Top

'ജയ ജയ ജയ ജയ ഹേ'യ്ക്ക് ശേഷം കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു; കുടശനാട് കനകം അഭിമുഖം

'നിരവധി സംവിധായകരുടെ കാല് പിടിച്ച് അവസരം ചോദിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറണമെങ്കില്‍ സിനിമ തന്നെ വേണം'

5 Nov 2022 11:50 AM GMT
ജോയ്സി ജോണ്‍സണ്‍

ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു; കുടശനാട് കനകം അഭിമുഖം
X

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രമായി എത്തിയ 'ജയ ജയ ജയ ജയ ഹേ' തിയേറ്ററുകളില്‍ ആഘോഷിക്കപ്പെടുകയാണ്. സിനിമയില്‍ ബേസിന്റെ അമ്മയായ വിലാസിനി അമ്മയും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. മകന്റെ ഇഷ്ടമനുസരിച്ച് അവന് വേണ്ടതെല്ലാം ചെയ്ത്‌കൊടുക്കുന്ന, അവനെ പിന്തുണക്കുന്ന വിലാസിനി അമ്മയെ സ്‌ക്രീനില്‍ അവതരിപ്പിച്ചത് കുടശനാട് കനകമാണ്. സിനിമയെക്കുറിച്ചും ലഭിക്കുന്ന പ്രതികരണങ്ങളേക്കുറിച്ചും റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുകയാണ് കുടശനാട് കനകം.

'ജയ ജയ ജയ ജയ ഹേ' ഹിറ്റാണ് വിലാസിനി അമ്മയും, സിനിമയ്ക്ക് ശേഷമുള്ള പ്രതികരണങ്ങള്‍?

വെറുതെ ഇരിക്കാന്‍ സമയമില്ലാത്ത രീതിയില്‍ ആരാധകരുടെയും ചാനലുകാരുടെയും ഘോഷയാത്രയാണ്. വെള്ളിത്തിരയില്‍ എത്തിയ ശേഷം അഭിനന്ദന പ്രവാഹമാണ്. പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്നു. എല്ലാത്തിനും ദൈവത്തോട് നന്ദി. ഷോട്ട് ഫിലമുകളും ടെലിവിഷന്‍ പരമ്പരകളിലും ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അംഗീകാരം ലഭിക്കുന്നത്.

ഭര്‍ത്താവില്‍ നിന്നും പീഡനങ്ങള്‍ സഹിച്ച് ജീവിക്കുന്ന സ്ത്രീയായിരുന്നു വിലാസിനി അമ്മ. മകന്‍ ജനിച്ച്, ഭക്ഷണം കഴിക്കാന്‍ ആയപ്പോള്‍ മകന്റെ ഇഷ്ടമനുസരിച്ച് ഭക്ഷണം ഉണ്ടാക്കി കൊടുത്ത് ജീവിക്കുന്നു. ഇക്കാലത്ത് അങ്ങനെ നടക്കില്ല, അവര്‍ പ്രതികരിക്കും. വിദ്യാഭ്യാസവും ജോലിയും പുരുഷന്മാര്‍ക്ക് മാത്രമല്ല, സ്ത്രീകള്‍ക്കും സാധിക്കും. സ്ത്രീ-പുരുഷ സ്വാതന്ത്ര്യ സമത്വമാണ് സിനിമയുടെ സന്ദേശം.

സിനിമയിലേക്ക്..

നാടകത്തിലൂടെയുള്ള സിനിമയിലേക്ക് എത്തുന്നത്. സിനിമയില്‍ ദര്‍ശനയുടെ അച്ഛന്റെ കഥപാത്രത്തെ അവതരിപ്പിച്ച ബിജു കലാവേദി വഴിയാണ് ജയ ജയ ജയ ജയ ഹേയില്‍ എത്തുന്നത്.. അദ്ദേഹമാണ് എന്റെ നമ്പര്‍ അരുണ്‍ സോളിന് കൊടുക്കുന്നത്. പിന്നീട് സംവിധായകന്‍ വിപിന്‍ ദാസ് വിളിച്ച്, ഓഡീഷന് വരണമെന്ന് പറഞ്ഞു. ആദ്യം ഞാനൊന്ന് മടിച്ചു. കാരണം, ഓഡീഷനും പൂജയ്ക്കുമൊക്കെ ഒരുപാട് പങ്കെടുത്തിട്ടുണ്ട്. ഒരു അവസരവും ആരും തന്നില്ല. വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു.

ആദ്യമൊക്കെ നിരവധി സംവിധായകരുടെ കാല് പിടിച്ച് അവസരം ചോദിച്ചിരുന്നു. കാരണം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറണമെങ്കില്‍ സിനിമ തന്നെ വേണം. ഇപ്പോള്‍ ഇത്രയും അഭിനന്ദനം കിട്ടുന്നുണ്ടെങ്കിലും അതില്‍ എനിക്ക് അതിരിറ്റ ആഹ്ലാദമില്ല. അഭിനയിക്കാന്‍ തുടങ്ങിയട്ട് വര്‍ഷങ്ങളായി, എന്നും സിനിമ ഒരു സ്വപനമായിരുന്നു. അതിനുവേണ്ടി പല അമ്പലങ്ങളിലും പള്ളികളിലും പോയി പ്രാര്‍ത്ഥിച്ചു. ഒരു വേഷത്തിന് വേണ്ടി അറിയപ്പെടുന്ന സംവിധായകരെ വിളിച്ച് കെഞ്ചിയിട്ടുണ്ട്. നര്‍ത്തകിയും നൃത്ത അധ്യാപികയുമായിരുന്നു ഞാന്‍. എന്നും സിനിമ ഒരു സ്വപ്‌നമായിരുന്നു നല്ലൊരു അമ്മ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമായിരുന്നു. കവിയൂര്‍ പൊന്നമ്മയൊക്കെ ചെയ്തിരുന്നത് പോലെ. ധര്‍മ്മക്കാരിയായിരുന്നാലും മൂല്യമുള്ള കഥാപാത്രം ചെയ്യണം, ആളുകള്‍ ശ്രദ്ധിക്കണം, അഭിനന്ദങ്ങള്‍ കിട്ടണണം ഇതൊക്കെ എന്റെ സ്വപ്‌നമായിരുന്നു.

നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയപ്പോഴുള്ള മാറ്റം എങ്ങനെയാണ്?

നാടകങ്ങളിലെ പ്രകടനത്തിന് പ്രശംസ ലഭിക്കുമ്പോള്‍ മറ്റുള്ളവര്‍ നമ്മളോട് ഒരു അസൂയ കാണിക്കും. എന്റെ അനുഭവത്തില്‍ സിനിമയിലോ സീരിയലിലോ അതുണ്ടായിട്ടില്ല. സിനിമയിലെ ജോലി കഴിഞ്ഞാന്‍ നമ്മുക്ക് നമ്മുടെ കാര്യം നോക്കി പോകാം. എന്നാല്‍ നാടകത്തില്‍ അങ്ങനെയല്ല, ഒരു വര്‍ഷത്തെ കരാര്‍ ആണ്. സിനിമയില്‍ പലപ്പോഴും അവസരം തല്‍പ്പര കക്ഷികള്‍ക്കാണ്. എറിയാന്‍ അറിയുന്നവര്‍ക്ക് കല്ല് കൊടുക്കില്ലെന്ന പഴഞ്ചൊല്ല് ഇവിടെ ശരിയാണ്. ഇത്രയും കാലമായി നാടകം എന്റെ അന്നമാണ്. കവിയൂര്‍ പൊന്നമ്മയ്ക്ക് സിനിമയിലുള്ള സ്ഥാനം എനിക്ക് നാടകത്തിലുണ്ട്.

ടെക്‌നിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 12 പോരാണ് ഒരു നാടക ഗ്രൂപ്പില്‍ ഉണ്ടാവുക. ഒരു വര്‍ഷമാണ് എഗ്രിമെന്റ് എന്ന പരിമിതി മാത്രമേ നാടകത്തിന് ഉള്ളൂ. കേരളത്തില്‍ അങ്ങോളം ഇങ്ങോളമുളള നിരവധി നടക ഗ്രൂപ്പുകളില്‍ അഭിനയിച്ചുട്ടുണ്ട്. ചില ഗ്രൂപ്പില്‍ ഏഴ് വര്‍ഷം വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും മകനും മരണപ്പെട്ടപ്പോഴും സ്‌റ്റേജില്‍ നിന്നാണ് ഞാന്‍ അവരെ കാണാന്‍ പോയിട്ടുള്ളത്. മകന്‍ മരിച്ച് അടുത്ത ദിവസം എനിക്ക് നാടകത്തിന് പോകണ്ടിവന്നിട്ടുണ്ട്. അന്നേ ബിജു കലാവേദി മനസില്‍ കരുതിയതാണ് എനിക്ക് നല്ല അവസരം നല്‍കണമെന്ന്. എന്നെ സംബന്ധിച്ച് മൂല്യമുള്ള നല്ല കഥാപാത്രമായിരിക്കണമെന്ന് മാത്രമാണുള്ളത്. കോമഡി ചെയ്യാന്‍ എനിക്കറിയാം. പക്ഷേ കോമഡി ചെയ്താല്‍ കോമഡി ആര്‍ട്ടിസ്റ്റായി ഒതുങ്ങിപോകും. സിനിമയില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥയുണ്ട്. 1967 മുതല്‍ പ്രദേശിക പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതാണ്. സംസ്ഥാന പുരസ്‌കാരം കിട്ടാത്തതില്‍ എനിക്ക് പരാതിയില്ല. നാടക വേദകളില്‍ കാണികള്‍ കയ്യടിക്കുന്നതും വിസില്‍ അടിക്കുന്നതുമാണ് എനിക്ക് കിട്ടുന്ന അവാര്‍ഡുകള്‍.

ദര്‍ശനയും ബേസിലും

ദര്‍ശനയും ബേസിലും ഫുള്‍ സപ്പോര്‍ട്ട് ആയിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും കൂട്ടായ്മയാണ് ഈ സിനിമയുടെ വിജയം. ഈര്‍ക്കും ഒരു ജാഡയും ഉണ്ടായിരുന്നില്ല. എറ്റവും പ്രായം കുറഞ്ഞവര്‍ മുതല്‍ ഡയറക്ടര് വരെ എല്ലാവരും ഒരുപോലെയാണ്. ബേസില്‍ എനിക്കൊരു മകനേപ്പോലെയാണ്.

പുതിയ സിനിമകള്‍

ബിജു മേനോന്റെ അമ്മയായി പുതിയ സിനിമയിലേക്ക് വിളിച്ചിട്ടുണ്ട്. 'സോളമന്‍ ഫ്രം കുട്ടനാട്' എന്നൊരു വെബ് സീരീസ് ചെയ്തിരുന്നു. അതിപ്പോള്‍ സിനിമയാവുകയാണ്. ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന ഏതൊരു നടന്റെയും അമ്മ ക്യാരക്ടര്‍ റോള്‍ ചെയ്യാനാണ് എനിക്കിഷ്ടം. അത് ആത്മ സംതൃപ്തിയാണ്, ആത്മ പ്രശംസയല്ല. നിരവധി ഓഫറുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്.

Story Highlights; jaya jaya jaya jaya hey actress Kudassanadu Kanakam interview

Next Story