമെന്ന് വിശ്വാസം നമുക്കും പ്രേക്ഷകർക്കും വരണമല്ലോ.

ഓണാട്ടുകര പശ്ചാത്തലമായുള്ള ഒരു ചരിത്ര സിനിമ ചെയ്യുന്നതായി മുൻപ് പറഞ്ഞിട്ടുണ്ട്. ജീത്തു ജോസഫിനൊപ്പമുള്ള ഹിസ്റ്റോറിക്കൽ പ്രൊജക്റ്റ് ആ കഥയാണോ?

ജീത്തുവിനൊപ്പമുള്ള സിനിമ ഓണാട്ടുകരയുടെ ചരിത്രം പറയുന്നതല്ല. ഇത് സൗത്ത് ഇന്ത്യയുടെ ചരിത്രം പറയുന്ന അൽപ്പം വലിയ ക്യാൻവാസിലുള്ള സിനിമയാണ്. ഓണാട്ടുകരയുടെ പശ്ചാത്തലത്തിലുള്ള കോമഡി-ഡ്രാമ ഞാൻ എഴുതിയിട്ടുണ്ട്. അത് മറ്റൊരു സംവിധായകനുമായി സംസാരിക്കുന്നുണ്ട്. ജീത്തുവിനൊപ്പമുള്ള ചരിത്ര സിനിമ ഇനിഷ്യൽ സ്റ്റേജിലാണ്. അത് പൂർണ്ണമായും ഒരു ഹിസ്റ്റോറിക്കൽ ചിത്രമല്ല. കുറച്ച് നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കി ഈ കാലഘട്ടത്തിലാണ് ആ കഥ പറയുന്നത്. അത്രമാത്രമേ ആ സിനിമയെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കുകയുള്ളു.

story highlights: kooman scriptwiter talks about the movie experience and new projects

Next Story