Top

അപ്പുണ്ണി ശശി അഭിമുഖം; 'എന്നെ അധിക്ഷേപിക്കുന്നവരോട് സഹതാപം മാത്രം, 'പുഴു' അവരേക്കുറിച്ചാണ്'

15 May 2022 4:51 AM GMT
ജോയേല്‍ സ്റ്റാലിന്‍

അപ്പുണ്ണി ശശി അഭിമുഖം; എന്നെ അധിക്ഷേപിക്കുന്നവരോട് സഹതാപം മാത്രം, പുഴു അവരേക്കുറിച്ചാണ്
X

'മനുഷ്യന്‍ പോയി റോബോട്ട് വന്നാലും ഈ പരിപാടി അങ്ങനൊന്നും മാറൂല്ലടോ...' മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ 'പുഴു' കണ്ട ഒരു പ്രേക്ഷകനും കുട്ടപ്പന്‍ എന്ന കഥാപാത്രം പറഞ്ഞ ഈ ഡയലോഗ് മറക്കില്ല. അപ്പുണ്ണി ശശി എന്ന് വിളിക്കുന്ന എരഞ്ഞിക്കല്‍ ശശിയാണ് ചിത്രത്തില്‍ കുട്ടപ്പനായി എത്തിയത്. ജയപ്രകാശ് കുളൂരിന്റെ നാടകങ്ങളിലൂടെ ശ്രദ്ധേയനായ അപ്പുണ്ണി ശശി രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ'യിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് 85 ല്‍ അധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. 'പുഴു'വിലെ കുട്ടപ്പന്‍ എന്ന കഥാപാത്രത്തെക്കുറിച്ചും സിനിമ പറയുന്ന രാഷ്ട്രീയത്തെക്കുറിച്ചും റിപ്പോര്‍ട്ടര്‍ ലൈവുമായി സംസാരിക്കുകയാണ് അദ്ദേഹം.

മമ്മൂട്ടി പ്രതിനായകനായ ഒരു ചിത്രത്തില്‍ നായകതുല്യമായ വേഷം, എന്ത് തോന്നുന്നു?

മമ്മൂക്ക അഭിനയിക്കുന്ന ഒരു സിനിമയിൽ എന്നെ നായകൻ എന്ന് വിളിക്കുമ്പോൾ എന്തോ ഒരു വിഷമമാണ് തോന്നുന്നത്. ഇത്ര വലിയ ഒരു നടൻ, അതും നമ്മൾ കുട്ടിക്കാലം മുതൽ ആരാധിക്കുകയും നമ്മളിലെ എന്നും അത്ഭുതപ്പെടുത്തുകയും ചെയ്ത വ്യക്തി, അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നത് തന്നെ വലിയ സന്തോഷം. അതേപോലെ നമ്മൾ ഏറെ ആരാധിക്കുന്ന ഒരു നടി നമ്മുടെ ജോഡിയായി അഭിനയിക്കുന്നു. എന്റെ നിറമോ സ്റ്റാറ്റസോ വെച്ചല്ല പറയുന്നത്. ഒരു മുഖ്യധാര നടനല്ല എന്നും പറഞ്ഞു അഭിനേതാക്കളുടെ കൂടെ അഭിനയിക്കില്ല എന്ന് പറയുന്ന എത്രയോ ആളുകളുണ്ട്. അത്ര ശ്രദ്ധേയനായല്ലാത്ത ഒരു നടന്റെ കൂടെ അഭിനയിച്ച പാർവതിയുടെ ഡെഡിക്കേഷൻ, അവരുടെ വലിയ മനസ്സിന് ഏറെ നന്ദി പറയേണ്ടതുണ്ട്. എന്റെ കഥാപാത്രം നന്നായി എന്ന് എല്ലാവരും പറയുന്നത് കേൾക്കുമ്പോൾ സന്തോഷം.

പാർവതിയ്ക്കൊപ്പം കോംബിനേഷൻ രംഗങ്ങൾ സിനിമയിൽ ഉടനീളമുണ്ടായിരുന്നു. പാർവതി എന്ന അഭിനേത്രിയെ എങ്ങനെ വിലയിരുത്തുന്നു ?

പാർവതി സിനിമ തുടങ്ങിയപ്പോൾ മുതൽ എനിക്ക് വലിയ പിന്തുണ നൽകിയിരുന്നു. ശശിയേട്ടൻ അടിച്ചുപൊളിച്ച് ഗംഭീരമാക്കണം എന്ന് പറയുമായിരുന്നു. നമുക്ക് നന്നായി അഭിനയിക്കാനുള്ള സാഹചര്യം ഉണ്ടാക്കി തരുകയായിരുന്നു പാർവതി. 'ആ ടൈമിംഗ് ഒന്ന് മാറ്റി ഇങ്ങനെ ഒന്ന് പറഞ്ഞു നോക്കിക്കേ' എന്നൊക്കെ പറഞ്ഞ് പലപ്പോഴും സഹായിക്കുമായിരുന്നു. ഡയലോഗ് പറഞ്ഞു കൊണ്ട് വണ്ടിയിൽ കയറുന്ന ഒരു രംഗമുണ്ട്. പല തവണ അത് തെറ്റുകയുണ്ടായി. അപ്പോഴും അവർ ഹെൽപ്പ് ചെയ്തിരുന്നു. സംവിധായികയും അങ്ങനെ തന്നെയായിരുന്നു. അതുപോലെ ഹർഷാദിക്ക, അദ്ദേഹമാണ് ഇപ്പോഴത്തെ എന്റെ രക്ഷകൻ എന്ന് ഞാൻ പറയും. ഇപ്പോഴും എന്റെ ബയോഡാറ്റ ശേഖരിച്ച് എനിക്കായി അദ്ദേഹം ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഏറെ കടപ്പാടുണ്ട് അദ്ദേഹത്തോട്. അവർക്ക് രണ്ടുപേർക്കും ഞാൻ നന്ദി പറയുന്നു.

കെപി ആയുള്ള പ്രകടനത്തെ പ്രശംസിക്കുന്ന നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്നുണ്ട്, കാണുന്നുണ്ടോ?

എന്റെ കഥാപാത്രത്തെക്കുറിച്ചുള്ള എല്ലാ റിപ്പോർട്ടുകളും കാണാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. ചിത്രത്തിന്റെ റിലീസിന് പിന്നാലെ ആളുകൾ വിളിച്ച് വിളിച്ച് എനിക്ക് ഇപ്പോൾ ഫോൺ അറ്റൻഡ് ചെയ്യുന്ന പണി മാത്രമാണ്. ഇന്നലെയും ഇന്നുമായി മൂന്ന്- നാല് അഭിമുഖങ്ങളിൽ പങ്കെടുത്തു. അങ്ങനെ എന്റെ ശ്രദ്ധ മുഴുവൻ മാറിപ്പോയി. അതുമൂലം പലതും വായിക്കാനോ കാണണോ കഴിയുന്നില്ല. നല്ല പ്രതികരണം വരുന്നു എന്ന് അറിയുന്നുണ്ട്. അത് മനസ്സിൽ വലിയ സന്തോഷം ഉണ്ടാക്കുന്നുമുണ്ട്.

'പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന ആദ്യ ചിത്രത്തിൽ മമ്മുട്ടിയായിരുന്നു നായകൻ. പിന്നീട് 'ബാവൂട്ടിയുടെ നാമത്തിൽ' ഇപ്പോൾ 'പുഴു'. മമ്മൂട്ടിയെക്കുറിച്ച് എന്ത് പറയുന്നു ?

മമ്മൂക്ക എല്ലാ കാലവും വ്യക്തമായ അപ്ഡേഷൻ നടത്തുന്ന വ്യക്തിയാണ് എന്ന് നമുക്ക് മനസ്സിലാകും. അത് വസ്ത്രധാരണത്തിലായാലും പെരുമാറ്റത്തിലായാലും അഭിനയിക്കുന്ന ഓരോ നിമിഷത്തിലായാലും പ്രകടമാണ്. ഒരു അപ്ഡേഷനും വരുത്താൻ സാധിക്കാത്ത എത്രയോ നടന്മാരെ നമുക്ക് അറിയാം. എന്റെ അഭിപ്രായത്തിൽ ഇത്രയേറെ അപ്ഡേഷൻ നടത്തുന്ന മറ്റൊരാൾ ഉണ്ടാവുകയില്ല. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ എല്ലാം സ്വായത്തമാക്കാൻ ശ്രമിക്കുന്നു. ഒരു ദിവസം എന്നോട് അദ്ദേഹം തിയേറ്റർ എവിടെ നിന്നാണ് പഠിച്ചത് എന്ന് ചോദിച്ചു. തിയേറ്റർ ഒന്നും പഠിച്ചിട്ടില്ല, ജയപ്രകാശ് കുളൂരിനൊപ്പം നാടകം ചെയ്തു തുടങ്ങിയതാണ്. പിന്നീട് സ്വയം ചെയ്തു ചെയ്തു വന്നതാണ്. അല്ലാതെ പഠനം ഒന്നും നടന്നിട്ടില്ല എന്ന് ഞാൻ പറഞ്ഞു. ശേഷം അദ്ദേഹം കോളേജിൽ നാടകം ചെയ്യാൻ പോയ ഒരു അനുഭവം എന്നോട് പങ്കുവെച്ചു. അദ്ദേഹം എന്റെ നാടകം കാണാനിടയായി എന്നതാണ് എനിക്ക് ലഭിച്ച ദേശീയ അവാർഡ്. ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയ്ക്ക് ശേഷം ദുബായിലേക്ക് പോകാൻ നിൽക്കുകയായിരുന്നു അദ്ദേഹം. മാല പാർവതി രഞ്ജിത്ത് സാറിനോട് 'ശശിയേട്ടൻ ഒറ്റയ്ക്ക് കളിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നാടകം ഒന്ന് കാണുമോ' എന്ന് ചോദിച്ചു. അങ്ങനെ അത് ചെയ്യുമ്പോൾ മമ്മൂക്ക അവിടെ വന്നിരുന്നു. നാടകത്തിന് ശേഷം അദ്ദേഹം എന്നെ ഏറെ പുകഴ്ത്തി. എന്റെ കണ്ണ് നിറഞ്ഞുപോയി. അങ്ങനെ എന്നിലെ കലാകാരനെ ഏറെ പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് അദ്ദേഹം.

ദുൽഖർ സൽമാൻ നായകനായ 'ഞാൻ' എന്ന സിനിമയിൽ കുഞ്ഞിരാമൻ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. എപ്പോഴെങ്കിലുമാണ് അത്തരമൊരു കഥാപാത്രം ലഭിക്കുന്നത്. ആ ചിത്രത്തിന് ശേഷം രഞ്ജിത്ത് സാർ നിനക്ക് നല്ല കുഞ്ഞിരാമാനുള്ള അവാർഡ് ലഭിക്കുമെന്ന് പറഞ്ഞു. അത് തന്നെ വലിയ അവാർഡ്. രഞ്ജിത്ത് സാർ എനിക്ക് ഒരു ഗുരുവാണ്. പുഴുവിന് മുൻപ് മനസ്സിൽ നിൽക്കുന്ന ഏതെങ്കിലും വേഷം എനിക്ക് തന്നിട്ടുണ്ടെങ്കിൽ അത് രഞ്ജിത്ത് സാർ മാത്രമാണ്. വാലും തലയുമില്ലാത്ത കഥാപാത്രങ്ങളാകും എനിക്ക് നൽകുക. അത് അഭിനയിക്കും എന്നതിനപ്പുറം ഉൾക്കൊള്ളാൻ സാധിക്കാറില്ല.

'ഞാൻ' ഇറങ്ങിയപ്പോൾ മമ്മൂക്ക എന്നെ വിളിച്ചു. മമ്മൂക്ക നേരിട്ടല്ല ആന്റോ ജോസഫ് വഴിയാണ് വിളിക്കുന്നത്. 'മനസ്സിൽ നിന്ന് ഒരിക്കലും പോകാത്ത വിധം അനായാസമായി ആ കഥാപാത്രത്തെ നിങ്ങൾ വിജയിപ്പിച്ചിട്ടുണ്ട്' എന്ന് മമ്മൂക്ക പറഞ്ഞു. 'അഞ്ച്- ആറ് കൊല്ലം ജോലി ചെയ്യാനുള്ള ഊർജ്ജമാണ് സാർ നിങ്ങൾ നൽകിയിരിക്കുന്നത്' എന്ന് ഞാൻ മറുപടിയും നൽകി. അത് ഒരിക്കലും മറക്കാനാവാത്ത ഒരു നിമിഷമാണ്.

എങ്ങനെയാണ് പുഴുവിലെത്തുന്നത്?

പുഴുവിൽ എന്നെ എത്തിക്കുന്നത് ഹർഷാദിക്കയാണ്. മൂന്ന്- നാല് വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് നഗരത്തിൽ തിരഞ്ഞെടുപ്പ് എന്ന നാടകം കണ്ട ശേഷം 'ഒറ്റയ്ക്ക് നാടകം ചെയ്തു ജീവിക്കുന്ന ഒരാളുടെ കഥ സിനിമയിൽ കഥാപാത്രമായി വരുമ്പോൾ അത് ശശിയേട്ടൻ അഭിനയിക്കും' എന്നൊരു പറച്ചിൽ പറഞ്ഞിരുന്നു. അത് ഞാൻ ഉള്ളിൽ കരുതി വെച്ചിരുന്നു. ഈ കഥാപാത്രം എനിക്കായി എഴുതിയതല്ല, എന്റെ കഥാപാത്രം അങ്ങനെയായി വന്നതാണ്. അദ്ദേഹം 'ഒരു സുഹൃത്ത് സിനിമ ചെയ്യുന്നു' എന്നും പറഞ്ഞ് വിളിച്ചു. ഫ്ലാറ്റിൽ ചെല്ലുമ്പോൾ അവിടെ റത്തീന മാഡമുണ്ട്. ആദ്യമൊക്കെ ഞാൻ അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചിരുന്നു. കൊറോണ പടർന്നു പിടിച്ചു നിൽക്കുന്ന സമയമാണ്, പേടിയാണ് എന്നൊക്കെ പറഞ്ഞു. ഇത്ര വലിയ ഒരു സിനിമയിലേക്ക് വിളിക്കുമ്പോൾ ഞാൻ ഫുൾ നെഗറ്റീവാണ് പറയുന്നത് എന്ന് ഓർക്കണം. എന്തായാലും ഞാൻ അങ്ങോട്ട് പോയി. ഇത് എന്റെ ഫ്രണ്ട് ആണ് എന്നും പറഞ്ഞാണ് റത്തീന മാഡത്തെ ഹർഷാദിക്ക പരിചയപ്പെടുത്തിയത്. എന്റെ ഫോട്ടോയൊക്കെ എടുത്തു. കുറച്ച് തമാശകളൊക്കെ പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. പിന്നീട് റത്തീന മാഡം എന്നെ വിളിച്ചു. 'ഞാൻ ആദ്യമായി ഒരു സിനിമ ചെയ്യാൻ പോകുന്നു. നിങ്ങളെ വിളിച്ച് വരുത്തിയിട്ട് ഒഴിവാക്കിയാൽ അത് വിഷമമാകും എന്ന് കരുതിയാണ് നേരത്തെ പറയാതിരുന്നത്' എന്ന് അവർ പറഞ്ഞു. സിനിമയിലെ കഥാപാത്രമായി ശശിയേട്ടൻ ഫിക്സ് ചെയ്തുവെന്ന് അവർ പറഞ്ഞു.

പുഴുവിന്റെ രാഷ്ട്രീയമാണോ സ്റ്റാര്‍ കാസ്റ്റ് ആണോ കൂടുതല്‍ ആകര്‍ഷിച്ചത്?

സിനിമയുടെ കഥയും കഥാപാത്ര രൂപീകരണവും തന്നെയാണ് എന്നെ ഇതിലേക്ക് അടുപ്പിച്ചത്. അത്ഭുത സിനിമയല്ലേ ഇത്. തിരക്കഥ വായിച്ചപ്പോൾ സിനിമ കണ്ട അതെ അനുഭവമാണ് എനിക്ക് ലഭിച്ചത്. ഭയങ്കരമായി പിരിമുറുക്കി കളഞ്ഞു. വളരെ റിലാക്സ് ആയി രണ്ടു കാലും വിറപ്പിച്ച് കോളറും പുറകോട്ട് വലിച്ച് ഇരുന്നു ചിത്രമോ കിലുക്കമോ പോലെ കാണാൻ സാധിക്കുന്ന സിനിമയല്ല ഇത്. രണ്ടു കയ്യും ഒന്ന് അമർത്തി പിടിച്ച് കാണേണ്ട സിനിമയാണിത്. തിരക്കഥ വായിച്ചപ്പോൾ എനിക്കുണ്ടായ ത്രില്ല് പറഞ്ഞ് ഫലിപ്പിക്കാൻ സാധിക്കില്ല. വീട്ടുകാർ ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടുപോലും പോകാതെ രാത്രി 12 വരെ ഇരുന്നു വായിച്ചു. അത് തന്നെയാണ് ഏറ്റവും വലുത്. അതുപോലെ മമ്മൂട്ടി- പാർവതി കൂട്ടുകെട്ട് എന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുമല്ലോ. പാർവതി എന്റെ ജോഡിയാണ്‌ എന്ന് എനിക്ക് അറിയില്ലായിരുന്നു. എങ്കിലും സന്തോഷം തോന്നി.

അപ്പുണ്ണി ശശിയും കുട്ടപ്പന്‍ ചേട്ടനും തമ്മില്‍ എത്ര അകലമുണ്ട്?

കുട്ടപ്പൻ എന്ന കഥാപാത്രവുമായി സാമ്യതകളും വ്യത്യാസങ്ങളുമുണ്ട്. കുട്ടപ്പൻ ഉയർന്ന യോഗ്യതയുള്ള വ്യക്തിയാണ്. എന്നാൽ അപ്പുണ്ണി ശശി അങ്ങനെയല്ല. ഇയാൾ അന്തർദേശീയ നിലവാരമുള്ള നാടകങ്ങൾ അവതരിപ്പിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്യുന്നുണ്ട്. അത്തരം വ്യത്യാസങ്ങൾ ഉണ്ടെങ്കിലും നമ്മളും നിറത്തിന്റെ പേരിലുള്ള വിവേചനങ്ങളൊക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പ്രത്യക്ഷത്തിൽ ഓർത്തുവെക്കാൻ സാധിക്കുന്ന അനുഭവങ്ങൾ കുറവാണെങ്കിലും അത്തരം അനുഭവങ്ങൾ ഉണ്ടാകും.

അംബേദ്കറേയും കെ കെ കൊച്ചിന്റെ ആത്മകഥയായ ദലിതനും വായിക്കുന്നുണ്ട് ചിത്രത്തില്‍. കുട്ടപ്പന്റെ ആശയങ്ങളോട് വ്യക്തിപരമായി യോജിപ്പുണ്ടോ?

നമുക്ക് ആ കഥാപാത്രം അത്രയേറെ ആസ്വദിച്ച് ചെയ്യാൻ സാധിച്ചത് തന്നെ അതുകൊണ്ടാണല്ലോ. ഇവിടെ ജാതീയതയും വർണ്ണ വിവേചനവുമൊക്കെയുണ്ട്. അത് മാഞ്ഞു പോയി, ജാതി സംസാരിക്കാൻ പാടില്ല എന്ന് പറയുന്നവർ പോലും കള്ളത്തരമാണ് പറയുന്നത് എന്ന് ഞാൻ പറയും. അത്തരം ആശയങ്ങൾ നമ്മൾ ഉൾക്കൊള്ളുന്നുണ്ട്. നമുക്ക് അത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. എനിക്ക് അധികം അത്തരം അനുഭവങ്ങൾ ഇല്ലാത്തതിന്റെ കാരണം, ഞാൻ ഒറ്റയ്ക്കാണ് നാടകം കളിച്ചത് എന്ന് കൊണ്ടാണ്. കൂട്ടമായി കളിച്ചിരുന്നത് എങ്കിൽ എനിക്ക് ഉണ്ടാകുമായിരുന്നു.

കുട്ടപ്പന്റെ ഡയലോഗുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?

'ഇതൊക്കെയല്ലേ നമുക്ക് മാറ്റാന്‍ പറ്റുവൊള്ളൂ' എന്നുള്ള ചോദ്യമുണ്ടല്ലോ അത് എനിക്ക് ഏറെ ഇഷ്ടമാണ്. ആ ഡയലോഗിന്റെ അവസാനം വലിയ ഒരു രാഷ്ട്രീയമാണ് പറയുന്നത്. അതോടൊപ്പം ഒരു കുട്ടി വരാന്‍ പോകുമ്പോള്‍ അയാള്‍ക്ക് ജീവിതത്തോട് ഉണ്ടാകുന്ന ഒരു അഭിനിവേശമുണ്ടല്ലോ, ഞാന്‍ സിഗരറ്റ് വലി നിര്‍ത്തുന്നു എന്ന് പറയുന്നതില്‍ തെളിയുന്നത്. ജാതീയതയും നിറവും ഒന്നും നമുക്ക് മാറ്റാന്‍ പറ്റില്ലല്ലോ എന്നും പറയുന്നു. അതാണ് ഇജ്ജാതി എന്ന് പറയുന്നത്. ഇമ്മാതിരി എന്ന് പറഞ്ഞാല്‍ അര്‍ത്ഥം മാറി. 'ജ' എന്ന അക്ഷരത്തിന് കൊടുക്കുന്ന ഒരു ഊന്നല്‍ ഉണ്ട്. ആ 'ജ'യിലുണ്ട് അതിന്റെ രാഷ്ട്രീയം. 'മനുഷ്യന്‍ പോയി റോബോട്ട് വന്നാലും' എന്ന് തുടങ്ങുന്ന ഒരു ഡയലോഗുണ്ട് അതൊരു അസാധ്യമായ ഡയലോഗാണ്. അതുപോലെ ഞാന്‍ ഏറെ ആസ്വദിച്ച് പറഞ്ഞ ഒന്നാണ് സുമതി ടീച്ചറിന്റെ കഥ. അതൊരു വലിയ പൊളിറ്റിക്‌സ് ആണ് പറയുന്നത്. നിറത്തിന്റെ അങ്ങേ തലമാണ് പറഞ്ഞത്. അത് ഞാന്‍ ഒരുപാട് ആസ്വദിച്ച് പറഞ്ഞ ഡയലോഗാണ്. ഹര്‍ഷാദ് എന്ന വ്യക്തി ആളൊരു തീപ്പൊരിയാണ്.

മമ്മൂക്ക പറയുന്നുണ്ടല്ലോ 'നമ്മുടെ സാധനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാം. അവരുടേത് നമുക്ക് ആവശ്യമില്ലല്ലോ', അത് നമുക്ക് ആവശ്യമില്ലല്ലോ. അത് ജാതീയതയുടെ പരകോടിയില്‍ നില്‍ക്കുന്ന ഡയലോഗാണ്. താഴ്ന്ന വ്യക്തിയെ അവിടെ ഉപേക്ഷിക്കുകയാണ്. എന്റെ പാത്രത്തില്‍ നിന്ന് അവന്‍ ഭക്ഷണം കഴിക്കുമായിരുന്നു എന്ന് പറയുന്ന ഒരു ഡയലോഗുണ്ട്. അതൊക്കെ ഹൈ പൊളിറ്റിക്‌സ് ആണ്. ഈ സിനിമയ്ക്ക് സ്വീകാര്യത ലഭിച്ചത് മമ്മൂക്ക ഉള്ളതുകൊണ്ടാണ്. അത് മമ്മൂക്കയുടെ ആനയെക്കാള്‍ വലിയ വാല്യൂ തന്നെയാണ്. പാര്‍വതിക്കുമുണ്ട് അത്രയും സ്വീകാര്യത. ഇവിടെ പല നടിമാരും സ്വീകാര്യത കുറഞ്ഞ നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ സമ്മതിക്കില്ലല്ലോ. അത് വെറും വിവരക്കേടായാണ് ഞാന്‍ കാണുന്നത്.

'മനുഷ്യന്‍ പോയി റോബോട്ട് വന്നാലും ഇതൊക്കെ അങ്ങനെ ഒന്നും മാറൂല്ലടോ' എന്നൊരു ഡയലോഗുണ്ട് പുഴുവില്‍. ജാതിവെറിയുടെ ഫാന്‍സി ഡ്രസ് സോഷ്യല്‍ മീഡിയയിലും കാണുന്നുണ്ട്. താങ്കളെങ്ങനെ പാര്‍വ്വതിയുടെ ജോഡിയായെന്ന അധിക്ഷേപ കമന്റുകള്‍ വരുന്നു?

അത്തരക്കാരെ വളരെ സഹതാപത്തോടെ മാത്രമേ നോക്കാന്‍ സാധിക്കുകയുള്ളു. അവരെ ചീത്ത പറയാനോ പഴി ചാരാനോ പറ്റില്ല. ഈ സിനിമ അത്തരക്കാരെ കുറിച്ചാണ് പറയുന്നത്. ഇവിടെ കുറ്റം ചെയ്യുന്നവര്‍ ഉണ്ടല്ലോ, ആ കുറ്റം നമ്മള്‍ ചൂണ്ടി കാണിച്ചാല്‍ അവര്‍ എന്താ പറയുക? ചൂണ്ടി കാണിച്ചവരെ ഭ്രാന്തന്മാര്‍ എന്ന് വിളിക്കും. നമ്മള്‍ എന്ത് ചെയ്യാനാ, സഹതാപത്തോടെ നോക്കാം എന്ന് മാത്രം. പിന്നെ ഒരു കാര്യം, എത്ര വലിയ അമൃത് കണ്ടാലും ചെറിയ ഒരു പുളിപ്പ് ഉണ്ടെന്ന് പറയുന്ന ഒരു തലമുറ നമുക്ക് മുന്നേയുണ്ട്. ഈ കഥയിലൂടെ എന്തെങ്കിലും ഒരു മാറ്റം വരട്ടെ.

ഇത്രയൊക്കെ ദ്രോഹം ചെയ്തിട്ടും അയാള്‍ വീട്ടില്‍ വരുമ്പോള്‍ എല്ലാം മറന്ന്, സന്തോഷത്തോടെ ഉള്‍ക്കൊള്ളുകയാണ്. മുന്‍കാല ചരിത്രമുണ്ടായിട്ടും അയാളുടെ നമ്പറില്‍ പെട്ടെന്ന് വീണു പോകുന്നു. ഇത് സമൂഹത്തിലും സംഭവിക്കുന്നുണ്ടോ?

അവര്‍ നിഷ്‌കളങ്കരാണല്ലോ. 'പാര്‍വതി നമ്മള്‍ അല്ലെ മാറേണ്ടത്' എന്ന് ചോദിക്കുന്നുണ്ടല്ലോ. അപ്പോഴാണ് അയാള്‍ തീരുമാനിക്കുന്നത് ഇത് കൊല്ലേണ്ട വര്‍ഗ്ഗമാണ് എന്ന്. ഏറ്റവും അധികം അയാളില്‍ അറപ്പ് ഉണ്ടാക്കുന്നത് ആ കുട്ടി ജനിക്കാന്‍ പോകുന്നു എന്നതാണ്. അത്തരം ആളുകള്‍ ഉണ്ടെന്ന് അടിവരായിട്ടാണ് സിനിമ അവസാനിക്കുന്നത്.

'പുഴു' ഒടിടി റിലീസ് ആണല്ലോ. ഇത്ര ശക്തമായ ഒരു ആശയം കൂടുതല്‍ പ്രേക്ഷകരിലേക്കെത്താന്‍ അത് കാരണമാകുമോ?

ഈ ചിത്രം ഒടിടി ആയത് വളരെ നന്നായി. കൂടുതല്‍ ജനങ്ങളിലേക്ക് എത്തുന്നു. ഇത് ലോകം മുഴുവന്‍ സംസാരിക്കേണ്ട വിഷയമാണ്. അമേരിക്കയില്‍ മുട്ടിനടിയിലിട്ട് ചതച്ച് അരച്ച് ഒരു കറുത്ത വര്‍ഗ്ഗക്കാരനെ കൊന്നില്ലേ. അത്ര ഭീകരമായ ഒരു പ്രശ്‌നം ഇവിടെ നടന്നിട്ടില്ല. വെളുത്ത, തടിച്ച ഒരു മനുഷ്യന്‍ കറുത്തവനെ മുട്ടുകൊണ്ട് അമര്‍ത്തി കൊല്ലുന്നു. ആ വൈരുദ്ധ്യം കണ്ടില്ലേ. അതാണ് ഈ സിനിമയും പറയുന്നത്.

നാടകജീവിതം മുന്‍പേ തന്നെ ഒരു രാഷ്ട്രീയ ജീവിയാക്കി പരുവപ്പെടുത്തിയിരുന്നോ?

ഞാന്‍ രചന നിര്‍വഹിച്ച നാടകമാണ് ചക്കരപ്പന്തല്‍. കേരള സമൂഹത്തില്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്കായി പോയാല്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളാണ് ആ കഥ പറയുന്നത്. നമ്മുടെ രാഷ്ട്രീയം പറയുവാന്‍, നെറികേടുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ വേറെ ഏത് മാധ്യമമാണ് ഉള്ളത്. സിനിമയേക്കാള്‍ ശക്തമാണ് നാടകം. സിനിമയ്ക്ക് വലിയ ഒരു ക്യാന്‍വാസ് ഉണ്ടെന്നത് ഒരു ഗുണമാണ്.

'പുഴു'വിലെ കുട്ടപ്പന്‍ സിനിമയില്‍ ശക്തമായ കഥാപാത്രങ്ങള്‍ക്ക് തുടക്കമാകും എന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

നമുക്ക് ഇനിയും സിനിമകള്‍ കിട്ടണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. 25 ദിവസം നീണ്ടു നില്‍ക്കുന്ന വേഷങ്ങള്‍ വേണമെന്നില്ല. അഞ്ച് ദിവസമെങ്കില്‍ അങ്ങനെ, കാമ്പുള്ള വേഷങ്ങള്‍ ലഭിക്കണം. എന്നാലും അവര്‍ രാഷ്ട്രീയക്കാരനായും പൊലീസുകാരനായുമൊക്കെ തന്നെ വിളിക്കും. എന്നിട്ട് അവിടെ പിടിച്ച് നിര്‍ത്തും. പിന്നെ മുന്നോട്ട് പോകാന്‍ പൈസയും ആവശ്യമാണ്.

Story Highlights; Interview with puzhu actor Appuunni Sasi

Next Story

Popular Stories